ആദ്യ വോട്ടറാകാന്‍ വോട്ടെടുപ്പ് തുടങ്ങുന്നതിന് മുമ്പെ വോട്ട് ചെയ്ത് മന്ത്രി; മന്ത്രി എ.സി മൊയ്തീനെതിരെ ആരോപണം; മന്ത്രിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാന്‍ ഒരുങ്ങി അനില്‍ അക്കര എം.എല്‍.എ; വിശദീകരിക്കേണ്ടത് പ്രിസൈഡിങ് ഓഫീസറെന്ന് മന്ത്രി

രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ആദ്യം വോട്ട് ചെയ്തത് മന്ത്രി എ.സി മൊയ്തീന്‍. പക്ഷേ ആദ്യ വോട്ടറാകാന്‍ മന്ത്രി ഒരു കടുംകൈ ചെയ്തു. വോട്ടെടുപ്പ് ആരംഭിക്കുന്ന ഏഴു മണിക്ക് മുമ്പ് തന്നെ മന്ത്രി വോട്ടു ചെയ്തു. ഇതിനെ പോളിംഗ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരോ എന്തിന് രാഷ്ട്രീയ പാര്‍ട്ടികളുടെ പോളീങ് എജന്റുമാരോ എതിര്‍ത്തില്ല. തൃശ്ശൂരിലെ തെക്കുംകര പനങ്ങാട്ടുകരയിലെ പോളിങ് ബൂത്തിലാണ് മന്ത്രി എ സി മൊയ്തീന്‍ വോട്ട് രേഖപ്പെടുത്താനെത്തിയത്.
സ്ഥിരമായി തെരഞ്ഞെടുപ്പില്‍ തന്റെ ബൂത്തിലെ ആദ്യ വോട്ടറായി മാറുക എന്നതാണ് എ.സി മൊയ്തീന്റെ ശീലം. ഇത്തവണയും ആദ്യം വോട്ട് രേഖപ്പെടുത്താന്‍ മന്ത്രി മൊയ്തീന്‍ ക്യൂവിലുണ്ടായിരുന്നു. രാവിലെ 6.40 ന് മന്ത്രി ബൂത്തിലെത്തി ക്യൂ നിന്നു. വരിയിലെ ഒന്നാമനും മന്ത്രിയായിരുന്നു. ഒരുക്കങ്ങള്‍ പൂര്‍ത്തിയായ ശേഷം പോളിങ് ഉദ്യോഗസ്ഥര്‍ മന്ത്രിയോട് വോട്ട് രേഖപ്പെടുത്താന്‍ ആവശ്യപ്പെട്ടു. മന്ത്രി ബൂത്തില്‍ കയറി വോട്ട് രേഖപ്പെടുത്തുകയും ചെയ്തു. പക്ഷെ പോളിങ് തുടങ്ങേണ്ട ഏഴ് മണിക്ക് പിന്നെയും മിനിറ്റുകള്‍ ബാക്കിയുണ്ടായിരുന്നു. എന്നാല്‍ ഈ സമയത്ത് ബൂത്തിലുണ്ടായിരുന്ന പോളിങ് ഏജന്റുമാരോ മറ്റാരെങ്കിലുമോ ഇതില്‍ ഏതെങ്കിലും തരത്തില്‍ എതിര്‍പ്പറിയിച്ചില്ല.
മന്ത്രി ബൂത്ത് വിട്ട പോയ ശേഷം ഇക്കാര്യം വാര്‍ത്തയായതോടെ വടക്കാഞ്ചേരി എംഎല്‍എ അനില്‍ അക്കര മന്ത്രിക്കെതിരെ രംഗത്തെത്തി. 'മന്ത്രി മൊയ്തീനെതിരെ നടപടി സ്വീകരിക്കണം. പഞ്ചായത്ത് വകുപ്പ് മന്ത്രി തെക്കുംകര കല്ലമ്പാറ ബൂത്തില്‍ വോട്ട് ചെയ്തത് 6.55ന്.' തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതെസമയം പ്രിസൈഡിങ് ഓഫീസര്‍ ക്ഷണിച്ചിട്ടാണ് വോട്ട് രേഖപ്പെടുത്തിയതെന്നും ഇതില്‍ വിശദീകരണം നല്‍കേണ്ടത് അവരാണെന്നാണ് വിവാദത്തില്‍ മന്ത്രിയുടെ ഓഫീസ് പ്രതികരിച്ചു.
അതിരാവിലെ വോട്ട് ചെയ്യാനെത്തിയ മന്ത്രി ഇടതുമുന്നണി മികച്ച ഭൂരിപക്ഷം നേടുമെന്ന് അഭിപ്രായപ്പെട്ടു. വീട് മുടക്കുന്നവര്‍ക്കല്ല വീട് നല്‍കുന്നവര്‍ക്കാണ് ജനം വോട്ട് ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു. ഇടതു സര്‍ക്കാര്‍ തുടരണമെന്ന് ജനങ്ങളുടെ ആഗ്രഹം. ഇത് വോട്ടായി മാറും. യു ഡി എഫില്‍ കലാപമാണ്. കൂട്ടായ്മ ഇല്ലാത്ത മുന്നണികള്‍ക്ക് ജനം എങ്ങനെ വോട്ട് ചെയ്യും? ഇടതു സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വോട്ടായി മാറും. കോണ്‍ഗ്രസിന്റെ ജമാ അത്തെ ഇസ്ലാമി, ബിജെപി അവിശുദ്ധ സഖ്യത്തെ മതേതരത്വം ആഗ്രഹിക്കുന്ന ജനങ്ങള്‍ തള്ളിക്കളയും. സംസ്ഥാനത്തെ വിവാദങ്ങളെല്ലാം യു ഡി എഫും മാധ്യമങ്ങളും ഉണ്ടാക്കിയെടുത്തതാണ്. ഇതിന് തെളിവുകളില്ലെന്നും മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു.
അതെ സമയം തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിന്റെ തുടക്കത്തില്‍ തന്നെ കനത്ത പോളിംഗാണ് രേഖപ്പെടുത്തുന്നത്. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് , വയനാട് ജില്ലകളാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. അതിരാവിലെ തന്നെ വോട്ടര്‍മാരുടെ നീണ്ട ക്യൂവാണ് ബൂത്തുകള്‍ക്ക് മുന്നില്‍ കാണാനാവുന്നത്. എല്ലാ ജില്ലകളിലും സ്ഥിതി സമാനമാണ്. കോട്ടയം, എറണാകുളം, തൃശൂര്‍, വയനാട്, പാലക്കാട് ജില്ലകളിലെ 99 ലക്ഷത്തോളം വോട്ടര്‍മാരാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തുന്നത്. 457 തദ്ദേശ സ്ഥാപനങ്ങളിലെ 8,116 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ്. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറുവരെയാണ് പോളിംഗ്. ഇന്നലെ മൂന്ന് മണിക്ക് ശേഷം കൊവിഡ് സ്ഥിരീകരിച്ചവര്‍ക്ക് പി പി ഇ കിറ്റണിഞ്ഞ് പോളിംഗിന്റെ അവസാന മണിക്കൂറില്‍ വോട്ട് ചെയ്യാം.
https://www.facebook.com/Malayalivartha