എം വിജയകുമാര്‍ അരുവിക്കരയില്‍ സിപിഎം സ്ഥാനാര്‍ഥിയാകും, തീരുമാനം ജില്ലാകമ്മിറ്റിയിലുണ്ടായ കടുത്ത തര്‍ക്കത്തിനൊടുവില്‍

എം വിജയകുമാര്‍ അരുവിക്കരയില്‍ സിപിഎം സ്ഥാനാര്‍ഥിയാകും. ഇന്ന് ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗമാണ് വിജയകുമാറിനെ സ്ഥാനാര്‍ഥിയായി തീരുമാനിച്ചത്. വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരില്‍ മന്ത്രിയും ഇ.കെ.നായനാര്‍ സര്‍ക്കാരിന്റെ കാലത്തു നിയമസഭാ സ്പീക്കറുമായിരുന്നു എം വിജയകുമാര്‍. അരുവിക്കര മണ്ഡലത്തില്‍പ്പെട്ട മൊട്ടമൂട് സ്വദേശിയാണ് സിപിഎമ്മിന്റെ ഈ മുന്‍ ജില്ലാ സെക്രട്ടറി. 1987 ല്‍ തിരുവനന്തപുരം നോര്‍ത്ത് മണ്ഡലത്തില്‍ എം.വിജയകുമാര്‍ ജി. കാര്‍ത്തികേയനെ തോല്‍പ്പിച്ച ചരിത്രവും സിപിഎമ്മിനുണ്ട്.
സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കാന്‍ കഴിഞ്ഞ ദിവസം സിപിഎം ജില്ലാകമ്മിറ്റിയോഗം ചേര്‍ന്നിരുന്നു. സ്ഥാനാര്‍ഥിയെ ചൊല്ലി കടുത്ത തര്‍ക്കമാണ് ജില്ലാകമ്മിറ്റിയില്‍ അരങ്ങേറിയത്. പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന സിപിഎം ജില്ലാകമ്മിറ്റിയില്‍ സ്ഥാനാര്‍ഥിയെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമായെന്നാണ് റിപ്പോര്‍ട്ട്. പുതുമുഖത്തെ രംഗത്തിറക്കണമെന്ന് ജില്ലാസെക്രട്ടറി കടംകടംപള്ളി സുരേന്ദ്രന്‍ ആവശ്യപ്പെട്ടതാണ് തര്‍ക്കത്തിനിടയാക്കിയതെന്നാണ് സൂചന. സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കാനായി കൂടിയ ചര്‍ച്ചയില്‍ ജില്ലാസെക്രട്ടറി വികെ മധു, സുനില്‍കുമാര്‍, ഐബി സതീഷ് എന്നിവരുടെ പേരുകള്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ സ്ഥാനാര്‍ഥിയാകുമെന്ന് പ്രതീക്ഷിച്ച എം വിജയകുമാറിന്റെ പേര് നിര്‍ദ്ദേശിച്ചതും ഇല്ല. ഇതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. എം വിജയകുമാറിനെ തന്നെ സ്ഥാനാര്‍ഥിയാക്കി സീറ്റ് പിടിക്കണമെന്ന് മുതിര്‍ന്ന നേതാക്കളായ ആനാവൂര്‍നാഗപ്പന്‍, പിരപ്പന്‍കോട് മുരളി തുടങ്ങിയവര്‍ ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറിയുടെ ഏകപക്ഷീയമായ തീരുമാനത്തെ ഇവര്‍ ചോദ്യം ചെയ്തു. നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ് ഉദാഹരണമായി ചൂണ്ടികാട്ടിയായിരുന്നു ഇവരുടെ വാദം. അവസാനം പിണറായി വിജയന്റെ ഇടപെടലില്‍ ജില്ലാകമ്മിറ്റിയോഗം വിജയകുമാറിനെ സ്ഥാനാര്‍ഥിയായി തീരുമാനിക്കുകയായിരുന്നു. ഇതാണ് ഇന്ന് ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗം അംഗീകരിച്ചത്. നാളെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് സ്ഥാനാര്‍ഥിയെ അംഗീകരിക്കും.
കോണ്‍ഗ്രസില്‍ ജി കാര്‍ത്തികേയന്റെ ഭാര്യ ഡോ എം സുലേഖയെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് ഭൂരിപക്ഷം പേരുടെയും അഭിപ്രായം. എന്നാല്‍ സുലേഖ സ്ഥാനാര്‍ഥിയാവാനില്ലെന്ന് പ്രഖ്യാപിച്ചത് കോണ്‍ഗ്രസിന് തിരിച്ചടിയായി. കഴിഞ്ഞ ദിവസം മുതിര്‍ന്ന നേതാക്കള്‍ കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധിയെ കൊണ്ട് സുലേഖയുമായി സംസാരിച്ചെങ്കിലും തീരുമാനത്തില്‍ മാറ്റമില്ലന്നാണ് സുചന. അങ്ങനെയെങ്കില്‍ മുതിര്‍ന്ന നേതാക്കളാരെങ്കിലും അരുവിക്കരയില്‍ മത്സരിക്കും. സീറ്റിനുവേണ്ടി ചില യുവ നേതാക്കളും രംഗത്തുണ്ട്. നേരത്തെ തന്നെ മണ്ഡലത്തില്‍ ഇത്തരത്തിലുള്ള നേതാക്കളുടെ പോസ്റ്റര്‍ പതിച്ചിരുന്നു. മണക്കാട് സുരേഷ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അന്‍സജിത റസ്സല്‍ തുടങ്ങിയവരുടെ പേരിലുള്ള പോസ്റ്ററുകളാണ് പതിച്ചിരുന്നത്.
ബിജെപിയാകട്ടെ മത്സരിക്കന്ന കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ടോ എന്ന കാര്യം പോലും സംശയമാണ്. മരാര്‍ജി ഭവനില്‍ ഇതേക്കുറിച്ചുള്ള ചര്‍ച്ചകളൊന്നും ഇനിയും തുടങ്ങിയിട്ടില്ല. സംസ്ഥാന സന്ദര്‍ശനം കഴിഞ്ഞ തിരിച്ചുപോയ ബിജെപി ദേശീയ അധ്യക്ഷന്‍ തിരഞ്ഞെടുപ്പില്‍ മിന്നുന്ന പ്രകടനം കാഴ്ചവെയ്ക്കണമെന്ന നിര്‍ദ്ദേശമാണ് സംസ്ഥാന നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഗ്രൂപ്പ്‌പോരുമൂലം ഇതൊന്നും ചെവിക്കൊള്ളാന്‍ നേതാക്കള്‍ക്ക് സമയമില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























