കേരള സര്‍ക്കാരിന്റെ കാര്യം സ്വാഹ... സാന്തിയാഗോ മാര്‍ട്ടിന്‍ പണി കൊടുത്തു... ഏറെ വൈകാതെ പൂട്ടിക്കെട്ടും സര്‍ക്കാര്‍ ലോട്ടറി

ഏറെ വൈകാതെ കേരള സര്‍ക്കാരിന്റെ ലോട്ടറികള്‍ പൂട്ടിക്കെട്ടും. അന്യസംസ്ഥാന ലോട്ടറി വില്‍പ്പനയ്ക്ക് ഹൈക്കോടതി അനുമതി നല്‍കിയതോടെ നാഗാലാന്‍ഡ് ലോട്ടറി വില്‍പന ഉടന്‍ കേരളത്തില്‍ തുടങ്ങുകയാണ്. സാന്തിയാഗോ മാര്‍ട്ടിനെപ്പോലുള്ള ലോട്ടറി കുത്തകകള്‍ കേരളം അടക്കിവാഴാനിരിക്കെ, കേരള സര്‍ക്കാരിന്റെ കാര്യം സ്വാഹ.
കാരുണ്യയും സ്ത്രീശക്തിയും വിന്‍വിനും മാസബംബറുമൊക്കെ ഇനി ഇതര സംസ്ഥാന ലോട്ടറിയോടു മത്സരിച്ച് പിടിച്ചുനില്‍ക്കേണ്ട സാഹചര്യമുണ്ടാകും.
നിലവില്‍ മദ്യ വില്‍പന കഴിഞ്ഞാല്‍ സര്‍ക്കാര്‍ ഖജനാവില്‍ ഏറ്റവും കൂടുതല്‍ വരുമാനം കിട്ടുന്നത് ലോട്ടറി വില്‍പനയില്‍നിന്നാണ്.
ഈ തുക ഇതര സംസ്ഥാന ലോട്ടറി കോടീശ്വരന്‍മാര്‍ കൊണ്ടുപോകുന്നതോടെ സര്‍ക്കാരിന് നികുതി വരുമാനം കുത്തനെ ഇടിയും. ആകര്‍ഷകമായ സമ്മാനങ്ങളോടെ ഒറ്റ നമ്പറും ഇരട്ടനമ്പറുമൊക്കെ പിടി മുറുക്കുമ്പോല്‍ മലയാളിയുടെ ലോട്ടറി ഭ്രമം നാഗാലാന്‍ഡ് ലോട്ടറിയിലേക്ക് വഴിമാറും.
അന്യസംസ്ഥാന ലോട്ടറി വില്പന നിരോധിച്ച് സംസ്ഥാനം കൊണ്ടുവന്ന നിയമഭേദഗതി ഹൈക്കോടതി റദ്ദാക്കിയിരിക്കിയതോടെയാണ് സര്‍ക്കാരിന്റെ ഭാഗ്യശ്രി വെള്ളത്തിലായിരിക്കുന്നത്. അന്യസംസ്ഥാന ലോട്ടറി വില്പനയില്‍ ഇടപെടാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്നും കേന്ദ്രത്തിനാണ് അധികാരമെന്നും സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു.
നാഗാലാന്‍ഡ് സര്‍ക്കാരിന്റെ ലോട്ടറി കേരളത്തില്‍ വില്‍ക്കുന്നത് നിരോധിച്ചത് ചോദ്യം ചെയ്ത് കോയമ്പത്തൂരിലെ ഫ്യൂച്ചര്‍ ഗെയിമിംഗ് ആന്‍ഡ് ഹോട്ടല്‍ സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡ് സമര്‍പ്പിച്ച ഹര്‍ജി അനുവദിച്ചാണ് ഉത്തരവ്. വിവാദ ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫ്യൂച്ചര്‍ ഗെയിമിംഗ്. ഈ വിധിയോടെ, നാഗാലാന്‍ഡ് ലോട്ടറിയുടെ വിപണനവും വില്പനയും കേരളത്തില്‍ ഇനി സര്‍ക്കാരിന് തടയാനാവില്ല.
കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെയാണ് നാഗാലാന്‍ഡ് ലോട്ടറികള്‍ വില്‍ക്കുന്നതെന്ന് കേരള സര്‍ക്കാരിന് പരാതിയുണ്ടെങ്കില്‍ നടപടി ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിക്കാമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
2005ലെ കേരള പേപ്പര്‍ ലോട്ടറീസ് നിയന്ത്രണ നിയമത്തില്‍ സംസ്ഥാനം വരുത്തിയ ഭേദഗതിക്കെതിരെയാണ് മാര്‍ട്ടിന്‍ ഹര്‍ജി സമര്‍പ്പിച്ചത്. 2018ലാണ് കേരളത്തില്‍ അന്യസംസ്ഥാന ലോട്ടറികളുടെ വില്പന നിരോധിച്ച് നിയമഭേദഗതി നിലവില്‍വന്നത്.
1998ലെ കേന്ദ്ര നിയമ പ്രകാരം ലോട്ടറി വില്പന സംബന്ധിച്ച് നിയമം നിര്‍മിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്. കേന്ദ്ര നിയമ പ്രകാരം ലോട്ടറി നടത്താനും പ്രചരിപ്പിക്കാനും സംസ്ഥാനങ്ങള്‍ക്ക് കഴിയും. പാര്‍ലമെന്റ് എല്ലാ സംസ്ഥാനങ്ങള്‍ക്കും നല്‍കുന്നതാണ് അധികാരം. അതില്‍ മറ്റൊരു സംസ്ഥാനത്തിന് ഇടപെടാനാകില്ല. ഇടപെടുന്നത് അവരുടെ അധികാരത്തില്‍ ഇടപെടുന്നതിന് തുല്യമാണെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം 40 കോടിരൂപയാണ് സിക്കിം, മേഘാലയ തുടങ്ങിയ ലോട്ടറികള്‍ നേരത്തേ കൊണ്ടുപോയിരുന്നത്. ജി.എസ്. ടി നിലവില്‍ വന്നതോടെ തന്നെ അന്യസംസ്ഥാന ലോട്ടറികളുടെ മടങ്ങിവരവിനു സാധ്യത തെളിഞ്ഞിരുന്നു. എന്നാല്‍ സംസ്ഥാന ലോട്ടറിക്ക് 12 ശതമാനവും അന്യസംസ്ഥാന ലോട്ടറിക്ക് 28 ശതമാനവുമാണ് നികുതി നിരക്ക് അന്നുണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ലോട്ടറി ജി.എസ്.ടി നിരക്ക് 28 ശതമാനമായി ഏകീകരിച്ചത് കേരളത്തിന് തിരിച്ചടിയായി. തുടര്‍ന്ന് സംസ്ഥാന ലോട്ടറി ടിക്കറ്റിന്റെ വിലയും വര്‍ദ്ധിപ്പിച്ചു. ഇനി അന്യസംസ്ഥാന ലോട്ടറികളോട് പിടിച്ചു നില്‍ക്കണമെങ്കില്‍ ടിക്കറ്റ് വില 40 രൂപയില്‍ നിന്ന് 20 രൂപയായി കുറയ്ക്കേണ്ടി വരും. കേരള സര്‍ക്കാര്‍ ലോട്ടറി തകരുമ്പോള്‍ കേരളം ഇതര സംസ്ഥാന ലോട്ടറികളുടെ കമ്പോളമായി മാറുകയാണ്.
" f
https://www.facebook.com/Malayalivartha


























