വേഗറെയില്‍ പാത: പദ്ധതി രൂപരേഖയില്‍ ഭൂമി ഏറ്റെടുക്കാനുള്ള ചെലവ് കുറച്ചു കാണിച്ചുവെന്നും ഭൂമി ഏറ്റെടുക്കല്‍ ചെലവ് 9000 കോടി വര്‍ധിക്കുമെന്നും നിതി ആയോഗ്

സംസ്ഥാന സര്‍ക്കാരിന്റെ വേഗറെയില്‍ പാതയുടെ പദ്ധതി രൂപരേഖയില്‍ ഭൂമി ഏറ്റെടുക്കാനുള്ള ചെലവ് കുറച്ചു കാണിച്ചുവെന്ന് പദ്ധതിയുടെ പ്രായോഗികത സംബന്ധിച്ച സംശയങ്ങളുന്നയിച്ചു നിതി ആയോഗ് കേരളത്തിനു നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. പാത കടന്നുപോകുന്ന 50 വില്ലേജുകളിലെ ഭൂമിവില പരിശോധിച്ചശേഷം ഭൂമി ഏറ്റെടുക്കാനുള്ള ചെലവ് പദ്ധതി രൂപരേഖയിലുള്ളതിനേക്കാള്‍ 9000 കോടി വര്‍ധിക്കുമെന്നു നിതി ആയോഗ് വിലയിരുത്തി.
വേഗറെയില്‍ പാതയ്ക്കായി ഏറ്റെടുക്കേണ്ട ആകെ 1383 ഹെക്ടര്‍ ഭൂമിയില്‍ 1198 ഹെക്ടര്‍ സ്വകാര്യഭൂമിയും ബാക്കി സര്‍ക്കാരിന്റെ കൈവശമുള്ള ഭൂമിയുമാണ്. ഇത്രയും ഭൂമി ഏറ്റെടുക്കാന്‍ ഡിപിആര്‍ പ്രകാരം ആകെ ചെലവ്് കണക്കാക്കിയിരിക്കുന്നത്് 13,000 കോടി രൂപയാണ്. പദ്ധതിയുടെ ആകെ ചെലവായ 64,000 കോടിയുടെ ഏതാണ്ട് 20%. സ്ഥലമേറ്റെടുക്കാന്‍ 6100 കോടിയും പൊളിച്ചുമാറ്റേണ്ടിവരുന്ന 9000 വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നഷ്ടപരിഹാരമായി 4460 കോടിയും പുനരധിവാസത്തിനുള്ള 1730 കോടി കൂടി ചേര്‍ത്താണ് ആകെ ചെലവ് കണക്കാക്കിയത്.
വിപണിവിലയുടെ 2 മുതല്‍ 4 ഇരട്ടിവരെ ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരം നല്‍കുമെന്നായിരുന്നു കെആര്‍ഡിസിഎല്ലിന്റെ വാഗ്ദാനം. വീട്, കെട്ടിടങ്ങള്‍, വൃക്ഷങ്ങള്‍ എന്നിവയുടെ വില കണക്കാക്കി അതിന്റെ ഇരട്ടിത്തുക നല്‍കും. 2013-ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം നടപടികള്‍ പൂര്‍ത്തിയാക്കാനായിരുന്നു തീരുമാനം.
12 കോടി രൂപ ചെലവില്‍ ഡിപിആര്‍ തയാറാക്കിയത് ഫ്രഞ്ച് കമ്പനിയായ സിസ്ട്രയാണ്. എന്നാല്‍, കേരളത്തിലെ ദേശീയപാതയ്ക്ക് ഭൂമിയേറ്റെടുക്കുന്നതിന്റെ ചെലവിനെക്കുറിച്ചു ബോധ്യമുള്ള നിതി ആയോഗ് പാത കടന്നുപോകുന്ന മേഖലകളിലെ വില പരിശോധിച്ചാണു ചെലവ് 22000 കോടിയാകുമെന്നു കണക്കാക്കിയത്.
നിതി ആയോഗിന്റെ റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ ഭൂമിയേറ്റെടുപ്പിനുള്ള നടപടികളുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാരിനു ബുദ്ധിമുട്ടാകും. പാതയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം ലഭിക്കാന്‍ കാലതാമസമുണ്ടാകും എന്നതിനാല്‍ അതിനു മുന്‍പു തന്നെ ഭൂമിയേറ്റെടുക്കല്‍ തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
https://www.facebook.com/Malayalivartha