കൊവിഡ് വാക്‌സിൻ ; കേരളത്തിൽ നാളെ തിരുവനന്തപുരം, വയനാട്, ഇടുക്കി, പാലക്കാട് ജില്ലകളിൽ ഡ്രൈ റൺ ..തിരുവനന്തപുരത്ത് മൂന്ന് ആശുപത്രികളിലും മറ്റ് ജില്ലകളിൽ ഓരോ ആശുപത്രികളിലുമാണ് ഡ്രൈ റൺ നടത്തുന്നത്

കൊവിഡ് വാക്‌സിൻ വിതരണത്തിന്റെ മുന്നോടിയായി കേരളത്തിൽ നാല് ജില്ലകളിൽ നാളെ ഡ്രൈ റൺ... ഡിസംബർ 28, 29 തീയതികളിൽ ആസാം, ആന്ധ്ര പ്രദേശ്, പഞ്ചാബ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ ആദ്യ ഡ്രൈ റണ്ണിന് ശേഷം രാജ്യത്ത് നടക്കാനിരിക്കുന്ന രണ്ടാമത് ഡ്രൈ റൺ ആണിത്
തിരുവനന്തപുരം, വയനാട്, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് ഡ്രൈ റൺ നടത്തുക. തിരുവനന്തപുരത്ത് മൂന്ന് ആശുപത്രികളിലും മറ്റ് ജില്ലകളിൽ ഓരോ ആശുപത്രികളിലുമാണ് ഡ്രൈ റൺ നടത്തുക.
ജനുവരി രണ്ട് മുതൽ എല്ലാ സംസ്ഥാനങ്ങളിലും കൊവിഡ് വാക്‌സിൻ ഡ്രൈ റൺ നടക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഓരോ സംസ്ഥാനത്തും ചുരുങ്ങിയത് മൂന്നു സ്ഥലങ്ങളിലെങ്കിലും ഡ്രൈ റൺ നടത്തണമെന്നാണ് തീരുമാനം.
ഓരോ കേന്ദ്രത്തിലും 25 ആരോഗ്യപ്രവർത്തകർ വീതം ഡമ്മി കോവിഡ് വാക്സിൻ സ്വീകരിക്കുന്ന പ്രക്രിയയാണിത്. യഥാർത്ഥ വാക്സിൻ ഡ്രൈവ് ആരംഭിക്കുമ്പോൾ ഉണ്ടായേക്കാവുന്ന ന്യൂനതകൾ കണ്ടെത്താനുള്ള മാർഗം കൂടിയാണിത്.
നേരത്തെ നാല് സംസ്ഥാനങ്ങളിൽ രണ്ട് ദിവസത്തെ ഡ്രൈ റൺ വിജയകരമായി സംഘടിപ്പിച്ചിരുന്നു. ആന്ധ്ര പ്രദേശിലെ കൃഷ്‌ണ, ഗുജറാത്തിലെ രാജ്കോട്ട്, ഗാന്ധി നഗർ, ലുധിയാന, പഞ്ചാബിലെ ഷഹീദ് ഭഗത് സിംഗ് നഗർ, അസമിലെ സോണിത്പുർ, നൽബാരി എന്നീ ജില്ലകളിലാണ് രണ്ട് ദിവസത്തെ ഡ്രൈറൺ നടത്തിയത്.
സാങ്കേതികതയുടെ സഹായത്തോടെ കൊവിഡ് വാക്‌സിൻ വിതരണ സംവിധാനം സജ്ജമാക്കൽ, വിവരങ്ങൾ അപ്‌ലോഡ് ചെയ്യൽ, ജില്ലകളിൽ വാക്‌സിൻ സ്വീകരിക്കുന്നതും വാക്‌സിനേഷൻ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ, വാക്‌സിനേഷൻ ടീമിനെ വിന്യസിക്കൽ, സെഷൻ സൈറ്റിൽ സാധനങ്ങൾ എത്തിക്കൽ, വാക്‌സിനേഷൻ നടത്തുന്നതിന്റെ മോക്ക് ഡ്രിൽ, ബ്ലോക്ക്-ജില്ല-സംസ്ഥാന തല യോഗങ്ങളിലെ റിപ്പോർട്ടിംഗ്, അവലോകനം എന്നിവയെല്ലാം ഡ്രൈ റണ്ണിൽ ഉൾപ്പെടുന്നു
https://www.facebook.com/Malayalivartha


























