സംസ്ഥാനത്തു കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍.... സിനിമാ തിയറ്ററുകള്‍ അഞ്ചുമുതല്‍ തുറക്കും, ആരാധനാലയ ഉത്സവങ്ങളും കലാപരിപാടികളും നിയന്ത്രണങ്ങളോടെ.....

സംസ്ഥാനത്തു കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍. സിനിമാ തിയറ്ററുകള്‍ അഞ്ചുമുതല്‍ തുറക്കും. സീറ്റ് ശേഷിയുടെ പകുതി പ്രേക്ഷകരെയേ അനുവദിക്കൂവെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. കോവിഡ് വ്യാപനത്തേത്തുടര്‍ന്ന് ഒരുവര്‍ഷത്തോളമായി സിനിമാ തിയറ്ററുകള്‍ അടഞ്ഞുകിടക്കുകയാണ്. ചലച്ചിത്രമേഖലയിലെ ആയിരക്കണക്കിനാളുകള്‍ പ്രതിസന്ധി നേരിടുന്നതു കണക്കിലെടുത്താണു നിയന്ത്രണങ്ങളോടെ തിയറ്ററുകള്‍ തുറക്കുന്നത്.
കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചില്ലെങ്കില്‍ നടപടിയുണ്ടാകും. തുറക്കുന്നതിനു മുന്നോടിയായി തിയറ്ററുകള്‍ അണുമുക്തമാക്കണം.
കൂടാതെ ആരാധനാലയ ഉത്സവങ്ങളും കലാപരിപാടികളും നിയന്ത്രണങ്ങളോടെ അഞ്ചുമുതല്‍ നടത്താം. ആളുകളുടെ പങ്കാളിത്തം നിശ്ചിത എണ്ണത്തില്‍ കൂടരുത്. ഉത്സവങ്ങള്‍ക്കും കലാ-സാംസ്‌കാരികപരിപാടികള്‍ക്കും ഇന്‍ഡോറില്‍ പരമാവധി നൂറുപേര്‍. ഔട്ട്ഡോറില്‍ പരമാവധി 200 പേര്‍.
സ്പോര്‍ട്സ്/നീന്തല്‍ പരിശീലനം നിയന്ത്രണങ്ങളോടെ അനുവദിക്കും. എക്സിബിഷന്‍ ഹാളുകള്‍ നിയന്ത്രിത പങ്കാളിത്തത്തോടെ.
പട്ടികവിഭാഗത്തില്‍പ്പെട്ട 10, 12 ക്ലാസ് കുട്ടികള്‍ക്കുള്ള ഹോസ്റ്റലുകള്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം പ്രവര്‍ത്തിക്കാം.
പുതുവര്‍ഷത്തില്‍ പത്ത് പദ്ധതികള്‍ കൂടി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. വാര്‍ഷികവരുമാനം 2.5 ലക്ഷം രൂപയില്‍ താഴെയുള്ള കുടുംബങ്ങളിലെ, ബിരുദപഠനം പൂര്‍ത്തിയാക്കിയ 1000 വിദ്യാര്‍ഥികള്‍ക്ക് ഒരുലക്ഷംരൂപ വീതം സഹായം. മാര്‍ക്ക്/ഗ്രേഡ് അടിസ്ഥാനത്തില്‍ ആദ്യത്തെ 1000 പേരെ നിശ്ചയിക്കും.റിപ്പബ്ലിക് ദിനത്തില്‍ അഴിമതിമുക്തകേരളം പരിപാടി ആരംഭിക്കും. വിവരദാതാവിന്റെ പേര് രഹസ്യമായി സൂക്ഷിക്കും. സോഫ്റ്റ്വേറിലൂടെ വിവരമറിയിക്കാം; നേരിട്ടു വരേണ്ടതില്ല. പരാതിയുടെ നിജസ്ഥിതി മനസിലാക്കി, നടപടിക്കായി പ്രത്യേക അതോറിറ്റിക്കു കൈമാറും.
മടങ്ങിവന്ന പ്രവാസികള്‍ സര്‍ക്കാര്‍രേഖകള്‍ക്ക് അപേക്ഷിച്ചാല്‍ 15 ദിവസത്തിനകം ലഭ്യമാക്കും. വിളര്‍ച്ച ബാധിച്ച കുട്ടികള്‍ക്കു ഫെബ്രുവരി മുതല്‍ പോഷകാഹാരമെത്തിക്കും. > പ്രകൃതിസൗഹൃദ ഗൃഹനിര്‍മാണങ്ങള്‍ക്ക് ഒറ്റത്തവണയായി അടയ്ക്കുന്ന കെട്ടിടനികുതിയില്‍ ഗ്രീന്‍ റിബേറ്റ്.
എല്ലാ തദ്ദേശസ്ഥാപനങ്ങളിലും പ്രഭാത-സായാഹ്നസവാരിക്കും കുട്ടികള്‍ക്കു കളിക്കാനും പൊതുഇടങ്ങള്‍.
ഉന്നതവിദ്യാഭ്യാസമേഖലയില്‍ എമിനന്റ് സ്‌കോളേഴ്സ് ഓണ്‍ലൈന്‍ പരിപാടി.ലോകപ്രശസ്ത സാമ്പത്തിക, സാമൂഹികശാസ്ത്രജ്ഞര്‍, ഭാഷാവിദഗ്ധര്‍ എന്നിവരുമായി വിദ്യാര്‍ഥികള്‍ക്ക് ആശയവിനിമയം നടത്താം.വിക്ടേഴ്സ് പോലുള്ള ചാനലുകള്‍ മുഖേനയും ഈ സൗകര്യമൊരുക്കും; ആദ്യപ്രഭാഷണം ഈമാസം. കുട്ടികളിലെ ആത്മഹത്യാപ്രവണത തടയാന്‍ സ്‌കൂള്‍ കൗണ്‍സലര്‍മാരുടെ എണ്ണം ഇരട്ടിയാക്കും. (നിലവില്‍ 1024 പേര്‍).
മാസത്തില്‍ രണ്ടുതവണ ബ്ലോക്ക് തലത്തില്‍ രക്ഷാകര്‍ത്താക്കള്‍ക്കു കൗണ്‍സലിങ്. സ്‌കൂളുകളില്‍ 20 കുട്ടികളെ ശ്രദ്ധിക്കാന്‍ ഒരു അധ്യാപികയോ അധ്യാപകനോ എന്ന രീതിയില്‍ ക്രമീകരണം. പ്രശ്നങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്കായി ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍.
സൈക്കോളജിസ്റ്റ്, നിയമവിദഗ്ധന്‍, ഉന്നത വനിതാ പോലീസ് ഓഫീസര്‍ എന്നിവര്‍ ജില്ലാതലനേതൃത്വം നല്‍കും.
https://www.facebook.com/Malayalivartha

























