ലാവ്ലിന് കേസിൽ സിബിഐയെ എതിര്‍ക്കുന്ന സിപിഎമ്മിന് സോളാര്‍ കേസില്‍ സിബിഐ വേണമെന്നത് വിചിത്രമാണ്; സോളാര്‍ പീഡനക്കേസ് സിബിഐക്ക് വിടാന്‍ തീരുമാനിച്ചത് ജനങ്ങളെ കബളിപ്പിക്കാനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്

നിയമസഭാ തെരഞ്ഞെടുപ്പിന്റെ പടിവാതിക്കല്‍നില്‍ക്കെ സോളാര്‍ പീഡനക്കേസ് സിബിഐക്ക് വിടാന്‍ തീരുമാനിച്ചത് ജനങ്ങളെ കബളിപ്പിക്കാനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. സോളാര്‍ വിവാദം ഉയര്‍ത്തി ഭരണത്തിലെത്തിയ ഇടതുപക്ഷം അഞ്ചുവര്‍ഷം ഭരിച്ചിട്ടും ഈ കേസില്‍ ഒരു ചെറുവിരല്‍ പോലും അനക്കിയില്ലെന്നും സുരേന്ദ്രന് പറഞ്ഞു.
സോളാര്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും ജുഡീഷല്‍ അന്വേഷണം മതിയെന്നും നിലപാട് എടുത്തിരുന്ന സിപിഎമ്മും ഇടതുപക്ഷവുമാണ് ഇപ്പോള്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ഈ തീരുമാനം ജനങ്ങളെ കബളിപ്പിക്കാനാണെന്നും സുരേന്ദ്രന് ആരോപിച്ചു.
പ്രഥമദൃഷ്ടിയാല്‍ തന്നെ കേസെടുക്കാന്‍ വകുപ്പുള്ള പീഡന കേസ് വരെ ഉണ്ടായിട്ടും പിണറായി സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. ഇപ്പോള്‍ കേസ് സിബിഐക്ക് വിടുന്നത് രാഷ്ട്രീയ നാടകമാണ്. യുഡിഎഫ് -എല്‍ഡിഎഫ് സഹകരണത്തിന്റെ പ്രത്യക്ഷ ഉദാഹരമാണ് സോളാര്‍ കേസ് അട്ടിമറി.
ടി.പി. വധക്കേസിലും ഇത്തരം രാഷ്ട്രീയ ധാരണയുണ്ടാക്കിയാണ് സിപിഎം ഉന്നത നേതാക്കളെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ രക്ഷിച്ചത്. വടക്കാഞ്ചേരി ലൈഫ് മിഷന് തട്ടിപ്പിലും ഡോളര്‍ കടത്തിലും പെരിയ ഇരട്ടക്കൊലപാതക കേസിലും ലാവ്ലിന് കേസിലും സിബിഐയെ എതിര്‍ക്കുന്ന സിപിഎമ്മിന് സോളാര്‍ കേസില്‍ സിബിഐ വേണമെന്നത് വിചിത്രമാണ്.
ഇതോടെ കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ സിപിഎമ്മിന്റെ ഇരട്ടത്താപ്പ് വെറും രാഷ്ട്രീയമാണെന്ന് ജനങ്ങള്‍ക്ക് ബോധ്യമായി കഴിഞ്ഞു. കേരളത്തെ ഞെട്ടിച്ച അഴിമതിയും സ്ത്രീപീഡനവും ഉള്‍പ്പെട്ട സോളാര്‍ കേസ് അട്ടിമറിച്ചത് പിണറായി വിജയനാണെന്നും സുരേന്ദ്രന് പറഞ്ഞു.
https://www.facebook.com/Malayalivartha
























