കുരുക്ക് മുറുക്കുന്നു... സി.എം. രവീന്ദ്രനെ മെഡിക്കല്‍ കോളേജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത് ഡോക്ടര്‍മാര്‍ക്ക് പിടിവീഴുമെന്ന് ഉറപ്പായപ്പോള്‍; ചികിത്സിക്കുന്ന ഡോക്ടര്‍മാരും നിയമത്തിന് മുന്നിലെത്തുമെന്ന് മനസിലാക്കിയതോടെ കാര്യങ്ങള്‍ വേഗത്തിലായി

ഊരാളുങ്കലിന് ടിപ്പര്‍ വാടകക്ക് നല്‍കി ലക്ഷകണത്തിന് രൂപയുടെ സര്‍ക്കാര്‍ പണം വാങ്ങിയെടുക്കുന്ന രവീന്ദ്രന്റെ ഭാര്യയെയും ഇ.ഡി. നോട്ടമിട്ടതായാണ് സൂചന. തന്റെ ഭാര്യയും ചികിത്സിക്കുന്ന ഡോക്ടര്‍മാരും നിയമത്തിന് മുന്നിലെത്തുമെന്ന് മനസിലാക്കിയതോടെയാണ് രവീന്ദ്രന്‍ മെഡിക്കല്‍ കോളേജിലെ താമസം മതിയാക്കി രവീന്ദ്രന്‍ വീട്ടിലെത്തിയത്.
ഉന്നത നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളില്ലാത്ത രവീന്ദ്രനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചതെന്ന റിപ്പോര്‍ട്ട് ഇഡിക്ക് ലഭിച്ചതേടെയാണ് ഡല്‍ഹിയില്‍ നിന്നും മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്ക് കുരുക്ക് മുറുകിയത്. തിങ്കളാഴ്ച ഇലക്ഷന്‍ പൂര്‍ത്തിയാവുന്നതു വരെ രവീന്ദ്രനെ ഇഡിക്ക് വിട്ടുകൊടുക്കാതിരിക്കാനാണ് സിപിഎം ശ്രമിച്ചത്. അത് ഏതായാലും സാധിച്ച സന്തോഷത്തിലാണ് സിപിഎം. തിങ്കളാഴ്ചക്കുള്ളില്‍ രവീന്ദ്രനെ ഇഡി പിടിക്കാനുള്ള സാധ്യത കുറവാണ്.
ഇഡിയുടെ ചോദ്യം ചെയ്യല്‍ നോട്ടീസിന് പിന്നാലെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രവീന്ദ്രന്‍ മൂന്നാമതും ചികിത്സ തേടിയത്. മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനത്തിന് ശേഷമായിരുന്നു ഡിസ്ചാര്‍ജ്. ഡിസ്ചാര്‍ജിന് ശേഷം രവീന്ദ്രന്‍ വെള്ളയമ്പലം ജവഹര്‍ നഗറിലെ ഗസറ്റഡ് ഓഫീസേഴ്‌സ് ഫ്‌ലാറ്റിലെത്തി.
സിഎം രവീന്ദ്രന് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളില്ലെന്നായിരുന്നു ബോര്‍ഡിന്റെ വിലയിരുത്തല്‍. വിദഗ്ധ പരിശോധനയിലും ഗുരുതര പ്രശ്‌നങ്ങള്‍ കണ്ടെത്താനായില്ല. കഴുത്തിലെ ഡിസ്‌കിന് ചെറിയ പ്രശ്‌നമുണ്ട്. എന്നാല്‍ ശസ്ത്രക്രിയയോ ഫിസിയോ തെറാപ്പിയോ വേണ്ട. ഗുളികകള്‍ മാത്രമാണ് വഴി. ഒരാഴ്ച വിശ്രമിക്കണം. രണ്ടാഴ്ച കഴിഞ്ഞ് ആവശ്യമെങ്കില്‍ പോസ്റ്റ് കൊവിഡ് ക്ലിനിക്കിലോ ഫിസിക്കല്‍ മെഡിസിന്‍ വിഭാഗത്തിലോ വീണ്ടുമെത്തി പരിശോധനകള്‍ നടത്താമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഇഡി നോട്ടീസ് നല്‍കിയതോടെ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്‍ മൂന്ന് തവണയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കിടത്തി ചികിത്സയില്‍ പ്രവേശിച്ചത്. ഇതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ഓരോ തവണയും ഉന്നതര്‍ ഇടപെട്ടാണ് മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടി കൊടുത്തത്. ഒരു റഫറല്‍ ആശുപത്രിയായ മെഡിക്കല്‍ കോളേജില്‍ ചെറിയ രോഗങ്ങളുള്ളവര്‍ക്ക് പ്രവേശനം കിട്ടില്ല. എന്നാല്‍ രവീന്ദ്രന്‍ എത്തിയതോടെ നിയന്ത്രണങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു.
ഇ ഡിയുടെ കൈയില്‍ കിട്ടിയാല്‍ രവീന്ദ്രനെ എന്തെല്ലാം ചെയ്യില്ല എന്ന് മാത്രമേ ഇനി അറിയേണ്ടതുള്ളു. രവീന്ദ്രന്‍ മാത്രമല്ല അദ്ദേഹത്തിന്റെ ഭാര്യയും ഇഡിയുടെ സ്‌കാനറിലാണ്. രവീന്ദ്രന് സ്വന്തമായുള്ള സമ്പത്തിന്റെ അളവ് കേന്ദ്രാന്വേഷണ ഏജന്‍സികളെ പോലും അത്ഭുതപ്പെടുത്തി കളഞ്ഞതായാണ് വിവരം. ഓരോ തവണ ഒഴിഞ്ഞുമാറുമ്പോഴും രവീന്ദ്രന്റെ അതീവ രഹസ്യങ്ങള്‍ പോലും ചികഞ്ഞെടുക്കുകയായിരുന്നു ഇ ഡി. അന്വേഷണം തുടങ്ങിയപ്പോള്‍ തന്നെ സെക്രട്ടേറിയറ്റില്‍ നിന്നും വിവിധ വകുപ്പുകളില്‍ നിന്നും രവീന്ദ്രന്റെ ജാതകം ഇ ഡിക്ക് ലഭിച്ചുകൊണ്ടിരുന്നു. അതെല്ലാം കുട്ടിയും കിഴച്ചും ഇഡി. എത്തിച്ചേര്‍ന്നത് അധോലോകങ്ങളെ പോലും അത്ഭുതപ്പെടുത്തുന്ന സ്വത്ത് വിവര പട്ടികയിലാണ്. അതാണ് മറനീക്കി പുറത്തുവരാന്‍ പോകുന്നത്.
ഇദ്ദേഹംവഴി എത്ര നേതാക്കള്‍ ഊരാളുങ്കലില്‍ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന വിവരമാണ് ഇപ്പോള്‍ ഇ ഡി അന്വേഷിക്കുന്നത്. പല നേതാക്കളും രവീന്ദ്രന്റെ വിശ്വസതരാണ്. ഒരു മന്ത്രി അക്കാര്യം തുറന്നു പറയുകയും ചെയ്തു. പല പ്രമുഖ നേതാക്കള്‍ക്കും ഊരാളുങ്കലില്‍ നിക്ഷേപമുണ്ടെന്ന കാര്യം പരസ്യമായ രഹസ്യമാണ്. ഊരാളുങ്കലിന്റെ ബിസിനസ് രഹസ്യങ്ങള്‍ പുറത്തുവന്നാല്‍ കേരളം ഞ്ഞെട്ടുമെന്നാണ് ഇ ഡി ഉദ്യോഗസ്ഥര്‍ അടക്കം പറയുന്നത്. ഊരാളുങ്കല്‍ തങ്ങളുടെ വിശ്വസ്ത സ്ഥാപനമാണെന്നാണ് സി പി എം നേതൃത്വം പറയുന്നത്.
തൊഴിലാളികളെ മുന്‍ നിര്‍ത്തി പാര്‍ട്ടിക്ക് ഫിക്‌സഡ് ഡിപ്പോസിറ്റ് വര്‍ദ്ധിപ്പിക്കുന്ന സ്ഥാപനമാണ് ഊരാളുങ്കല്‍. ചുരുക്കത്തില്‍ ഊരാളുങ്കലിന്റെ ഭാവി പോലും രവീന്ദ്രന്‍ കാരണം അപകടത്തിലാണ്.
രവീന്ദ്രനെ രണ്ടു ദിവസം കൂടി മെഡിക്കല്‍ കോളേജില്‍ കിടത്തിയിരുന്നെങ്കില്‍ ഡല്‍ഹിയില്‍ നിന്നും വിദഗ്ദ്ധ മെഡിക്കല്‍ സംഘം തിരുവനന്തപുരത്ത് എത്തുമായിരുന്നു. അങ്ങനെ വന്നിരുന്നെങ്കില്‍ യഥാര്‍ത്ഥ രോഗം എന്താണെന്ന് കേരളം മനസിലാക്കുമായിരുന്നു. അത് ഏതായാലും സംഭവിച്ചില്ല. കേരളത്തിന്റെ ഭാഗ്യം!
https://www.facebook.com/Malayalivartha