പരാതിക്കാരനോട് കയര്‍ത്ത നെയ്യാര്‍ഡാം എ.എസ്.ഐക്ക് സസ്പെന്‍ഷന്‍

പൊലീസ് സ്റ്റേഷനിലെത്തിയ പരാതിക്കാരനോടും മകളോടും മോശമായി പെരുമാറിയ നെയ്യാര്‍ ഡാം എ.എസ്.ഐ: ഗോപകുമാറിനെതിരേ കര്‍ശന വകുപ്പുതല അച്ചടക്ക നടപടിയെടുക്കാന്‍, സംഭവത്തെക്കുറിച്ച് അന്വേഷിച്ച ദക്ഷിണ മേഖലാ ഡി.ഐ.ജി: കെ.സഞ്ജയ് കുമാര്‍ ഡി.ജി.പിക്ക് നല്‍കിയ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഗോപകുമാറിനെ സസ്പെന്‍ഡ് ചെയ്തു.
ഇന്നലെ ഉച്ചയോടെ പൊലീസ് ക്യാമ്പിലേയ്ക്ക് സ്ഥലം മാറ്റിയശേഷമാണ് സസ്പെന്‍ഡു ചെയ്യാന്‍ തീരുമാനിച്ചത്. പോലീസുദ്യോഗസ്ഥനു ചേരാത്ത രീതിയിലുള്ള പെരുമാറ്റദൂഷ്യം, അച്ചടക്കരാഹിത്യം എന്നിവയുടെ പേരില്‍ അന്വേഷണത്തിനും ഡി.ഐ.ജി റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പോലീസ് സ്റ്റേഷനിലെത്തിയ ഗൃഹനാഥന്‍ പ്രകോപനപരമായി സംസാരിച്ചതിനെത്തുടര്‍ന്നാണ് എ.എസ്.ഐ. ഇടപെട്ടതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മൂത്ത മകളെ കാണാതായെന്നുള്ള പരാതിയുമായാണ് പരാതിക്കാരന്‍ സ്റ്റേഷനിലെത്തിയത്. മകളെ കാണാതായ പിതാവിന്റെ വികാരം മനസിലാക്കാതെ അയാളോട് അപമര്യാദയോടെ ഉച്ചത്തില്‍ കയര്‍ത്ത് സംസാരിച്ചത് അക്ഷന്തവ്യമായ കുറ്റമാണ്.
എ.എസ്.ഐ: ഗോപകുമാറിന് നിര്‍ദിഷ്ട പരാതിയിലെ അന്വേഷണവുമായി ഒരു ബന്ധവുമില്ല. സബ് ഇന്‍സ്പെക്ടറാണ് പരാതി അന്വേഷിക്കുന്നത്. ആ സമയത്ത് സ്റ്റേഷനിലെത്തിയ എ.എസ്.ഐ. കേസില്‍ ഇടപെട്ട് ബഹളമുണ്ടാക്കിയത് തെറ്റാണ്. വേറൊരു പരാതിയില്‍ അന്വേഷണത്തിനുപോയ എ.എസ്.ഐ. മഫ്തി വേഷത്തിലാണ് സ്റ്റേഷനില്‍ വന്നത്. യൂണിഫോമിലല്ലാതെ സ്റ്റേഷനില്‍ എ.എസ്.ഐ. എത്തിയതും തെറ്റാണ്. മഫ്തിയില്‍ പോയി അന്വേഷിക്കേണ്ട പരാതിയല്ല എ.എസ്.ഐക്കുണ്ടായിരുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
https://www.facebook.com/Malayalivartha