പുരുഷു അനുഗ്രഹിക്കണം... തന്നെ പറ്റിച്ചിട്ടുണ്ടെങ്കില്‍ സുപ്രീംകോടതിവരെ പോകുമെന്ന് ബോബി ചെമ്മണ്ണൂര്‍ തറപ്പിച്ച് പറഞ്ഞതോടെ പത്രക്കാരെ വിളിച്ച് മറുതന്ത്രം പയറ്റി വസന്ത; ബോബി ചെമ്മണ്ണൂര്‍ സ്ഥലത്തിന് വില പറഞ്ഞില്ല; ബോബി ചെമ്മണ്ണൂര്‍ അഡ്വാന്‍സ് തന്നത് വെറും 50,000 രൂപ

നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ വിവാദ വസ്തുവിലെ പരാതിക്കാരിയായ വസന്ത വീണ്ടും താരമാകുകയാണ്. പോലീസുകാര്‍ പൊക്കിക്കൊണ്ടുപോയ വസന്തയെ പത്രക്കാര്‍ മഷിയിട്ടു നോക്കിയിട്ടും കാണാനില്ലായിരുന്നു. പക്ഷെ തൃശൂരില്‍ നിന്നും വന്ന ബോബി ചെമ്മണ്ണൂര്‍ വേണ്ടിവന്നു വസന്തയെ തിരികെ കൊണ്ടുവരാന്‍. വസന്തയില്‍ നിന്നും താന്‍ ഭൂമി വാങ്ങിയെന്ന് പറഞ്ഞ് ഫോട്ടോ നല്‍കി പത്രക്കാരെ വിളിച്ചു വരുത്തിയത് ബോബി ചെമ്മണ്ണൂര്‍ തന്നെയാണ്. അവസാനം ചാനലുകാരുടെ ലൈവിന് മുമ്പില്‍ എഗ്രിമെന്റ് കൈമാറിയപ്പോഴാണ് ട്വിസ്റ്റുണ്ടായത്. വിലയ്ക്ക് വാങ്ങിയ സര്‍ക്കാര്‍ ഭൂമി തങ്ങള്‍ക്ക് വേണ്ടെന്നാണ് കുട്ടികള്‍ പറഞ്ഞത്. ഇതോടെ വസന്ത പറ്റിച്ചിട്ടുണ്ടെങ്കില്‍ സുപ്രീം കോടതി വരെ പോകുമെന്നാണ് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞത്.
എന്നാല്‍ വസന്തയും വിട്ടില്ല. ഇതിനെതിരെ പത്രക്കാരെ വിളിച്ചുകൂട്ടി മറുപടി പറഞ്ഞു. ബോബി ചെമ്മണ്ണൂരിനോട് താന്‍ സ്ഥലത്തിന് വില പറഞ്ഞില്ലെന്നും ഇഷ്ടമുള്ളത് മതിയെന്നുമാണ് പറഞ്ഞതെന്നാണ് വസന്ത പറഞ്ഞത്. 50,000 രൂപയാണ് അഡ്വാന്‍സായി നല്‍കിയത്.
കോളനിയിലെ ദുര്‍നടപ്പുകള്‍ക്ക് താന്‍ തടസ്സം നില്‍ക്കുന്നതാണ് അവിടെയുള്ളവര്‍ക്ക് വിദ്വേഷം തോന്നാന്‍ കാരണമെന്നാണ് വസന്തയുടെ വാദം. കൊലപാതകം, മയക്കുമരുന്ന്, കഞ്ചാവ് വില്‍പ്പനയും ഒക്കെ സ്ഥിരമായി നടക്കുന്ന സ്ഥലമാണ്. ഇതിനെതിരെ താന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇക്കാരണത്താല്‍ പലതരത്തില്‍ കോളനിവാസികള്‍ ദ്രോഹിച്ചിരുന്നു.
15 വര്‍ഷമായി കരമടയ്ക്കുന്ന ഭൂമിയാണ്. കോടതിയില്‍ ഉടമസ്ഥാവകാശം തെളിയിച്ചിട്ട് ഭൂമി ബോബി ചെമ്മണ്ണൂരിന് നല്‍കാമെന്നും വസന്ത പറയുന്നു.
ഇതിനിടെ, വിവാദ ഭൂമി സര്‍ക്കാരിന് കൈമാറുമെന്ന് വ്യവസായി ബോബി ചെമ്മണ്ണൂര്‍. കുട്ടികളുടെ ആഗ്രഹപ്രകാരമാണ് തീരുമാനമെന്നും ബോബി പറഞ്ഞു. വസന്തയില്‍നിന്നു വാങ്ങി ഭൂമി നല്‍കാനുള്ള നീക്കത്തെ കുട്ടികള്‍ നിരസിച്ചിരുന്നു. സര്‍ക്കാര്‍ ഭൂമി നല്‍കിയാല്‍ മാത്രമേ സ്വീകരിക്കൂവെന്നു മരിച്ച രാജന്റെയും അമ്പിളിയുടെയും മക്കളായ രാഹുലും രഞ്ജിത്തും വ്യക്തമാക്കുകയും ചെയ്തു.
രാവിലെ സമൂഹമാധ്യമത്തില്‍ എഴുതിയ കുറിപ്പില്‍ ബോബി മുഖ്യമന്ത്രിയെ കാണണമെന്ന് ആഗ്രഹം പങ്കുവച്ചിരുന്നു. 'എനിക്കൊരു കാര്യം മനസ്സിലായത് ആ കുട്ടികള്‍ക്ക് ആ രേഖകള്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ കൈകൊണ്ട് ലഭിക്കണമെന്നാണ്. ഞാന്‍ ആലോചിച്ചപ്പോള്‍ അത് കുട്ടികളുടെ ന്യായമായ ആഗ്രഹമാണെന്നാണ് തോന്നിയത്. മാത്രവുമല്ല നമ്മുടെ മുഖ്യമന്ത്രി അത് നല്‍കുവാന്‍ ഏറെ അനുയോജ്യനുമാണ്.
അദ്ദേഹം പല കാര്യങ്ങളിലും ഈ കുട്ടികളെ സഹായിക്കാന്‍ ശ്രമിക്കുന്നുണ്ട്. അപ്പോള്‍ ഇക്കാര്യം ഞാന്‍തന്നെ മുഖ്യമന്ത്രിയെ നേരില്‍ കണ്ടു അപേക്ഷിക്കുവാന്‍ പോവുകയാണ്. അങ്ങയുടെ കൈ കൊണ്ട് തന്നെ ഈ രേഖകള്‍ കുട്ടികള്‍ക്ക് നല്‍കണമെന്ന്. അതിനായി മുഖ്യമന്ത്രിയെ നേരില്‍കണ്ട് ഇക്കാര്യം അറിയിക്കാനായി ഞാന്‍ തിരുവനന്തപുരത്ത് തുടരുകയാണ്.' എന്നും ബോബി കുറിച്ചു.
അതേസമയം, ഭൂമി തന്റേതു തന്നെയെന്നും പട്ടയമുള്ള ഭൂമിയാണെന്നും ആവര്‍ത്തിച്ചു പരാതിക്കാരി വസന്ത രംഗത്തെത്തിയതോടെ കാര്യങ്ങള്‍ വീണ്ടും തിരിഞ്ഞു. മരിച്ച രാജനും കുടുംബവും താമസിച്ചിരുന്നത് 15 വര്‍ഷമായി താന്‍ കരമടയ്ക്കുന്ന ഭൂമിയില്‍ ആണെന്നും കോടതിയില്‍ ഉടമസ്ഥാവകാശം തെളിയിച്ചശേഷം ബോബി ചെമ്മണ്ണൂരിനു ഭൂമി നല്‍കാമെന്നും വസന്ത പറഞ്ഞു. ഇതോടെ വീണ്ടും കാര്യങ്ങള്‍ കലങ്ങി മറിയുകയാണ്. ഈ മാരണത്തില്‍ നിന്നും എങ്ങനേയും ഊരി രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് ബോബി ചെമ്മണ്ണൂരും. അനവസരത്തില്‍ ഇടപെട്ട് സോഷ്യല്‍ മീഡിയയുടെ ശക്തമായ എതിര്‍പ്പാണ് ക്ഷണിച്ചുവരുത്തിയത്. ഇതിനിടെയാണ് വസന്തയുടെ പത്രസമ്മേളനവും. ഇനി മുഖ്യമന്ത്രി ബോബി ചെമ്മണ്ണൂരിനെ തഴഞ്ഞാല്‍ അത് വലിയ അടിയാകും. എന്താകുമോ എന്തോ.
"
https://www.facebook.com/Malayalivartha