ആലേങ്ങാട് പെട്രോള്‍ പമ്പില്‍ ജീവനക്കാരനെ ബന്ദിയാക്കി കവര്‍ച്ചാശ്രമം

വെള്ളിയാഴ്ച രാത്രി പത്തരയോടെ ആലേങ്ങാട് പെട്രോള്‍ പമ്പില്‍ ജീവനക്കാരനെ ബന്ദിയാക്കി കവര്‍ച്ചാശ്രമം. ചാലക്കുടി സ്വദേശിയായ ജെയ്സന്റെ ഉടമസ്ഥതയിലുള്ള അയ്യഞ്ചിറ ഫ്യൂവല്‍സിലാണ് കവര്‍ച്ചാശ്രമം നടന്നത്.
പമ്പ് ജീവനക്കാരനായ മുട്ടിത്തടി സ്വദേശി രാജു പമ്പിന്റെ ഓഫീസില്‍ തന്നെയാണ് താമസിക്കുന്നത്. സംഭവദിവസം പമ്പ് അടച്ചശേഷം രാത്രി എട്ടിനാണ് രാജു ഉറങ്ങാന്‍ കിടന്നത്. ഓഫീസ് മുറിയുടെ രണ്ട് പാളികളുള്ള ജനലിന്റെ ഒരു ഭാഗത്തെ ചില്ല് തകര്‍ക്കുന്ന ശബ്ദം കേട്ടാണ് രാജു ഉണര്‍ന്നത്. ജനറേറ്ററിന്റെ ലിവര്‍ ഉപയോഗിച്ചാണ് ചില്ല് തകര്‍ത്തത്.
കവര്‍ച്ചക്കെത്തിയയാള്‍ അകത്ത് കടന്ന് രാജുവിന്റെ കഴുത്തില്‍ മുറുകെ പിടിച്ച് ബന്ദിയാക്കിയ ശേഷം പണം ആവശ്യപ്പെടുകയായിരുന്നു. ശബ്ദിച്ചാല്‍ കൊല്ലുമെന്ന് ഭീക്ഷണിപ്പെടുത്തിയായിരുന്നു കവര്‍ച്ചാശ്രമം. ജീവനക്കാരന്റെ കൈയിലുണ്ടായിരുന്ന 2000 രൂപ ഇയാള്‍ തട്ടിയെടുത്തു. അരമണിക്കൂറോളം ജീവനക്കാരനെ തടഞ്ഞുവച്ചു. ഇതിനിടെ അലമാരയുടെ താക്കോല്‍ നല്‍കാനും പണം എവിടെയാണ് സൂക്ഷിച്ച് വച്ചിരിക്കുന്നതെന്ന് കാണിച്ച് കൊടുക്കാനും പറഞ്ഞ് പലതവണ ജീവനക്കാരനെ ഭീഷണിപ്പെടുത്തി.
താക്കോല്‍ തന്റെ കൈവശം ഇല്ലെന്നും പണം ഉടമ കൊണ്ടുപോയെന്നും പറഞ്ഞെങ്കിലും കവര്‍ച്ചക്കെത്തിയ ആള്‍ അലമാരകള്‍ തുറക്കാന്‍ ശ്രമിച്ചു. ജീവനക്കാരന്‍ താമസിച്ചിരുന്ന മുറിയിലെ അലമാരയില്‍ അന്നത്തെ കളക്ഷനായ രണ്ട് ലക്ഷം രൂപ ഉണ്ടായിരുന്നു. ജീവനക്കാരന്‍ തന്ത്രത്തില്‍ കവര്‍ച്ചക്കാരനെ അടുത്ത മുറിയിലേക്ക് കൊണ്ടുപോയി. അവിടെയുള്ള മേശയും അലമാരയും തുറക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
അഞ്ചരയടി ഉയരവും മെലിഞ്ഞ ശരീരമുള്ളയാളാണ് കവര്‍ച്ചക്കെത്തിയതെന്ന് രാജു പറഞ്ഞു. മുഖം തുണികൊണ്ടു മറച്ച ഇയാള്‍ കൈയുറയും തോളില്‍ ബാഗും ധരിച്ചിരുന്നു. ഓഫീസിനുള്ളില്‍നിന്ന് കവര്‍ച്ചക്കാരന്റെ കണ്ണുവെട്ടിച്ച് ഓടിരക്ഷപ്പെട്ട ജീവനക്കാരന്‍ നാട്ടുകാരെ വിവരമറിയിച്ച് തിരിച്ചെത്തുമ്പോഴേക്കും കവര്‍ച്ചക്കാരന്‍ രക്ഷപ്പെട്ടിരുന്നു. ജനല്‍ തകര്‍ക്കാന്‍ ഉപയോഗിച്ച ആയുധവും കൊണ്ടാണ് കവര്‍ച്ചക്കെത്തിയ ആള്‍ രക്ഷപ്പെട്ടത്.
കവര്‍ച്ചക്കാരന്റെ ദൃശ്യങ്ങള്‍ പമ്പിലെ നാല് നിരീക്ഷണ ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. പുതുക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. നിരീക്ഷണ ക്യാമറയിലെ ദൃശ്യങ്ങള്‍ പുറത്തെടുക്കാനുള്ള ശ്രമം പോലീസ് ആരംഭിച്ചു.
https://www.facebook.com/Malayalivartha