സന്ദീപ് നായര്‍, സ്വപ്നാ സുരേഷ് എന്നിവരുടെ മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ് എന്നിവ പരിശോധിക്കാനൊരുങ്ങി വിജിലന്‍സ്; ഡിജിറ്റല്‍ തെളിവുകള്‍ കൈമാറാൻ അനുവാദം നൽകി എന്‍ഐഎ കോടതി; ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ നിർണ്ണായക നീക്കം

ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ മറ്റൊരു ഞെട്ടിക്കുന്ന നീക്കമാണ് വിജിലന്‍സ് നടത്താനൊരുങ്ങുന്നത് . കേസ് അന്വേഷണത്തിന്റെ ഭാഗമായി സന്ദീപ് നായര്‍, സ്വപ്നാ സുരേഷ് എന്നിവരുടെ മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ് എന്നിവ പരിശോധിക്കാനൊരുങ്ങുകയാണ് വിജിലന്‍സ് . ഇതിനായി ഡിജിറ്റല്‍ തെളിവുകള്‍ കൈമാറണമെന്ന് വിജിലന്‍സ് എന്‍ഐഎ കോടതിയോട് ആവശ്യപ്പെട്ടിരുന്നു . ഇക്കാര്യം കോടതി അനുവദിച്ച സാഹചര്യത്തിലാണ് പരിശോധനക്കായി വിജിലന്‍സ് തയ്യാറെടുക്കുന്നത്.സി-ഡാക്കില്‍ നിന്നും വീണ്ടെടുത്ത തെളിവുകളാണ് പരിശോധനയ്‌ക്ക് വിധേയമാക്കുന്നത് . കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സിഇഒ യു വി ജോസിനെ വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. ഇതുവരെ ലഭിച്ച മൊഴികളില്‍ വ്യക്തത വരുത്താനാണ് യു വി ജോസിനെ വീണ്ടും ചോദ്യം ചെയ്തത്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് വിജിലന്‍സ് വടക്കാഞ്ചേരിയില്‍ നേരിട്ടെത്തി ശേഖരിച്ച ചില വിവരങ്ങള്‍ സംബന്ധിച്ചും യു വി ജോസിനോട് ചോദിച്ചറിഞ്ഞതായി റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നുണ്ട് .
ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ അഞ്ചാം പ്രതിയാക്കി വിജിലന്‍സ് കേസെടുത്തിരുന്നു . ശിവശങ്കര്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലുണ്ടായിരുന്നു . ശിവശങ്കറിനെ കൂടാതെ സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ് നായര്‍ എന്നിവരേയും പ്രതിചേര്‍ത്തിരുന്നു . ഇവരെ പ്രതിചേര്‍ത്തുകൊണ്ടുള്ള റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha