വിള്ളല്‍ കൂടുമോ... അടൂര്‍ പ്രകാശുമായി ബിജു രമേശിന് ഇത്രയും അടുത്ത ബന്ധം ഉണ്ടായിട്ടും ചെന്നിത്തലയുടെ രാഷ്ട്രീയ ജീവിതത്തില്‍ നിരവധി പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ആരോപണം ഉന്നയിച്ചതെന്തിന്?

അടൂര്‍ പ്രകാശ് എംപി യും രമേശ് ചെന്നിത്തലയും തമ്മിലുള്ള സൗഹൃദത്തില്‍ വിള്ളല്‍. ബിജു രമേശാണ് ഇതിന് കാരണക്കാരനായത്. ബിജു രമേശിന്റെ മകളെയാണ് അടൂര്‍ പ്രകാശിന്റെ മകന്‍ വിവാഹം കഴിച്ചിരിക്കുന്നത്. പ്രകാശുമായി ഇത്രയും അടുത്ത ബന്ധം ഉണ്ടായിട്ടും തന്റെ രാഷ്ട്രീയ ജീവിതത്തില്‍ നിരവധി പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ആരോപണം ബിജുരമേശ് ഉന്നയിച്ചതാണ് ചെന്നിത്തലയും പ്രകാശും തമ്മില്‍ തെറ്റാന്‍ ഇടയാക്കിയത്.
ഉമ്മന്‍ ചാണ്ടിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ് അടൂര്‍ പ്രകാശ്. അതേ സമയം അദ്ദേഹം ഐ ഗ്രൂപ്പുകാരനുമാണ്. ഐ ഗ്രൂപ്പ് നോമിനിയായാണ് അദ്ദേഹം ആറ്റിങ്ങലില്‍ നിന്നും പാര്‍ലെമെന്റിലേക്ക് മത്സരിച്ചത്. എന്നാല്‍ അടുത്തൊന്നും കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തില്ലെന്ന് മനസിലാക്കിയ പ്രകാശിന് കോന്നി നിയമസഭാ സീറ്റില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ട്. കെ. മുരളീധരനും ഇതേ ആഗ്രഹക്കാരനാണ്. മുരളി ഇക്കാര്യം തുറന്നു പറഞ്ഞപ്പോള്‍ തന്നെ മുല്ലപ്പള്ളി ചന്ദ്രഹാസമിളക്കി. അതോടെ പെട്ടെന്നുണ്ടായ പൂതി മനസിന്റെ ലോക്കറില്‍ സൂക്ഷിക്കാന്‍ പ്രകാശ് തീരുമാനിച്ചു. പാര്‍ലെമെന്റംഗങ്ങള്‍ നിയമസഭയിലേക്ക് മത്സരിക്കേണ്ടെന്ന മുല്ലപ്പള്ളിയുടെ വാദത്തെ ചെന്നിത്തല എതിര്‍ക്കാത്തതില്‍ പ്രകാശിന് പരിഭവമുണ്ട്.
അടൂര്‍ പ്രകാശ് അറിയാതെ തന്റെ പേരില്‍ ഇത്രയും പ്രമാദമായ ഒരു ആരോപണം ബിജുരമേശ് ഉന്നയിക്കുമെന്ന് ചെന്നിത്തല വിശ്വസിക്കുന്നില്ല. ബിജു രമേശിനെ സംബന്ധിച്ചടത്തോളം കണ്‍കണ്ട ദൈവമാണ് അടൂര്‍ പ്രകാശ്. ബിജുവും എസ്എന്‍ഡിപി യോഗവും തമ്മിലുള്ള ബന്ധത്തിന്റെ പാലവും അടൂര്‍ പ്രകാശാണ്.
തതിക്കെതിരെ ബിജുരമേശ് ആരോപണം ഉന്നയിച്ചത് ചെന്നിത്തല സഹിച്ചു. എന്നാല്‍ തന്റെ ഭാര്യക്കെതിരെ ബിജു ആരോപണം ഉന്നയിച്ചതിലാണ് ചെന്നിത്തലക്ക് സങ്കടം. അത്രയും കടന്നു കയറി തന്നെ ബിജുരമേശ് അധിക്ഷേപിക്കാന്‍ തയ്യാറാകുമ്പോള്‍ ബിജുവും പ്രകാശും തമ്മില്‍ ബന്ധമില്ലെന്ന് പറയാന്‍ ചെന്നിത്തല ഒരു തിരുമണ്ടനല്ല. ബിജു രമേശിന്റെ ആരോപണം വന്നപ്പോള്‍ തന്നെ ചെന്നിത്തലക്ക് പ്രകാശിനോട് സംശയം തോന്നിയിരുന്നു. അത് അദ്ദേഹം തന്റെ അടുത്ത സുഹ്യത്തുകളുമായി പങ്കു വച്ചു എന്നാണ് സൂചന.
ചെന്നിത്തലക്ക് പ്രകാശിനെ കണ്ണെടുത്താല്‍ കണ്ടു കൂടാ എന്നതാണ് അവസ്ഥ. ഉമ്മന്‍ ചാണ്ടിയുമായി ചേര്‍ന്ന് തന്റെ മുഖ്യമന്ത്രി കസേര തെറിപ്പിക്കുകയാണോ പ്രകാശിന്റെ ലക്ഷ്യമെന്നും ചെന്നിത്തല സംശയിക്കുന്നു. എന്നാല്‍ തന്റെ മനസിലെ വികാരങ്ങള്‍ അതേപടി പങ്കുവയ്ക്കുന്ന ഒരാളല്ല ചെന്നിത്തല. അതു കൊണ്ടു തന്നെ പ്രകാശിന് ചെന്നിത്തലയുടെ മനസ് വായിക്കാന്‍ കഴിയുന്നില്ല.
മുഖ്യമന്ത്രിയായാല്‍ ആദ്യം ജയിലിലടയ്ക്കുക ബിജു രമേശിനെയായിരിക്കുമെന്ന് ചെന്നിത്തല ഫാന്‍സ് അസോസിയേഷന്‍ പറഞ്ഞു നടക്കുന്നുണ്ട്. ചെന്നിത്തലയെ ബിജു ജയിലിലടയ്ക്കുമോ അതോ ചെന്നിത്തലയെ ബിജു ജയിലിലടയ്ക്കുമോ എന്നാണ് കണ്ടറിയേണ്ടത്.
എന്നാല്‍ ചെന്നിത്തലക്കെതിരെ വിജിലന്‍സ് അന്വേഷണത്തിനുള്ള സര്‍ക്കാര്‍ നീക്കം കൂടുതല്‍ നിയമക്കുരുക്കിലേക്ക് നീങ്ങുകയാണ്. ചെന്നിത്തലക്കെതിരെ അന്വേഷണം നടത്താന്‍ ഗവര്‍ണറുടെ അനുമതി വേണ്ടെന്നാണ് സര്‍ക്കാരിന് ലഭിച്ചിരിക്കുന്ന ഉപദേശം. കോഴ ആരോപണം ഉയര്‍ന്ന സമയത്ത് ചെന്നിത്തല മന്ത്രിയായിരുന്നില്ല എന്നതാണ് സര്‍ക്കാര്‍ കണ്ടെത്തിയിരിക്കുന്ന ന്യായം.
എന്നാല്‍ ചെന്നിത്തല ഹൈക്കോടതിയില്‍ പോയാല്‍ നിഷ്പ്രയാസം തള്ളി പോകുന്നതാണ് അദ്ദേഹത്തിന്റെ പേരിലുള്ള ആരോപണം. ബാര്‍ ഉടമകള്‍ പിരിച്ചു നല്‍കിയ പണം താന്‍ ചെന്നിത്തലക്ക് കൈമാറി എന്നാണ് ബിജുവിന്റെ വാദം. എന്നാല്‍ തങ്ങള്‍ ആര്‍ക്കും പണം പിരിച്ച് നല്‍കിയിട്ടില്ലെന്നാണ് ബാര്‍ ഉടമകള്‍ പറയുന്നത്. പ്രകാശിനെ കുപ്പിയിലാക്കുന്നതിനെക്കാള്‍ നല്ലത് ബാര്‍ ഉടമകളെ കുപ്പിയിലിറക്കുന്നതാണെന്ന് ചെന്നിത്തല കരുതുന്നു. അദ്ദേഹം നിരവധി ബാര്‍ ഉടമകളെ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്. ബാര്‍ ഉടമകളില്‍ പലരും ചെന്നിത്തലയുടെ സുഹൃത്തുക്കളാണ്. പ്രകാശ് തന്നെ വഞ്ചിച്ചാലും ബാര്‍ ഉടമകള്‍ വഞ്ചിക്കില്ലെന്ന് ചെന്നിത്തല കരുതുന്നു.
ചെന്നിത്തല കെ.പി.സി.സി. പ്രസിഡന്റ് ആയിരിക്കുമ്പോഴാണ് ബിജു പണം കൈമാറിയത് . അതായത് അദ്ദേഹം പണം വാങ്ങിയെങ്കില്‍ അത് വാങ്ങുന്ന സമയത്ത് പൊതു അധികാരിയല്ല. സര്‍ക്കാര്‍ ശമ്പളം കൈപറ്റുന്നയാളായിരുന്നില്ല അന്ന് ചെന്നിത്തല. സര്‍ക്കാര്‍ ശമ്പളം കൈപ്പറ്റുന്നവരെ കുറിച്ച് മാത്രം അന്വേഷിക്കാനാണ് വിജിലന്‍സിന്റെ ചുമതല. പണം നല്‍കി എന്ന് പറയുന്നവര്‍ പണം നല്‍കിയില്ലെന്ന് പറഞ്ഞാല്‍ ചെന്നിത്തലക്കെതിരായ കേസ് ശൂ ആയി തീരും.
ചെന്നിത്തലയും പി.സി. ജോര്‍ജും ബിജുരമേശും ചേര്‍ന്നാണ് കെ. എം. മാണിയെ കേസില്‍ കുരുക്കിയതെന്നാണ് കേരള കോണ്‍ഗ്രസുകാര്‍ പറയുന്നത്. മുണ്ടക്കയം റസ്റ്റ് ഹൗസില്‍ നാലു പേരും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് കെ. എം. മാണി ആരോപണ വിധേയനായത്. ചെന്നിത്തലക്ക് കെ.എം. മാണിയോട് വ്യക്തിപരമായ വിരോധം ഉണ്ടായിരുന്നില്ല. എന്നാല്‍ ഉമ്മന്‍ ചാണ്ടിയും കെ.എം മാണിയും തമ്മിലുള്ള സൗഹൃദം പൊളിക്കാന്‍ ചെന്നിത്തലക്ക് താത്പര്യമുണ്ടായിരുന്നു. അങ്ങനെയാണ് നാലു പേരും ചേര്‍ന്ന് കെ.എം. മാണിക്കെതിരെ കരുക്കള്‍ നീക്കിയത്. ജോസ് കെ മാണിയെ യു ഡി എഫില്‍ നിന്നും പുറത്താത്തിയതും ചെന്നിത്തലയാണ്. തന്റെ ഗ്രൂപ്പുകാരനായ ബെന്നി ബഹനാനെ ഉപയോഗിച്ചായിരുന്നു നീക്കങ്ങള്‍.
അങ്ങനെ രാഷ്ട്രീയ ആരോപണം ഒരു കുടുംബത്തിലേക്ക് വഴക്കിന്റെ രൂപത്തില്‍ കടന്നുചെന്നിരിക്കുകയാണ്. പ്രകാശും ബിജുവും ഇനി എന്തു ചെയ്യുമെന്ന് അറിയാനാണ് കേരളം കാത്തിരിക്കുന്നത്.
"
https://www.facebook.com/Malayalivartha