പുതുയുഗത്തിന് തുടക്കമെന്ന് മോഡി: സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവച്ച് ഇന്ത്യയും യൂറോപ്യന്‍ യൂണിയനും

നിര്‍ണായകമായ സ്വതന്ത്രവ്യാപാര കരാറില്‍ ഒപ്പുവച്ച് ഇന്ത്യയും യൂറോപ്യന്‍ യൂണിയനും. ഡല്‍ഹിയിലെ ഉച്ചകോടിയ്ക്ക് ശേഷമാണ് വ്യാപാരസുരക്ഷാ കരാറുകളില്‍ ഇരു കക്ഷികളും ഒപ്പുവച്ചത്. പുതുയുഗത്തിന് തുടക്കമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണം. ചരിത്രമുഹൂര്‍ത്തമെന്ന് യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. ലോകത്തെ രണ്ട് വലിയ സാമ്പത്തിക ശക്തികളാണ് ഒരു പുതിയ അധ്യായം ആരംഭിച്ചിരിക്കുന്നത്.
രണ്ട് യൂറോപ്യന്‍ യൂണിയന്‍ നേതാക്കളും ഇന്ത്യയുടെ അടുത്ത സുഹൃത്തുക്കള്‍. ഇതൊരു വ്യാപാര കരാര്‍ മാത്രമല്ല, രാജ്യത്തിന്റെ സമൃദ്ധിയുടെ ഒരു ബ്ലൂ പ്രിന്റ് കൂടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കര്‍ഷകര്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും യൂറോപ്പ് എന്ന വലിയ വിപണി തുറന്നു കിട്ടുകയാണ്. മൊബിലിറ്റി കരാര്‍ വഴി ഇന്ത്യയിലുള്ള പ്രാഫഷണലുകള്‍ക്ക് യൂറോപ്പില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഭീകരവാദത്തെ തടയാനും സമുദ്ര സുരക്ഷയ്ക്കും ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ ധാരണയായി. സ്വതന്ത്ര വ്യാപാര കരാര്‍ ഇന്ത്യ, യൂറോപ്യന്‍ യൂണിയന്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. യുക്രെയ്ന്‍, പശ്ചിമേഷ്യ, ഇന്തോ പസഫിക് സാഹചര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തുവെന്നും ഇന്ത്യയും യൂറോപ്യന്‍ യൂണിയനും ബഹുരാഷ്ട്രവാദത്തില്‍ വിശ്വസിക്കുന്നുവെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഇരു രാജ്യങ്ങളുടെയും ബന്ധത്തില്‍ ഒരു പുതിയ അധ്യായം തുറക്കുന്നുവെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ പറഞ്ഞു.
വ്യാപാരം, സുരക്ഷ, ജനങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് കരാര്‍ സഹായിക്കും. താനും ഒരു വിദേശ ഇന്ത്യന്‍ പൗരനാണെന്നും തന്റെ പിതാവിന്റെ കുടുംബം ഗോവയില്‍ നിന്നാണ് വന്നതെന്നും അതില്‍ തനിക്ക് അഭിമാനമുണ്ട് എന്നും കോസ്റ്റ പറഞ്ഞു. ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള ബന്ധം തന്നെ സംബന്ധിച്ച് വ്യക്തിപരമാണ്. തന്ത്രപരവും വിശ്വസനീയവുമായ പങ്കാളിയായി ഇന്ത്യയും യൂറോപ്യന്‍ യൂണിയനും ഒരുമിച്ച് നില്‍ക്കുന്നു എന്നും കോസ്റ്റ പറഞ്ഞു.
റിപ്പബ്ലിക് ദിനത്തില്‍ അതിഥിയാകാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷകരമായ കാര്യമാണെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ പറഞ്ഞു. കരാര്‍ തങ്ങള്‍ സാധ്യമാക്കി. ആഗോള പ്രശ്‌നങ്ങള്‍ക്ക് ഉള്ള പരിഹാരം സഹകരണമാണ്. സുരക്ഷിതമല്ലാത്ത ലോകത്ത് തങ്ങളുടെ പൗരന്മാരെ സുരക്ഷിതരാക്കുക എന്നതാണ് ലക്ഷ്യം. ഇരു രാജ്യങ്ങള്‍ക്കും ഒറ്റയ്ക്ക് നേടാന്‍ കഴിയാത്ത വളര്‍ച്ചാ ഇതിലൂടെ കൈവരിക്കാന്‍ ആകും. ഇന്ത്യ നേട്ടങ്ങള്‍ കൈവരിക്കുമ്പോള്‍ ലോകം കൂടുതല്‍ സ്ഥിരതയുള്ളത് ആകുന്നു. അതിന്റെ പ്രയോജനം തങ്ങള്‍ക്ക് എല്ലാവര്‍ക്കും ലഭിക്കുന്നുവെന്ന് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ പറഞ്ഞു. കരാര്‍ യാഥാര്‍ഥ്യമാകുന്നതോടെ യൂറോപ്പില്‍ നിന്നുള്ള ഉത്പന്നങ്ങളുടെ വില കുത്തനെ കുറയും.
https://www.facebook.com/Malayalivartha






















