ഡോളര്‍ കടത്ത് കേസ്.... സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പനെ ഒമ്ബത് മണിക്കൂര്‍ ചോദ്യം ചെയ്ത് വിട്ടയച്ചു

ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരെ സ്വപ്ന സുരേഷ് നല്‍കിയ മൊഴിയുടെ വിശദാംശങ്ങള്‍ അന്വേഷിക്കാന്‍ സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന്റെ മൊഴിയെടുത്ത ശേഷം കസ്റ്റംസ് വിട്ടയച്ചു. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റ്റീവ് ഓഫീസില്‍ വെച്ചാണ് കെ അയ്യപ്പനെ ഒമ്പത് മണിക്കൂര്‍ ചോദ്യം ചെയ്തത്. അതേസമയം അയ്യപ്പനെ ഇനി ചോദ്യം ചെയ്യലിന് വിളിപ്പിക്കില്ലെന്നും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ രണ്ട് തവണ നോട്ടീസ് നല്‍കിയപ്പോഴും അയ്യപ്പന്‍ ഒഴിഞ്ഞുമാറുകയായിരുന്നു. നിയമസഭാ സമ്മേളനം തുടങ്ങുന്നതിനാല്‍ തത്കാലത്തേക്ക് ഒഴിവാക്കണമെന്നായിരുന്നു ഒടുവിലത്തെ മറുപടിയില്‍ ഉണ്ടായിരുന്നത്. അയ്യപ്പന് നോട്ടീസ് നല്‍കിയ നടപടി ചോദ്യം ചെയ്ത് നിയമസഭാ സെക്രട്ടറി തന്നെ കസ്റ്റംസിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിക്ക് നിയമപരിരക്ഷയുണ്ടെന്ന നിയമസഭാ സെക്രട്ടറിയുടെ വാദങ്ങള്‍ തള്ളിയ കസ്റ്റംസ്, കുറ്റവാളികളെ സംരക്ഷിക്കാനുള്ളതല്ല നിയമസഭാ ചട്ടമെന്ന രൂക്ഷവിമര്‍ശനങ്ങളോടെ നിയമസഭാ സെക്രട്ടറിക്ക് മറുപടിയും നല്‍കി. ഇതിന് പിന്നാലെയാണ് സഭാ സമ്മേളനം നടക്കുന്ന ഇന്ന് അയ്യപ്പന്‍ കസ്റ്റംസിന് മുന്നില്‍ ഹാജരായത്.
https://www.facebook.com/Malayalivartha

























