വനാതിര്‍ത്തിയോടു ചേര്‍ന്നുള്ള കുന്നിന്‍ മുകളിലെ ആഴമുള്ള കിണറ്റില്‍ വീണ കാട്ടാനയെ വനപാലക സംഘം 14 മണിക്കൂറോളം നീണ്ട കഠിനപ്രയത്‌നത്തിലൂടെ രക്ഷപ്പെടുത്തി...

വനാതിര്‍ത്തിയോടു ചേര്‍ന്നുള്ള കുന്നിന്‍ മുകളിലെ ആഴമുള്ള കിണറ്റില്‍ വീണ കാട്ടാനയെ വനപാലക സംഘം 14 മണിക്കൂറോളം നീണ്ട കഠിനപ്രയത്‌നത്തിലൂടെ രക്ഷപ്പെടുത്തി. കരയ്‌ക്കെത്തിയതും ആന കാട്ടിലേക്ക് ഓടി മറഞ്ഞു. ആനക്കാംപൊയില്‍ മുത്തപ്പന്‍ പുഴയ്ക്കടുത്ത് കര്‍ഷകനായ തൊണ്ണൂരില്‍ ജോസ് കുട്ടിയുടെ തോട്ടത്തിലെ കിണറ്റിലാണ് കാട്ടാന വീണത്. ഇന്നലെ രാവിലെ വനമേഖലയില്‍ പട്രോളിംഗിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥരാണ് ആന കിണറ്റില്‍ കുടുങ്ങിയത് കണ്ടത്. അവര്‍ ഉന്നതാധികൃതരെ അറിയിച്ചു.
റോഡില്‍ നിന്ന് മുക്കാല്‍ മണിക്കൂറോളം നടന്നുവേണം ഈ കുന്നില്‍മുകളില്‍ എത്താന്‍. പെട്ടെന്ന് താത്കാലിക വഴി ഒരുക്കി ജെ.സി.ബി കൊണ്ടുവന്ന് രക്ഷാപ്രവര്‍ത്തനം തുടങ്ങി. കിണറിനോടു ചേര്‍ന്ന് കിടങ്ങുണ്ടാക്കി, അതിലൂടെ ആനയെ രാത്രി എട്ടു മണിയോടെ പുറത്തെത്തിക്കുകയായിരുന്നു. ആന കിണറ്റില്‍ വീണിട്ട് മൂന്ന് ദിവസമെങ്കിലും ആയിട്ടുണ്ടെന്ന് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ പറഞ്ഞു.ആനയ്ക്ക് കാര്യമായ പരിക്കുകളൊന്നുമില്ലായിരുന്നു. കിണറ്റില്‍ കണ്ടതു മുതല്‍ ആനയ്ക്ക് കുടിവെള്ളവും ഭക്ഷണവും നല്‍കുന്നുണ്ടായിരുന്നു.
കോഴിക്കോട് ഡി.എഫ്.ഒ രാജീവ്, കോഴിക്കോട് ഫ്‌ളൈയിംഗ് സ്‌ക്വാഡ് ഡി.എഫ്.ഒ ധനേഷ് കുമാര്‍, താമരശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ സുധീര്‍ നേറോത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.
https://www.facebook.com/Malayalivartha

























