കിഫ്ബിക്ക് മസാല ബോണ്ട് ഇറക്കാന്‍ വിദേശനാണയ നിയന്ത്രണ നിയമം അനുസരിച്ചുള്ള അനുമതി നല്‍കിയിട്ടുണ്ടെന്ന് റിസര്‍വ് ബാങ്ക്

വിദേശനാണയ നിയന്ത്രണ നിയമം (ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട്- ഫെമ) അനുസരിച്ചുള്ള അനുമതി കിഫ്ബിക്ക് മസാല ബോണ്ട് ഇറക്കാന്‍ നല്‍കിയിട്ടുണ്ടെന്ന് റിസര്‍വ് ബാങ്ക് വൃത്തങ്ങള്‍ വ്യക്തമാക്കി. വിദേശത്തുനിന്നു സംസ്ഥാനം പണം സമാഹരിക്കുന്നതു ഭരണഘടനാപരമാണോ അല്ലയോ എന്നതു തങ്ങളുടെ പരിശോധനാ പരിധിയില്‍ വരുന്ന വിഷയമല്ലെന്നാണു റിസര്‍വ് ബാങ്ക് നിലപാട്.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചിയിലെ ഡപ്യൂട്ടി ഡയറക്ടര്‍ മസാല ബോണ്ടിനെക്കുറിച്ചു വിവരങ്ങള്‍ ചോദിച്ച് കഴിഞ്ഞ 19-ന്് റിസര്‍വ് ബാങ്കിനു കത്തെഴുതിയിരുന്നു. വായ്പ റജിസ്‌ട്രേഷന് കിഫ്ബി നല്‍കിയ വിവരങ്ങള്‍, അനുമതിക്ക് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ച വ്യവസ്ഥകള്‍, കിഫ്ബിക്കു ലഭിച്ച വായ്പയുടെ വിശദാംശങ്ങള്‍ എന്നിവയാണ് ഇഡി ആവശ്യപ്പെട്ടത്. വിദേശ വായ്പ ഇടപാടിനെക്കുറിച്ച് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണിതെന്നാണ് കത്തില്‍ ഇഡി വ്യക്തമാക്കിയത്.
റിസര്‍വ് ബാങ്ക് 2018 ജൂണ്‍ 1-നാണ്് അനുമതി നല്‍കിയത്. 'ബോഡി കോര്‍പറേറ്റു'കള്‍ക്ക് വിദേശത്തുനിന്നു വായ്പയെടുക്കാന്‍ അപ്പോഴത്തെ വ്യവസ്ഥകളനുസരിച്ച് അനുവാദമുണ്ടായിരുന്നു. റിസര്‍വ് ബാങ്കാണ് ഫെമ പ്രകാരമുള്ള അനുമതി നല്‍കേണ്ടത്. 'ബോഡി കോര്‍പറേറ്റ്' ആയ കിഫ്ബിക്കു നിയമപ്രകാരം അനുമതി നല്‍കി. കേന്ദ്ര സര്‍ക്കാരില്‍നിന്നുള്‍പ്പെടെ മറ്റെന്തെങ്കിലും അനുമതി ആവശ്യമെങ്കില്‍ അതു വാങ്ങേണ്ട ബാധ്യത കിഫ്ബിക്കും എല്ലാ അനുമതിയുമുണ്ടെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം വായ്പ കൈകാര്യം ചെയ്യുന്ന ബാങ്കിനുമാണ്. തങ്ങള്‍ നല്‍കുന്ന അനുമതി, സ്ഥാപനത്തിനു വായ്പയെടുക്കാനുള്ള ശേഷിയുണ്ടെന്നതിനുള്ള സാക്ഷ്യപത്രമല്ല. അനുമതിരേഖയില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നു റിസര്‍വ് ബാങ്ക് വൃത്തങ്ങള്‍ പറഞ്ഞു.
വിദേശത്തുനിന്നു നേരിട്ടു മൂലധന നിക്ഷേപം വാങ്ങാന്‍ അനുമതിയുള്ള സ്ഥാപനങ്ങള്‍ക്കു മാത്രം വിദേശത്തുനിന്നു വായ്പയെടുക്കാമെന്ന് റിസര്‍വ് ബാങ്ക് കഴിഞ്ഞ വര്‍ഷം വ്യവസ്ഥകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. കിഫ്ബിക്കു വിദേശത്തുനിന്നു ലഭിച്ച പണത്തെ ബജറ്റിനു പുറത്തുള്ളതായി കണക്കാക്കുമോ സംസ്ഥാനത്തിന് അനുവദിച്ചിട്ടുള്ള വായ്പ പരിധിയില്‍ കിഫ്ബിയുടെ വിദേശ വായ്പ ഉള്‍പ്പെടുമോ പണത്തിന്റെ തിരിച്ചടവു വ്യവസ്ഥകള്‍ എന്തൊക്കെ, ഭരണഘടനാ വ്യസ്ഥകള്‍ ബാധകമോ തുടങ്ങിയവ പരിശോധിക്കാന്‍ തങ്ങള്‍ക്ക് അധികാരവും ഉത്തരവാദിത്തവുമില്ല- റിസര്‍വ് ബാങ്ക് വൃത്തങ്ങള്‍ പറഞ്ഞു.
കേരളത്തില്‍നിന്നുണ്ടായ ഒരു പരാതിയുടെ അടിസ്ഥാനത്തില്‍ ഏതാനും മാസം മുന്‍പ് കിഫ്ബിയെക്കുറിച്ചു കേന്ദ്ര ധനമന്ത്രാലയം റിസര്‍വ് ബാങ്കിനോടു ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിനു നല്‍കിയ മറുപടിയില്‍ ഫെമ പ്രകാരം നല്‍കിയ അനുമതിയെക്കുറിച്ചു റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ടെന്ന് ധനമന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. വായ്പ റജിസ്‌ട്രേഷനു റിസര്‍വ് ബാങ്കിന്റെ സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിനു കിഫ്ബി നല്‍കിയ അപേക്ഷയിലെ വിവരങ്ങള്‍, വായ്പ കൈകാര്യം ചെയ്യുന്ന ബാങ്കിനെ സംബന്ധിച്ച കാര്യങ്ങള്‍ തുടങ്ങിയവയും ധനമന്ത്രാലയത്തിനു ലഭിച്ചിരുന്നു.
https://www.facebook.com/Malayalivartha