കുഞ്ഞാലിക്കുട്ടിയെ നിർത്തി ലീഗിന്റെ കളി... ഒരു മുഴം മുന്നേയുള്ള കരുനീക്കം ലീഗിന്റെ പട പുറപ്പെട്ടു കീഴടങ്ങും കോണ്‍ഗ്രസ്

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുകാരേ, നിങ്ങള്‍ കണ്ടുപഠിക്കിന്‍, ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിന്റെ ഒരു മുഴം മുന്നേയുള്ള കരുനീക്കം. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളം വെട്ടിപ്പിടിക്കാന്‍ ആളും അര്‍ഥവുമായി മുസ്ലീം ലീഗിന്റെ പട പാണക്കാട്ടു നിന്ന് പുറപ്പെട്ടു കഴിഞ്ഞു.
ഇനി കേവലം ആറു മാസമേയുള്ള നിയമസഭാ തെരഞ്ഞെടുപ്പിനെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിഞ്ഞിട്ടില്ലെന്നു തോന്നുന്നു. വരുന്ന അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ലീഗ് 35 സീറ്റ് ചോദിച്ച് കുറഞ്ഞത് 32 ഇടങ്ങളില്‍ മത്സരിക്കാന്‍ തീരുമാനിച്ചതൊന്നും കോണ്‍ഗ്രസ് അറിഞ്ഞ മട്ടു കാണുന്നില്ല. ചിലയിടങ്ങളില്‍ ലീഗിന് സമ്മതാനായ മുസ്ലീം സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാനും കോണ്‍ഗ്രസ് നിര്‍ബന്ധിതമാകും.
ഈ പോക്കുപോയാല്‍ കേരളത്തില്‍ കോണ്‍ഗ്രസ് രണ്ടാമതും ലീഗ് ഒന്നാമതുമെത്തി യുഡിഎഫിനെ ഹൈജാക്ക് ചെയ്യുമെന്ന സാഹചര്യമുണ്ടായേക്കാം.കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം ഇടതുമുന്നണിയില്‍ ചേര്‍ന്നതോടെ ഇനി കേരളത്തില്‍ കേരളത്തില്‍ കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും കടിഞ്ഞാണ്‍ ലീഗീനായിരിക്കുമെന്നതാണ് വസ്തുത.
കുഞ്ഞാലിക്കുട്ടിയെ കേന്ദ്രത്തില്‍ നിന്ന് വലിച്ച് കേരളത്തില്‍ ലീഗിന്റെ പട നട നയിക്കാന്‍ പാണക്കാട് തങ്ങള്‍ കടിഞ്ഞാണ്‍ കൈമാറിയ വിവരമൊന്നും കോണ്‍ഗ്രസ് നായകര്‍ അറിഞ്ഞ മട്ടില്ല. കോവിഡിന്റെ ആലസ്യവും തദ്ദേശതെരഞ്ഞെടുപ്പിലെ തോല്‍വിയും കൂടി ഒരുമിച്ചുവന്നതോടെ, പുതപ്പിനുള്ളില്‍ ചുരുണ്ടുപോയിരിക്കുന്നു കോണ്‍ഗ്രസിന്റെ നേതാക്കള്‍.
എങ്ങാനും പുതപ്പില്‍നിന്നു തലപൊക്കിയില്‍ തന്നെ പരസ്പരം ചീത്തവിളിയും ചെളിവാരിയേറും മാത്രമേ കോണ്‍ഗ്രസ് നേതൃത്വത്തില്‍ കേള്‍ക്കാനുള്ളു.സംസ്ഥാനത്തെ 14 ജില്ലകളിലും ലീഗിന് അടുത്ത തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയുണ്ടാകുമെന്നും ഇതില്‍ കോണ്‍ഗ്രസ് കീഴടങ്ങുമെന്നും വിവരമുള്ളവര്‍ക്ക് മനസിലായിക്കഴിഞ്ഞു. ലീഗിന്റെ നയതന്ത്രജ്ഞന്‍ ഇ.ടി മുഹമ്മദ് ബഷീര്‍ ഏറെക്കുറെ ഇക്കാര്യം ഇന്ന് പരസ്യപ്പെടുത്തിയും കഴിഞ്ഞിരിക്കുന്നു. കേരളത്തില്‍ യുഡിഎഫിനെ ശക്തിപ്പെടുത്താനാണ് കളിയില്‍ കേമനായ കുഞ്ഞാലിക്കുട്ടിയെ കളത്തിലിറക്കുന്നതെന്നും വ്യക്തത വന്നതോടെ ഇനിയാണ് യുഡിഎഫിലെ കളി കാണേണ്ടത്. ഭരണം കിട്ടിയില്‍ മുഖ്യമന്ത്രിസ്ഥാനം വീതം വയ്ക്കണമെന്നു പറയാന്‍ പോലും ലീഗ് മടിക്കില്ല. അതല്ലെങ്കില്‍ ഉപമുഖ്യമന്ത്രിസ്ഥാനവും ആറു മുന്തിയ മന്ത്രിസ്ഥാനവും ലീഗിന്റെ കൈയിലിരിക്കും.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു സ്വതന്ത്ര സ്ഥാനാര്‍ത്തിയുള്‍പ്പെടെ 24 മണ്ഡലത്തിലായിരുന്നു ലീഗ് മത്സരിച്ചത്. ഇതില്‍ 18 ഇടത്ത് മുസ്ലീം ലീഗിന് വിജയിക്കാനായി. കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍ ലീഗ് മൂന്നം സീറ്റ് എന്ന അവകാശവാദത്തില്‍ വിട്ടുവീഴച് ചെയ്ത കണക്കു പറഞ്ഞാണ് എട്ടു പത്തു സീറ്റുകള്‍ കൂടി ലീഗ് വിലപേശി വാങ്ങുക.
ഇതോടെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ 35 വരെ സീറ്റുകള്‍ ലീഗ് ആവശ്യപ്പെടുമോയെന്നതാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്. മലപ്പുറത്തെ സീറ്റുകളില്‍ ലീഗ് വിജയിക്കുന്നത് സ്വന്തം കരുത്തിലാണ്. ഇതില്‍ കോണ്‍ഗ്രസിന്റെ പങ്കാളിത്തവും പിന്‍ബലവുമൊക്കെ തുലോം ചെറുതാണെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്കൊക്കെ അറിയാം. കോഴിക്കോട്ടും കാസര്‍ഗോട്ടുമുണ്ട് ലീഗീന് കാലങ്ങളായി അങ്ങിങ്ങ് സ്വന്തം കോട്ടകള്‍. അതേ സമയം തൃശൂരിനു വടക്കോട്ട് കോണ്‍ഗ്രസിന് പല സീറ്റുകളിലും കയറിപ്പറ്റാന്‍ ലീഗിന്റെ കോവണി സഹായം കൂടിയേ തീരൂ.
യുഡിഎഫിലെ പ്രധാന പാര്‍ട്ടിയായ കോണ്‍ഗ്രസ് 87 സീറ്റുകളില്‍ പാര്‍ട്ടി ചിഹ്നത്തില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തി വെറും 22 എണ്ണത്തില്‍ ജയിച്ചപ്പോഴായിരുന്നു ലീഗ് 24 ല്‍ 18 ഉം സ്വന്തമാക്കുന്നത്. മുന്നണിയിലെ മറ്റൊരു പ്രബല കക്ഷിയായിരുന്ന ഐക്യ കേരളാ കോണ്‍ഗ്രസ് എം 15 സീറ്റുകളില്‍ മത്സരിച്ചപ്പോള്‍ 6 സീറ്റുകളില്‍ മാത്രമേ വിജയിച്ചിട്ടുള്ളുവെന്നതും ശ്രദ്ധേയമാണ്. മുന്നണിയില്‍ നിന്ന് തങ്ങള്‍ക്ക് ലഭിക്കുന്ന സീറ്റുകളില്‍ വിജയശതമാനം കൂടിയ പാര്‍ട്ടി എന്ന നിലയിലും അടുത്ത തെരഞ്ഞെടുപ്പില്‍ ലീഗിന് കൂടുതല്‍ സീറ്റ് ചോദിക്കാന്‍ ന്യായമായ അവകാശവുമുണ്ട്.
നിലവില്‍ ഏഴു ജില്ലകളില്‍ നിന്ന് മാത്രമാണ് ലീഗ് നിയമസഭയിലേക്ക് ജനവിധി തേടുന്നത്. തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി തൃശ്ശൂര്‍, കൊല്ലം, കോട്ടയം തുടങ്ങിയ ജില്ലകളില്‍ ഒന്നോ രണ്ടോ സീറ്റുകൂടി ലീഗ് കണക്കുകൂട്ടി വച്ചിരിക്കുന്നു. എന്തിനേറെ, കായംകുളം, പെരുമ്പാവൂര്‍, പത്തനംതിട്ട, പൂഞ്ഞാര്‍ സീറ്റുകള്‍ വരെ ലീഗ് കണ്ടുവച്ചിരിക്കുന്നു. ഇടുക്കിയില്‍ മാത്രം ലീഗീന് പറ്റിയ സീറ്റ് കണ്ടുവയ്ക്കാനായിയുഡിഎഫിലെ രണ്ടാമത്തെ പാര്‍ട്ടിയെന്ന നിലയിലുമാണ് മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും കൂടുതല്‍ സീറ്റുകളില്‍ നിയമസഭയിലേക്ക് ജനവിധി തേടാന്‍ ലീഗിന് ധാര്‍മ്മികമായ അവകാശമുണ്ട്.
ജോസ് കെ മാണി എല്‍ഡിഎഫിലേക്കു പോയതില്‍ പിജെ ജോസഫ് വിഭാഗത്തിന് 10 സീറ്റുകളില്‍ കൂടുതല്‍ കോണ്‍ഗ്രസ് ഇനി നല്‍കാനിടയില്ല. കേരള കോണ്‍ഗ്രസ് അനൂപ് ജേക്കബിനും കൊടുക്കും ഒരു സീറ്റ്. കേരള കോണ്‍ഗ്രസ് എം മത്സരിച്ചിരുന്ന മധ്യ കേരളത്തിലെ ഈ പല സീറ്റുകളിലും കോണ്‍ഗ്രസ് കണ്ണുവച്ചിരിക്കുന്നു. അതേ സമയം കോണ്‍ഗ്രസിന്റെ പരമ്പരാഗത സീറ്റുകളില്‍ 10 എണ്ണം കൂടി ഇനി ലീഗ് സ്വന്തമാക്കും എന്ന തന്ത്രത്തിലാണ് കുഞ്ഞാലിക്കുട്ടിയെ മുന്നില്‍ നിറുത്തി ലീഗിന്റെ കളി.
"
https://www.facebook.com/Malayalivartha