കളക്ടറുടെ വാക്കുകള്‍ ഞങ്ങള്‍ വിശ്വസിക്കുന്നു... അമ്മയെ അച്ഛന് സമീപം അടക്കം ചെയ്യണം; അമ്പിളിയുടെ മൃതദേഹം രണ്ട് മണിക്കൂറോളം വഴിയില്‍ തടഞ്ഞ് വച്ച് നാട്ടുകാരുടെ പ്രതിഷേധം! പൊലീസുകാരനെതിരെ നടപടിയുണ്ടാകുമെന്ന് ഉറപ്പ് നല്‍കി കളക്ടര്‍... നെയ്യാറ്റിന്‍കരയിലെ ലക്ഷം വീട് കോളനിയിൽ കഴിഞ്ഞ ദിവസം സംഭവിച്ചത്.....

നെയ്യാറ്റിന്‍കരയിലെ വീടൊഴിപ്പിക്കൽ നടപടിയുമായി ബന്ധപ്പെട്ട് പൊള്ളലേറ്റ് മരിച്ച ദമ്പതികളുടെ വിഷയത്തില്‍ പ്രതിഷേധം കനപ്പിച്ച് നാട്ടുകാര്‍. ദമ്പതികളില്‍ ഒരാളായ അമ്പിളിയുടെ മൃതദേഹവുമായി വന്ന ആംബുലന്‍സ് തടഞ്ഞുകൊണ്ട് കുട്ടികളുടെ സംരക്ഷണത്തിന്റെ കാര്യം രേഖാമൂലം എഴുതി നല്‍കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
അതേസമയം, വിഷയത്തില്‍ പൊലീസുകാരനെതിരെ നടപടി സ്വീകരിക്കുമെന്നും ഉന്നയിച്ച നാല് ആവശ്യങ്ങളും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും കളക്ടര്‍ പറഞ്ഞു.
കളക്ടറുടെ വാക്കുകള്‍ തങ്ങള്‍ വിശ്വസിക്കുന്നതായും അമ്മയെ അച്ഛന് സമീപം അടക്കം ചെയ്യണമെന്നും മരണപ്പെട്ട ദമ്പതികളുടെ മക്കള്‍ ആവശ്യപ്പെട്ടു. പൊലീസുകാരനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അമ്പിളിയുടെ മൃതദേഹം രണ്ട് മണിക്കൂറോളം വഴിയില്‍ തടഞ്ഞ് വച്ചാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്.
നാട്ടുകാരുടെ പ്രതിഷേധം കനത്തതോടെയാണ് കളക്ടര്‍ വിഷയത്തില്‍ ഇടപെട്ടത്. ഇതിനിടെ സ്ഥലത്തിന്റെ പേരില്‍ മരിച്ച രാജനെതിരെ പരാതി നല്‍കിയ വസന്തയെ പൊലീസ് കരുതല്‍ കസ്റ്റഡിയിലെടുത്ത് മറ്റൊരിടത്തേക്ക് മാറ്റിയിരുന്നു.
ദമ്പതികള്‍ മരിച്ച സംഭവത്തില്‍ സാഹചര്യത്തിന് അനുസരിച്ച് പെരുമാറാത്ത പൊലീസുദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടെന്ന ആരോപണത്തെ കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടിരുന്നു.
തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവിക്കാണ് ബാലാവകാശ കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിര്‍ദ്ദേശം നല്‍കിയത്. നാലാഴ്ചക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം.
https://www.facebook.com/Malayalivartha


























