ചര്‍ച്ചകള്‍ പൊടിപൊടിക്കുന്നു... മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ തിരിയുകയാണെന്ന സിപിഎം സംസ്ഥാന ആക്റ്റിംഗ് സെക്രട്ടറി എ. വിജയരാഘവന്റെ പ്രസ്താവന സിപിഎം ഔദ്യോഗിക പക്ഷത്തെ ക്ഷുഭിതരാക്കുന്നു

വിജയരാഘവന് സി പി എം കേന്ദ്ര കമ്മിറ്റിയുടെ കൈയിലെ കളിപ്പാവയായി മാറുന്നുവെന്നാണ് പാര്‍ട്ടിയിലെ ഔദ്യോഗിക പക്ഷത്തിന്റെ സംശയം. ഇല്ലെങ്കില്‍ അദ്ദേഹം മുഖ്യമന്ത്രിക്കെതിരെ ഇത്തരത്തില്‍ സംസാരിക്കില്ലെന്ന് നേതാക്കള്‍ കരുതുന്നു.
സ്വര്‍ണ്ണകള്ള കടത്ത് അന്വേഷിക്കുന്ന ഒരു കേന്ദ്ര ഏജന്‍സിയും മുഖ്യമന്ത്രിക്കെതിരെ ഇതു വരെ തിരിഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും കേസിന്റെ നടപടിക്രമങ്ങളുടെ ഭാഗമായാല്‍ അത് എങ്ങനെയാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെയാകുന്നതെന്നാണ് പിണറായിയെ അനുകൂലിക്കുന്നവരുടെ ചോദ്യം. പിണറായിയെ ഒരു കാരണവശാലും സ്വര്‍ണ്ണക്കടത്തില്‍ ബന്ധിപ്പിക്കാതിരിക്കാനാണ് അദ്ദേഹത്തിന്റെ ആരാധകര്‍ ശ്രമിക്കുന്നത്. അപ്പോഴാണ് വിജയരാഘവന്‍ കാര്യങ്ങളെ തിരിച്ചുവിട്ടത്.
പിണറായി സ്വര്‍ണ്ണക്കടത്ത് കേസിന്റെ ഭാഗമാകണം എന്ന് ആഗ്രഹിക്കുന്ന ഒരു വിഭാഗം ഡല്‍ഹിയിലും കേരളത്തിലുമുണ്ട്. ഇവര്‍ക്ക് വേണ്ടിയാണോ വിജയരാഘവന്‍ സംസാരിക്കുന്നതെന്ന ശങ്ക പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പിണറായിയെ അനുകൂലിക്കുന്ന നേതാക്കള്‍ക്കുമുണ്ട്. കോടിയേരിയായിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നു എന്ന് കരുതുന്നവരും കേരളത്തിലുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രചാരണത്തിന് ഇറങ്ങുന്നില്ലെന്ന ആക്ഷേപത്തിന് ഒരു അടിസ്ഥാനവും ഇല്ലെന്ന് പറഞ്ഞു കൊണ്ടാണ് എ വിജയരാഘവന്‍ പത്ര സമ്മേളനം തുടങ്ങിയത്. അവാസ്ഥവ പ്രചാരണമാണ് മുഖ്യമന്ത്രിക്കെതിരെ നടക്കുന്നത്. വെബ് റാലികളില്‍ പിണറായി വിജയന്‍ സജീവമാണ്. കൊവിഡ് പ്രോട്ടോകോള്‍ പൂര്‍ണ്ണമായും പാലിച്ചാണ് തെരഞ്ഞെടുപ്പ് വേദികളിലെ മുഖ്യമന്ത്രിയുടെ ഇടപെടലെന്നും എ വിജയരാഘവന്‍ ആവര്‍ത്തിച്ചു.
ആരോഗ്യപരമായ കാരണങ്ങളാലാണ് സിഎം രവീന്ദ്രന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നില്‍ ഹാജരാകാത്തതെന്നും എ വിജയരാഘവന്‍ പറഞ്ഞു. ശാരീരിക അവശതകള്‍ ഉള്ളത് കൊണ്ടാണ് അദ്ദേഹം ആശുപത്രിയില്‍ ചികിത്സ തേടിയത്. കെ സുരേന്ദ്രനും പ്രതിപക്ഷ നേതാവും സ്വര്‍ണക്കടത്തില്‍ ഇല്ലാകഥകള്‍ പ്രചരിപ്പിക്കുന്നു. ഇത്രയും പറഞ്ഞ ശേഷമാണ് മുഖ്യമന്ത്രിക്കെതിരെ അന്വേഷണ ഏജന്‍സികള്‍ തിരിയുന്നു എന്നത് വാസ്തവമാണെന്ന് അദ്ദേഹം പറഞ്ഞത്. എന്നാല്‍ മുഖ്യമന്ത്രിയെ ന്യായീകരിക്കാന്‍ അദ്ദേഹം ശ്രമിച്ചതേയില്ല. കേന്ദ്ര ഏജന്‍സികളുടെ കൈയിലുള്ള പ്രതികളെ ആരെങ്കിലും സന്ദര്‍ശിച്ചാല്‍ ഞങ്ങള്‍ ഉത്തരം പറയേണ്ടതില്ലെന്നും സ്വപ്ന കോടതിയില്‍ പറഞ്ഞ പരാതിയെ കുറിച്ച് ചോദിച്ചപ്പോള്‍ എ വിജയരാഘവന്‍ പ്രതികരിച്ചു.
വിജയരാഘവന് പിന്നാലെ പി.ടി. തോമസും മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തി. സ്വപ്ന ഉന്നയിച്ച പരാതി എന്‍ ഐ എ നേരിട്ട് അന്വേഷിക്കേണ്ട വിഷയമാണെന്നാണ് പി ടി തോമസ് എം എല്‍ എ പറഞ്ഞത്. ഈ അന്വേഷണത്തില്‍ നിന്ന് ബെഹ്‌റയെയും ഋഷിരാജ് സിങ്ങിനെയും മാറ്റി നിര്‍ത്തണമെന്നും പിടി തോമസ് ആവശ്യപ്പെട്ടു. പിണറായിയെ കുറ്റവിമുക്തനാക്കിയ ഫോണ്‍ സന്ദേശവും ഇതിന്റെ ഭാഗമാണ്. സ്വപ്ന നേരിട്ട ഭീഷണി പിണറായിക്കു വേണ്ടിയാണെന്നും പിടി തോമസ് ആരോപിച്ചു.
മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട തെളിവ് പുറത്ത് വരാതിരിക്കാനാണ് ചിലര്‍ സ്വപ്നയെ സന്ദര്‍ശിച്ച് സ്വാധീനിക്കാന്‍ ശ്രമിച്ചതെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്തെത്തി. ദേശീയ അന്വേഷണ ഏജന്‍സികള്‍ ജയില്‍ സൂപ്രണ്ടിനെ ചോദ്യം ചെയ്യണം. ജയില്‍ ഡിജിപി ഉത്തരവാദിത്തം പാലിക്കുന്നില്ല. സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ശ്രമം നടത്തുന്നുണ്ടെന്നും കെ സുരേന്ദ്രന്‍ കൊച്ചിയില്‍ ആവശ്യപ്പെട്ടു. കേരള പൊലീസ് സ്വപ്നയെ കസ്റ്റഡിയില്‍ ആവശ്യപ്പെടുന്നത് കേസ് അട്ടിമറിക്കാനാണ്. സ്വപ്നയെ പൊലീസ് കസ്റ്റഡിയില്‍ വിടരുതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു,
എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യാന്‍ വിളിക്കുമ്പോഴെല്ലാം സിഎം രവീന്ദ്രന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഭയം തേടുകയാണ്. മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനെ ചോദ്യംചെയ്യണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെടുത്തി സ്പീക്കര്‍ ശ്രീരാമ കൃഷ്ണനെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ച് നില്‍ക്കുന്നു. ഏജന്‍സികള്‍ വിവരം ചോര്‍ത്തി തരുന്നു എന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
സ്വര്‍ണ്ണക്കടത്ത് കേസില്‍ ആരോപണ വിധേയരായവരെ സംരക്ഷിക്കേണ്ടതില്ലെന്ന സി പി എം ദേശീയ നയമാണ് വിജയരാഘവന്‍ നടപ്പിലാക്കുന്നത്. അതായത് ഒരു വരി പത്രകുറിപ്പിലൂടെ കോടിയേരിയെ പുറത്താക്കിയ സിപിഎം നാളെ ഇതേ മാര്‍ഗ്ഗത്തിലൂടെ ആരെയും പുറത്താക്കാം എന്നതിന്റെ സൂചനയാണ് വിജയരാഘവന്‍ നല്‍കുന്നത്. പാര്‍ട്ടി പാര്‍ട്ടിയാണ്. പാര്‍ട്ടി വ്യക്തിയല്ല. അതാണ് സി പി എം ആക്റ്റിംഗ് സെക്രട്ടറിയുടെ നിലപാട്. അദ്ദേഹം കോടിയേരിയെ പോലെ മൃദുല ഹൃദയനോ പിണറായി ആരാധകനോ അല്ല.
"
https://www.facebook.com/Malayalivartha