'കോണ്‍ഗ്രസ് പാര്‍ട്ടിയെ സംബന്ധിച്ച് നിര്‍ണായകമാണ് വരുന്ന മൂന്നു നാല് മാസങ്ങള്‍. ഈ സന്നിഗ്ദ്ധ ഘട്ടത്തില്‍ നേതൃത്വത്തെ വിമര്‍ശിക്കുന്നതിനപ്പുറം പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ നമ്മളോരോരുത്തരും കടപ്പെട്ടിരിക്കുന്നു...' പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍
തദ്ദേശ തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തോല്‍വിയില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ രംഗത്ത്. തെരഞ്ഞെടുപ്പ് ഫലത്തില്‍ നിരാശയുണ്ടെന്നും എന്നാല്‍ പരസ്യമായ അഭിപ്രായ പ്രടകനത്തിനോ വിഴുപ്പലക്കലിനോ താനില്ലെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ഫേസ്ബുക്കിലൂടെയാണ് ഇത്തരത്തിൽ പ്രതികരണം നടത്തിയിരിക്കുന്നത്.
മാത്യു കുഴല്‍നാടന്റെ കുറിപ്പ് ഇങ്ങനെ;
തെരഞ്ഞെടുപ്പ് ഫലത്തില്‍ നിരാശയുണ്ട്. അനുകൂലമായ രാഷ്ട്രീയ സാഹചര്യത്തിന് അനുസൃതമായ വിജയം നേടാന്‍ നമ്മള്‍ക്കായില്ല. അര്‍ഹിച്ച വിജയം കൈവിട്ടതിനു രാഷ്ട്രീയപരവും സംഘടനാപരവുമായ നിരവധി കാരണങ്ങള്‍ ഉണ്ട്. അവ സംബന്ധിച്ച വ്യക്തമായ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും ഉണ്ട്. എന്നാല്‍ പരസ്യമായ ഒരു അഭിപ്രായപ്രകടനത്തിനോ വിഴുപ്പലക്കലിനോ ഞാനില്ല. കാരണം അത് സംഘടനയ്ക്ക് കൂടുതല്‍ ക്ഷീണം ഉണ്ടാക്കത്തെ ഉള്ളൂ.
കെപിസിസിയുടെ സമ്ബൂര്‍ണ യോഗം ഉടന്‍ ഉണ്ടാകുമെന്ന് കെപിസിസി പ്രസിഡണ്ട് പറഞ്ഞിട്ടുണ്ട്. കാര്യങ്ങള്‍ അവിടെ പറയും.
കഴിഞ്ഞ രണ്ടു ദിവസമായി കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള പ്രവര്‍ത്തകര്‍ വിളിച്ച് അവരുടെ അമര്‍ഷവും രോഷവും നിരാശയുമൊക്കെ പങ്കുവെക്കുകയുണ്ടായി. അതിന്റെ കൂടെ ക്രിയാത്മകമായ നിരവധി നിര്‍ദ്ദേശങ്ങളും ഉയര്‍ന്ന് വരികയുണ്ടായി.
തിരുത്തലുകള്‍ ഉണ്ടായേ തീരൂ.. എന്നാല്‍ അതോടൊപ്പം ഒരു കാര്യം കൂടി പറയട്ടെ. കോണ്‍ഗ്രസ് പാര്‍ട്ടിയെ സംബന്ധിച്ച് നിര്‍ണായകമാണ് വരുന്ന മൂന്നു നാല് മാസങ്ങള്‍. ഈ സന്നിഗ്ദ്ധ ഘട്ടത്തില്‍ നേതൃത്വത്തെ വിമര്‍ശിക്കുന്നതിനപ്പുറം പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ നമ്മളോരോരുത്തരും കടപ്പെട്ടിരിക്കുന്നു. വരുംദിവസങ്ങളില്‍ നമ്മള്‍ കയ്യും മെയ്യും മറന്ന് ഇറങ്ങണം. നമ്മുടെ നിലക്ക് ചെയ്യാന്‍ കഴിയുന്ന എല്ലാ കാര്യങ്ങളും ചെയ്യണം. ആരുടെയും ഉപദേശത്തിനോ നിര്‍ദ്ദേശത്തിനോ കാത്തുനില്‍ക്കേണ്ട. കോണ്‍ഗ്രസിനെ സംബന്ധിച്ച് അഭിമാന പോരാട്ടം ആണ് വരുന്ന തെരഞ്ഞെടുപ്പ്. നമുക്ക് ജയിച്ചേ തീരൂ..
ഞാന്‍ ജനുവരി മുതല്‍ ഓഫീസില്‍ നിന്നും പൂര്‍ണ്ണമായ അവധിയില്‍ പ്രവേശിക്കുകയാണ്. ഏതു കാര്യത്തിനും എപ്പോ വേണമെങ്കിലും നിങ്ങള്‍ക്കെന്നെ വിളിക്കാം.
വരുന്ന മൂന്നു മാസത്തില്‍ പാര്‍ട്ടി അടിയന്തരമായി വരുത്തേണ്ട മാറ്റങ്ങളും ചെയ്യേണ്ട കാര്യങ്ങളും സംബന്ധിച്ച് ഒരു നോട്ട് നേതൃത്വത്തിന് നല്‍കാന്‍ തയ്യാറെടുക്കുകയാണ്. അതില്‍ പ്രിയ സുഹൃത്തുക്കളുടെ നിര്‍ദ്ദേശങ്ങള്‍ അറിയാന്‍ താല്പര്യമുണ്ട്. ഗൗരവം ഉള്ളതും രഹസ്യസ്വഭാവം ഉള്ളതുമായ നിര്‍ദ്ദേശങ്ങള്‍ താഴെ പറയുന്ന മെയില്‍ ഐഡിയില്‍ അയക്കാന്‍ താല്പര്യപ്പെടുന്നു
office.mathewkuzhalnadan@gmail.com
വാല്‍കഷ്ണം : മോഡല്‍ പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞു പോയ വിദ്യാര്‍ത്ഥിയുടെ വാശിയോടെ നമുക്ക് കൊല്ലപരീക്ഷക്ക് തയാറെടുക്കാം...
https://www.facebook.com/Malayalivartha