സി.പി.എം മുന്‍ ലോക്കല്‍ സെക്രട്ടറിയുടെ ആത്മഹത്യ; ഭാര്യയും ബന്ധുകളും മൊഴിയില്‍ ഉറച്ചു നില്‍ക്കുന്നു; സി.പി.എം പ്രദേശിക നേതൃത്വം വെട്ടിലായി; കോന്നി റീജനല്‍ കോ-ഓപറേറ്റിവ് ബാങ്കിന്റെ കോടികളുടെ അഴിമതി പുറത്ത് വന്നതിന് പിന്നില്‍

സി.പി.എം മുന്‍ ലോക്കല്‍ സെക്രട്ടറിയുടെ ആത്മഹത്യയില്‍ പാര്‍ട്ടിക്കെതിരായ മൊഴിയില്‍ ഭാര്യ രാധയും മറ്റ് ബന്ധുക്കളും ഉറപ്പിച്ചു നിന്നു. ഇതോടെ സി.പി.എം കോന്നി ഏരിയ നേതൃത്വത്തെ വെട്ടിലായി. നിയമസഭാ മണ്ഡലത്തിലാകെ മിന്നുന്ന വിജയം നേടിയ സി.പി.എം കേവലം ഒരു വാര്‍ഡിലെ പരാജയത്തിന്റെ പേരില്‍ ഉയര്‍ത്തിയ ഭീഷണിയാണ് മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഓമനക്കുട്ടന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോന്നി പഞ്ചായത്ത് 13-ാം വാര്‍ഡില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായി മത്സരിച്ച ലൈജു വര്‍ഗീസിന്റെ പരാജയത്തിന് പിന്നില്‍ മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഓമനക്കുട്ടനാണെന്ന് ആരോപിച്ച് വലിയ പ്രചാരണം നടത്തുകയും വധഭീഷണി മുഴക്കുകയും ചെയ്തതായി ബന്ധുക്കള്‍ പറഞ്ഞു. ഓമനക്കുട്ടന്റെ മരണത്തിന് ഉത്തരവാദികളായ സി.പി.എം നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പേരെടുത്തുതന്നെ ബന്ധുക്കള്‍ പറയുമ്പോള്‍ പാര്‍ട്ടി നേതൃത്വം മൗനം പാലിക്കുകയാണ്. ചെറുപ്പത്തില്‍തന്നെ പാര്‍ട്ടി പ്രവര്‍ത്തകനായ ഓമനക്കുട്ടന്റെ ജീവിതം ചെങ്കൊടി നെഞ്ചോട് ചേര്‍ത്തുപിടിച്ചായിരുന്നു. 2010നുശേഷമാണ് ഓമനക്കുട്ടന്‍ സി.പി.എമ്മിന്റെ കോന്നി ലോക്കല്‍ കമ്മിറ്റിയുടെ അമരക്കാരനായത്.
ഈ കാലഘട്ടത്തില്‍തന്നെ സി.പി.എം ഭരിക്കുന്ന കോന്നി റീജനല്‍ കോ-ഓപറേറ്റിവ് ബാങ്കിന്റെ പയ്യനാമണ്‍ ശാഖയില്‍ കലക്ഷന്‍ ഏജന്റായി ജോലിയില്‍ പ്രവേശിച്ചു. 2018ല്‍ ബാങ്കിലെ ആസ്ഥാനത്ത് ജീവനക്കാര്‍ കോടികളുടെ അഴിമതി നടത്തിയപ്പോള്‍ ബാങ്ക് പ്രസിഡന്റായിരുന്ന വി.ബി. ശ്രീനിവാസനെതിരെ പാര്‍ട്ടി നടപടി ഉണ്ടായി. ആ കാലഘട്ടത്തില്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്ന ഓമനക്കുട്ടന്‍ ശ്രീനിവാസനൊപ്പം നിന്നതോടെ പാര്‍ട്ടിക്ക് അനഭിമതനായി.
അന്നുമുതല്‍ ഇദ്ദേഹത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും സി.പി.എം ആക്രമണം ഉണ്ടായിരുന്നു. ഏറ്റവും ഒടുവില്‍ ക്ഷേമ പെന്‍ഷനുകളുടെ വിതരണം നടത്തിയിരുന്ന ഓമനക്കുട്ടനെ ബാങ്ക് ഭരണസമിതിയിലെ സി.പി.എം അംഗങ്ങള്‍ മാത്രം യോഗം ചേര്‍ന്ന് എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഒഴിവാക്കിയിരുന്നു. ഇതുകൂടി ആയതോടെ തന്റെ ജോലിയും നഷ്ടപ്പെടുമെന്ന ആശങ്കയിലായിരുന്നു ഓമനക്കുട്ടന്‍.
ബുധനാഴ്ച രാവിലെയാണ് ചരിവുകാലയിലെ വീടിനോട് ചേര്‍ന്ന് ഓമനക്കുട്ടനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം പാര്‍ട്ടിക്കെതിരേയുള്ള കുടുംബത്തിന്റെ ആരോപണങ്ങള്‍ കോന്നി ഏരിയാ സെക്രട്ടറി ശ്യാംലാല്‍ നിഷേധിച്ചു. പ്രാദേശിക പാര്‍ട്ടി നേതൃത്വവും ഓമനക്കുട്ടനുമായി എതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതായി തന്റെ അറിവിലില്ലെന്ന് ഏരിയാ സെക്രട്ടറി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഓമനക്കുട്ടനും ഭാര്യയും തന്നെവന്നു കണ്ടിരുന്നു. വിഷയത്തിലെ നിജസ്ഥിതി പരിശോധിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നുവെന്നും ശ്യാംലാല്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha