കാര്യങ്ങള്‍ പോകുന്ന പോക്ക്... അന്വേഷിച്ചിട്ടും അന്വേഷിച്ചിട്ടും തീരാത്ത കേസായി സ്വര്‍ണക്കടത്തിന്റെ അനുബന്ധ കേസുകള്‍ മാറുന്നു; കോടതിയെ ഞെട്ടിപ്പിച്ച സ്വപ്നയുടേയും സരിത്തിന്റേയും വെളിപ്പെടുത്തലിന് ശേഷം ചേരാനല്ലൂരില്‍ സ്വപ്ന വാങ്ങാന്‍ ശ്രമിച്ച 10 ഏക്കര്‍ ഭൂമിയിലും അന്വേഷണം

സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കാന്‍ കേന്ദ്ര അന്വേഷണ സംഘത്തെ കേരളം ആശ്രയിക്കുമ്പോള്‍ അതിനിത്രയും വലിയ ചുരുള്‍ ഉണ്ടാകുമെന്ന് വിചാരിച്ചില്ല. അഞ്ച് മാസം അന്വേഷിച്ചിട്ടും തീരാത്ത ഉപ കേസുകളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
ഇപ്പോഴിതാ 10 ഏക്കര്‍ ഭൂമിയിലും ചുറ്റിപ്പറ്റിയാണ് കേസ് വന്നിരിക്കുന്നത്. സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷും ലൈഫ് മിഷന്‍ കേസില്‍ പ്രതിയായ യൂണിടാക് ബില്‍ഡേഴ്‌സ് എംഡി സന്തോഷ് ഈപ്പനും ഒരു വര്‍ഷം മുന്‍പു കൊച്ചി നഗരത്തിനു സമീപം ചേരാനല്ലൂര്‍ പഞ്ചായത്തില്‍ 10 ഏക്കര്‍ സ്ഥലം വാങ്ങാന്‍ ശ്രമം നടത്തിയതിനെക്കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗങ്ങളും അന്വേഷണം തുടങ്ങി. ഒരു പ്രമുഖ പത്രമാണ് ഇതുസംബന്ധിച്ച വാര്‍ത്ത നല്‍കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് 76 ലക്ഷം രൂപയുടെ കൈമാറ്റം നടന്നതായും സൂചനയുണ്ട്. ഒരു ഉന്നത സ്ഥാപനത്തില്‍ അന്ന് ഉയര്‍ന്ന പദവി വഹിച്ചിരുന്ന പത്തനംതിട്ട സ്വദേശിയാണ് തുക കൈപ്പറ്റിയത്.
ചേരാനല്ലൂരിലെ തണ്ണീര്‍ത്തട പ്രദേശങ്ങള്‍ സ്വപ്നയും സന്തോഷും സന്ദര്‍ശിച്ചതായി സ്ഥല ബ്രോക്കര്‍മാര്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍, ഭൂമി റജിസ്‌ട്രേഷന്‍ നടന്നതായി കണ്ടെത്തിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ഇഡി സന്തോഷ് ഈപ്പന്റെ മൊഴിയെടുക്കും.
സംസ്ഥാനത്തെ ഒരു ഉന്നതസ്ഥാപനത്തിനു വേണ്ടി ഭവനപദ്ധതിയും അനുബന്ധ ടൗണ്‍ഷിപ്പും നിര്‍മിക്കാനാണു സ്ഥലമെടുക്കുന്നതെന്നാണു ബ്രോക്കര്‍മാരെ അറിയിച്ചത്. എന്നാല്‍ 3 കേന്ദ്ര ഏജന്‍സികള്‍ പല തവണ ചോദ്യം ചെയ്തിട്ടും സ്വപ്നയോ സന്തോഷോ ചേരാനല്ലൂരിലെ പദ്ധതിയെ കുറിച്ച് വെളിപ്പെടുത്തിയിട്ടില്ല. ഇടപാടിനു ലൈഫ് മിഷനുമായി ബന്ധമില്ലെന്നാണു വിവരം.
അഞ്ചേക്കര്‍ കരഭൂമി ലഭിച്ചാല്‍ ബാക്കി തണ്ണീര്‍ത്തടമായാലും നിര്‍മാണത്തിനു പരിസ്ഥിതി അനുമതി ലഭിക്കുമെന്നു സ്ഥലം സന്ദര്‍ശിച്ച യൂണിടാക് പ്രതിനിധികള്‍ ഉറപ്പു പറഞ്ഞതായാണ് അന്വേഷണ ഏജന്‍സികള്‍ക്കു ലഭിച്ച വിവരം. ഉന്നതര്‍ ഉള്‍പ്പെട്ട റിവേഴ്‌സ് ഹവാല കേസിന് ശേഷമാണ് 10 ഏക്കര്‍ ഭൂമിയിലും അന്വേഷണം വരുന്നത്.
അതിനിടെ സ്വര്‍ണക്കടത്തു കേസില്‍ നാളെ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ മുഖ്യമന്ത്രിയുടെ അഡീഷനല്‍ െ്രെപവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പുതിയ നോട്ടിസ് നല്‍കിയിരിക്കുകയാണ്.
ഇതിനിടെ, ഇഡിക്കെതിരെ രവീന്ദ്രന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ചോദ്യം ചെയ്യുമ്പോള്‍ അഭിഭാഷകനെ ഒപ്പംകൂട്ടാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജിയില്‍ തീര്‍പ്പാകുംവരെ ചോദ്യംചെയ്യല്‍ പാടില്ലെന്ന ആവശ്യവുമുണ്ട്.
കഴിഞ്ഞ മാസം 6, 27, ഈ മാസം 10 തീയതികളില്‍ ചോദ്യംചെയ്യലിനു ഹാജരാകാന്‍ രവീന്ദ്രന് ഇഡി നോട്ടിസ് നല്‍കിയിരുന്നു. കോവിഡും അനുബന്ധ അസ്വസ്ഥതകളും ചൂണ്ടിക്കാട്ടി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി 3 തവണയും രവീന്ദ്രന്‍ ചോദ്യംചെയ്യല്‍ ഒഴിവാക്കി. എഴുന്നേറ്റു നില്‍ക്കാന്‍ വയ്യാത്തവിധം ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നു ചൂണ്ടിക്കാട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യംചെയ്യലിന് രണ്ടാഴ്ച അവധിയാണ് നേരത്തെ തേടിയത്. എന്നാല്‍ രവീന്ദ്രന്റെ രോഗം സംബന്ധിച്ച വിശദാംശങ്ങള്‍ ഇ.ഡി പരിശോധിക്കുമെന്ന റിപ്പോര്‍ട്ടിനു പിന്നാലെ ഡിസ്ചാര്‍ജ് ആയി ജവഹര്‍ നഗറിലെ ഫ്‌ളാറ്റിലെത്തി. അനുബന്ധ വിശ്രമവും പൂര്‍ത്തിയാക്കിയതോടെയാണ് നാളെ നേരിട്ടു ഹാജരാകാന്‍ പുതിയ നോട്ടിസ് നല്‍കിയത്. ഇതോടെയാണ് രവീന്ദ്രന്‍ ഹൈക്കോടതിയിലെത്തിയത്. കേസില്‍ പ്രതികളായ സ്വപ്ന സുരേഷ്, പി.എസ്. സരിത് എന്നിവരുടെ ജയിലിലെ ചോദ്യംചെയ്യല്‍ ഇഡി ഇന്നു പൂര്‍ത്തിയാക്കും. ഇതിന് പിന്നാലെയാണ് സ്വപ്നയുടെ പേരില്‍ 10 ഏക്കര്‍ ഭൂമിയും വരുന്നത്.
"
https://www.facebook.com/Malayalivartha