എന്തായാലും കലക്കന്‍... ഉന്നതര്‍ക്കെതിരെ മൊഴി നല്‍കാതിരിക്കാന്‍ ഭീഷണിപ്പെടുത്തിയെന്ന സ്വപ്‌ന സുരേഷിന്റെ ആരോപണം ഉണ്ടായി 24 മണിക്കൂറിനകം അന്വേഷണം നടത്തി ജയില്‍ വകുപ്പ്; ജയില്‍ ഡിഐജിയുടെ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ഋഷിരാജ് സിംഗിന് സമര്‍പ്പിക്കും; സ്വപ്നയുടെ ആരോപണം തെളിയിക്കുന്ന തെളിവുകളൊന്നും കിട്ടിയില്ല

അതാണ് ഋഷിരാജ് സിംഗ്. തന്റെ വകുപ്പിനെതിരെ ഒരു ആരോപണം വന്നപ്പോള്‍ വിത്തിന്‍ 24 അവേഴ്‌സിനുള്ളില്‍ അത് അന്വേഷിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുകയാണ്. കഴിഞ്ഞ തവണ സ്വപ്നയുടെ ഓഡിയോ പുറത്തായപ്പോഴും 24 മണിക്കൂറിനുള്ളില്‍ അന്വേഷണം നടത്തി ക്ലിയര്‍ ചെയ്തു. എന്നാല്‍ പോലീസാണ് അത് വച്ച് താമസിപ്പിച്ച് ക്രൈംബ്രാഞ്ചിന് കൈമാറിയത്. അതിപ്പോഴും ഫയലില്‍ മാത്രമാണുള്ളത്.
സ്വപ്നയുടെ പുതിയ ആരോപണം വന്നപ്പോഴും ഞൊടിയിടയില്‍ അന്വേഷണം നടത്താന്‍ ഋഷിരാജ് സിംഗ് നിര്‍ദേശം നല്‍കി. ഉന്നതര്‍ക്കെതിരെ മൊഴി നല്‍കാതിരിക്കാന്‍ ഭീഷണിപ്പെടുത്തിയെന്ന സ്വപ്‌ന സുരേഷിന്റെ ആരോപണം അന്വേഷിച്ച ജയില്‍ ഡിഐജി ഇന്ന് റിപ്പോര്‍ട്ട് കൈമാറും. ജയില്‍ മേധാവി ഋഷിരാജ് സിംഗിനാണ് റിപ്പോര്‍ട്ട് നല്‍കുന്നത്. അതേസമയം സ്വപ്ന പറയുന്നതൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സ്വപ്‌നയുടെ ആരോപണങ്ങള്‍ തളളുന്നതാണ് റിപ്പോര്‍ട്ടെന്നാണ് സൂചന. സ്വര്‍ണക്കടത്ത് കേസില്‍ ഉന്നതര്‍ക്കെതിരെ രഹസ്യമൊഴി നല്‍കിയതിനാല്‍ തന്റെ ജീവന് ഭീഷണിയുണ്ടെന്നാണ് സ്വപ്‌ന സുരേഷ് കോടതിയെ അറിയിച്ചത്.
സ്വപ്‌നയുടെ ആരോപണങ്ങള്‍ തെളിയിക്കുന്ന തെളിവുകളൊന്നും ഇതുവരെ ജയില്‍ വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടില്ലെന്നാണ് ജയില്‍ വൃത്തങ്ങളില്‍ നിന്നും അറിയുന്നത്. ഒക്ടോബര്‍ 14ന് സ്വപ്‌നയെ ജയിലില്‍ എത്തിച്ചത് മുതലുളള സിസിടിവി ദൃശ്യങ്ങള്‍ ജയില്‍ ഡി ഐ ജി അജയ് കുമാര്‍ പരിശോധിച്ചു. സന്ദര്‍ശക രജിസ്റ്ററും അദ്ദേഹം പരിശോധിച്ചു.
കേന്ദ്ര അന്വേഷണ ഏജന്‍സിയിലെ ഉദ്യോഗസ്ഥരും വിജിലന്‍സ് ഉദ്യോഗസ്ഥരും അഞ്ച് ബന്ധുക്കളുമാണ് സ്വപ്‌നയെ ജയിലില്‍ കണ്ടിരിക്കുന്നതെന്നാണ് ജയില്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്. ചോദ്യം ചെയ്യലും കൂടിക്കാഴ്ചയുമെല്ലാം ജയില്‍ ഉദ്യോഗസ്ഥരുടെ സാനിദ്ധ്യത്തിലായിരുന്നുവെന്നാണ് സൂപ്രണ്ടിന്റെ മൊഴി. അഭിഭാഷകന്‍ എഴുതി തയ്യാറാക്കിയ അപേക്ഷയില്‍ ഒപ്പിടുക മാത്രമേ ചെയ്തുളളൂ എന്നും ജയിലില്‍ ഭീഷണിയില്ലന്നും സ്വപ്‌ന ഡിഐജിക്ക് മൊഴി നല്‍കിയെന്നാണ് സൂചന. എന്തായാലും ഇതിന് പിന്നാലെ പോലീസ് അന്വേഷണം വരുമോയെന്നാണ് കാത്തിരുന്ന് കാണേണ്ടത്.
അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ രണ്ടാംപ്രതി സ്വപ്‌ന സുരേഷിന്റെ കോഫെപോസ കരുതല്‍ത്തടവ് കാലാവധി വെട്ടിച്ചുരുക്കിയേക്കുമെന്ന സൂചനയും പുറത്ത് വരുന്നുണ്ട്. സ്വപ്‌നയേയും ഒന്നാംപ്രതി പി.എസ്. സരിത്തിനെയും കരുതല്‍ത്തടവിലാക്കാന്‍ കോഫെപോസ സമിതി ഉത്തരവിട്ടിരുന്നു. എന്നാല്‍, അന്വേഷണവുമായി സ്വപ്‌ന പൂര്‍ണമായും സഹകരിക്കുന്നതു പരിഗണിച്ചാണ് ഇളവ് ആലോചിക്കുന്നത്.
കസ്റ്റംസിന്റെ കോഫെപോസ അപേക്ഷ ഹൈക്കോടതിയിലെ മൂന്ന് ജഡ്ജിമാരടങ്ങിയ ഉപദേശകസമിതി അംഗീകരിച്ചതിനെതിരേ പ്രതികള്‍ നല്‍കിയ അപ്പീല്‍ അടുത്തയാഴ്ച വാദംകേട്ട് തീര്‍പ്പാക്കാനിരിക്കുകയാണ്. കോഫെപോസ ചുമത്തിയതിന്റെ സാധുതയാകും സമിതി പരിശോധിക്കുക. സാങ്കേതികമായും നിയമപരമായും സ്വപ്‌നയ്ക്ക് അനുകൂലഘടകങ്ങളുണ്ടെന്നാണു വിലയിരുത്തല്‍. ജയിലില്‍ സുരക്ഷയില്ലെന്നാരോപിച്ച് സ്വപ്‌ന കോടതിയെ സമീപിച്ചതും ഇതിന്റെ ഭാഗമാണെന്നാണു സൂചന.
ജയില്‍ മാറ്റണമെന്ന ആവശ്യവും ഉയര്‍ന്നു വരുന്നുണ്ട്. കോഫെപോസ തടവുകാരെ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലാണു പാര്‍പ്പിക്കുന്നത്. കേസില്‍ മാപ്പുസാക്ഷിയാക്കുമെന്നും കോഫെപോസ കാലാവധി വെട്ടിച്ചുരുക്കുമെന്നുമാണു സ്വപ്‌നയുടെ പ്രതീക്ഷ. അതുകൊണ്ടുതന്നെ കസ്റ്റംസിന്റെ അന്വേഷണവുമായി നന്നായി സഹകരിക്കുന്നുണ്ട്. സ്വപ്‌ന സ്ഥിരം കുറ്റവാളിയല്ലെന്ന വാദവും ഇളവിനായി പരിഗണിക്കുന്നുണ്ട്.
"
https://www.facebook.com/Malayalivartha