കോട്ടയം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് പിസി ജോര്‍ജിനെ ഒപ്പം കൂട്ടും;നിർണായക നീക്കങ്ങൾ ഇങ്ങനെ

കൈവിട്ടുപോയ കോട്ടയം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് പിസി ജോര്‍ജിനെ ഒപ്പം കൂട്ടും. ജോര്‍ജിനെ യുഡിഎഫില്‍ എത്തിക്കുന്നതിനോട് പിജെ ജോസഫ് വിഭാഗം കേരള കോണ്‍ഗ്രസും കോണ്‍ഗ്രസിനോട് താല്‍പര്യം അറിയിച്ചുകഴിഞ്ഞു.കഴിഞ്ഞ മാസം വരെ ജോര്‍ജിനെ യുഡിഎഫില്‍ വേണ്ട എന്ന് പറഞ്ഞവര്‍ ജോര്‍ജുമായി ആശയവിനിമയം തുടങ്ങിവച്ചു. രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പിസി ജോര്‍ജിനെ ഫോണില്‍ വിളിച്ച് ഒപ്പം നല്‍ക്കണണെന്ന് താല്‍പര്യപ്പെട്ടു. ഇനി മാനം കെടാനില്ലെന്നും തീരുമാനം എടുത്തശേഷം വിളിച്ചാല്‍ മതിയെന്നുമായിരുന്നു പിസി ജോര്‍ജിന്റെ മറുപടി.അടുത്ത തെരഞ്ഞെടുപ്പില്‍ പിസി ജോര്‍ജിന്റെ ജനപക്ഷത്തിന് പൂഞ്ഞാര്‍ കൂടാതെ ഒരു നിയസഭാ സീറ്റുകൂടി അധികം നല്‍കാനും കോണ്‍ഗ്രസ് തയാറായേക്കും. അത് പാലായോ കാഞ്ഞിരപ്പള്ളിയോ എന്നതേ അറിയേണ്ടതുള്ളു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാര്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ ചതുഷ്‌കോണ മത്സരത്തില്‍ പിസി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ് വിജയിച്ചതും കോണ്‍ഗ്രസിനെ ഇത്തരമൊരു നീക്കത്തിലേക്ക് നിര്‍ബന്ധിതമാക്കുകയാണ്.ജോര്‍ജിനെ യുഡിഎഫില്‍ എത്തിച്ചാല്‍ കാഞ്ഞിരപ്പള്ളി, പാലാ, പൂഞ്ഞാര്‍ സീറ്റുകളില്‍ യുഡിഎഫിന് ആശ്വാസം നേടാമെന്ന പ്രതീക്ഷയാണ് യുഡിഎഫിനുള്ളത്. ഒപ്പം പുതുപ്പള്ളി, കോട്ടയം, കടുത്തുരുത്തി, ചങ്ങനാശേരി, എറ്റുമാനൂര്‍ സീറ്റുകളിലും ജോര്‍ജിന്റെ സാന്നിധ്യം നേരിയ ഉത്തേജനം കിട്ടുമെന്ന് യുഡിഎഫ് കരുതുന്നു.ജോര്‍ജിനെ ഒപ്പം കൂട്ടുന്നതില്‍ ഉമ്മന്‍ ചാണ്ടിക്കും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും എതിര്‍പ്പില്ല. എന്നാല്‍ എക്കാലവും ജോര്‍ജിന്റെ രാഷ്ട്രീയ ശത്രുവായി ആന്റോ ആന്റണി എംപിക്കും ഏതാനും കോണ്‍ഗ്രസുകാര്‍ക്കും ജോര്‍ജിനെ കോണ്‍ഗ്രസില്‍ എടുക്കുന്നതില്‍ ശക്തമായ എതിര്‍പ്പുണ്ട്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനു മുന്‍പ് ജോര്‍ജ് മൂന്നു തവണ രമേശ് ചെന്നിത്തലയെ ഇതിനുള്ള താല്‍പര്യം അറിയിച്ചപ്പോഴും പൂഞ്ഞാറിലെ ഒരു നിര പ്രാദേശിക നേതാക്കളെ രംഗത്തിറക്കി ആന്റോ ആന്റണി പരസ്യമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ജോര്‍ജിനെ കൂട്ടുന്നതിനെതിരെ കോണ്‍ഗ്രസില്‍ പ്രതിഷേധവും പോസ്റ്ററുകളും നിരന്നിരുന്നു.ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫിലെത്തുകയും യുഡിഎഫിന് വലിയ നഷ്ടം കോട്ടയം ജില്ലയിലുണ്ടാവുകയും ചെയ്ത സാഹചര്യത്തില്‍ പാലാ, പൂഞ്ഞാര്‍,കാഞ്ഞിരപ്പള്ളി സീറ്റുകളില്‍ രക്ഷപ്പെടാനുള്ള സാധ്യതയാണ് ജോര്‍ജിലൂടെ കാണുന്നത്.കത്തോലിക്കാ വിശ്വാസികള്‍ക്ക് പ്രബലമായ മുന്‍തൂക്കമുള്ള പ്രദേശങ്ങളില്‍ പിജെ ജോസഫിനെക്കാള്‍ ജോര്‍ജിനെ ഒപ്പം നിറുത്തുന്നതാണ് നേട്ടമെന്ന് കോണ്‍ഗ്രസില്‍ ചിലരെങ്കിലും കരുതുന്നു. ബിഷപ് ഫ്രാങ്കോ പ്രതിയായ കേസില്‍ ജോര്‍ജിന്റെ നിലപാട് കത്തോലിക്കാ സഭയ്ക്ക് തല്‍ക്കാലം പിടിച്ചു നില്‍ക്കാന്‍സാധ്യതയൊരുക്കിയെന്നതിനാല്‍ സഭാതലത്തിലും തലത്തിലും മുന്‍പ് ജോര്‍ജ് സ്വീകാര്യനായിരുന്നു.കോണ്‍ഗ്രസിന്റെ കടിഞ്ഞാണ്‍ കൈയിലായ മുസ്ലീം ലീഗ് കോട്ടയം ജില്ലയില്‍ കണ്ണുവച്ചിരിക്കുന്ന സീറ്റുകളിലൊന്നാണ് പൂഞ്ഞാര്‍. ഈരാറ്റുപേട്ട, എരുമേലി ഉള്‍പ്പെടുന്ന ചില പ്രദേശങ്ങളിലെ മുസ്ലീം ആള്‍ബലത്തിന്റെ പിടിയില്‍ പൂഞ്ഞാര്‍ സീറ്റ് പിടിക്കാനുള്ള മുസ്ലീം ലീഗിന്റെ നീക്കത്തെ വെട്ടിനിരത്താന്‍ ജോര്‍ജിന്റെ സാന്നിധ്യം തടയാകുമെന്ന് കോണ്‍ഗ്രസ് കരുതുന്നു.അടുത്ത തെരഞ്ഞെടുപ്പില്‍ പൂഞ്ഞാര്‍ നിയമസഭാ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്താല്‍ മത്സരിക്കാന്‍ ടോമി കല്ലാനി, ജോഷി ഫിലിപ്പ് ഉള്‍പ്പെടെ ഒരു നിര കോണ്‍ഗ്രസുകാര്‍. ഇവരുടെ എതിര്‍പ്പു വകവയ്ക്കാതെയും ജോര്‍ജിനെ കൂട്ടാതെ കോട്ടയം വീണ്ടെടുക്കാനാവില്ലെന്ന് ഉമ്മന്‍ ചാണ്ടി കണക്കുകൂട്ടുന്നു. പൂഞ്ഞാര്‍ സീറ്റ് ലീഗിനു വിട്ടുകൊടുക്കുന്നില്ലെങ്കില്‍ കോണ്‍ഗ്രസില്‍ നിന്നുള്ള ഒരു മുസ്ലീം നേതാവിനെ ഇവിടെ മത്സരിപ്പിക്കണമെന്നുള്ള നിലപാട് ലീഗ് ആവശ്യപ്പെടും. തദ്ദേശ തെരഞ്ഞെടുപ്പില്‍ എരുമേലി ജില്ലാ ഡിവിഷനില്‍ കോണ്‍ഗ്രസിലെ ഒരു മുസ്ലീം സ്ഥാനാര്‍ക്കു വേണ്ടി മുസ്ലീം ലീഗ് വിലപേശിയിരുന്നു. ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും ഇടപെടലില്‍ ഈ നീക്കം വെട്ടിനിരത്തുകയായിരുന്നു.
എന്‍സിപിയില്‍ നിന്ന് മാണി സി കാപ്പന്‍ യുഡിഎഫിലെത്തി പാലായില്‍ മത്സരിച്ചാല്‍ പിസി ജോര്‍ജിന്റെ പാലാ സ്വാധീനം നേട്ടമാക്കാമെന്ന പ്രതീക്ഷയും യുഡിഎഫിനുണ്ട്. പാലാ കോണ്‍ഗ്രസ് എടുത്താലും ജോസഫിനു കൊടുത്താനും രക്ഷപ്പെടില്ലെന്ന് യുഡിഎഫിന് വ്യക്തമായിക്കഴിഞ്ഞു.2015ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ 71ല്‍ 48 ഗ്രാമപഞ്ചായത്തുകളിലും ഭരണമുണ്ടായിരുന്ന യുഡിഎഫ് ഇത്തവണ 28ലേക്ക് ചുരുങ്ങി. ഒരിക്കലും കിട്ടാത്തവിധം നിയന്ത്രണത്തിന് അപ്പുറമായിരുന്ന 39 ഇടങ്ങള്‍ ഇടതുമുന്നണിയില്‍ എത്തുകയും ചെയ്തു.ഉമ്മന്‍ ചാണ്ടിയെ ഏറ്റവും ഭയപ്പെടുന്നത് പുതുപ്പള്ളിയില്‍ കോണ്‍ഗ്രസിനുണ്ടായ വന്‍ തകര്‍ച്ചയാണ്. എറെക്കാലവും കോണ്‍ഗ്രസിന് തുണച്ച പുതുപ്പള്ളി, മണര്‍കാട്, അകലക്കുന്നം, അയര്‍ക്കുന്നം, പാമ്പാടി പഞ്ചായത്തുകളിലുണ്ടായ അപ്രതീക്ഷിത തകര്‍ച്ച നിയമഭാ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമോ എന്ന് ഉമ്മന്‍ ചാണ്ടി ഭയപ്പെടുന്നു. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് ശക്തമായ സ്വാധീനമുള്ള അയര്‍ക്കുന്നവും അകലക്കുന്നവും നഷ്ടപ്പെട്ടത് ഉമ്മന്‍ ചാണ്ടിക്ക് ചെറിയ ആഘാതമല്ല. മാത്രവുമല്ല സഭാ കേസില്‍ യാക്കോബായ സഭ പണികൊടുത്തതാണ് മണര്‍കാട്, പാമ്പാടി ഉള്‍പ്പെടെ പഞ്ചായത്തുകളിലെ തോല്‍വിക്കു കാരണമായതെന്നു വ്യക്തം. സഭാ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ജോര്‍ജ് മുന്‍പ് ഓര്‍ത്തഡോക്‌സ്- യാക്കോബായ സഭാ നേതാക്കളെ നേരില്‍ കാണുകയും ചര്‍ച്ചയ്ക്ക് ശ്രമിക്കുകയും ചെയ്ത സാഹചര്യവും ഉമ്മന്‍ ചാണ്ടിക്ക് ആശ്വാസമായി മാറിയേക്കാം.ഒരു മാസത്തിനുള്ളില്‍ പിസി ജോര്‍ജിന് വ്യക്തമായ പ്രാതിനിധ്യം നല്‍കി യുഡിഎഫില്‍ എത്തിക്കാനുള്ള നീക്കം ഇനി അതിവേഗത്തിലായിരിക്കും.
https://www.facebook.com/Malayalivartha