അമ്മേ, അച്ഛാ, നിങ്ങളുടെ മകള്‍ തോറ്റുപോയി, ക്ഷമിക്കണം;അധ്യാപികയെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

ബിഹാറിലെ വൈശാലി ജില്ലയില്‍ ആത്മഹത്യാ കുറിപ്പ് എഴുതിവച്ച് സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപിക വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്തു.തിങ്കളാഴ്ച രാത്രി സെഹാന്‍ ഗ്രാമത്തിലെ വാടക വീട്ടിലാണു പ്രിയ ഭാരതിയെ (30) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
അസുഖം കാരണമാണു ജീവനൊടുക്കുന്നതെന്നും മരണത്തില്‍ ആരും ഉത്തരവാദികളല്ലെന്നും വ്യക്തമാക്കിക്കൊണ്ടുള്ള യുവതിയുടെ ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു. ചിതയ്ക്ക് മൂന്നുമാസം പ്രായമുള്ള മകള്‍ തീകൊളുത്തണമെന്നും 5.5 ലിറ്റര്‍ പാലിന് പണം നല്‍കാനുണ്ടെന്നും ആ പണം തന്റെ പഴ്‌സില്‍ നിന്നെടുത്തു കൊടുക്കണമെന്നും കുറിപ്പിലുണ്ട്.
''മൃതദേഹം ജന്മനാടായ റസൂല്‍പുരിലേക്ക് കൊണ്ടുപോകരുത്. അന്ത്യകര്‍മ്മങ്ങള്‍ ഇവിടെത്തന്നെ നടത്തണം. ഭര്‍ത്താവിനെക്കൊണ്ടല്ല, മകളെക്കൊണ്ട് ചിതയ്ക്ക് തീകൊളുത്തിക്കണം. മൊബൈല്‍ ഫോണ്‍ ഭര്‍ത്താവിന് കൈമാറണം.
ഫോണില്‍ ചില സന്ദേശങ്ങളും ഓഡിയോകളും വിഡിയോകളുമുണ്ട്. അതിന്റെ പാസ്‌വേഡ് ഭര്‍ത്താവിന് അറിയാം. പോസ്റ്റ്‌മോര്‍ട്ടം നടത്തരുത്. ഭര്‍ത്താവിന്റെയോ കുടുംബത്തിന്റെയോ പേരില്‍ കേസെടുക്കരുത്. എന്റെ വ്യക്തിപരമായ തീരുമാനമാണിത്. അമ്മേ, അച്ഛാ, നിങ്ങളുടെ മകള്‍ തോറ്റുപോയി, ക്ഷമിക്കണം'' യുവതി ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞു.
എന്നാല്‍ ഭര്‍ത്താവ് ദീപക്കും ബന്ധുക്കളും യുവതിയെ
പീഡിപ്പിച്ചിരുന്നതായും ഇതു പ്രിയ തങ്ങളെ അറിയിച്ചിരുന്നെന്നും യുവതിയുടെ കുടുംബം ആരോപിച്ചു. അതേസമയം യുവതിയുടെ മരണത്തില്‍ കുടുംബം ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha






















