എങ്ങനേയും മതിയാക്കാന്‍... പത്തിലധികം തവണ കേന്ദ്രം ചര്‍ച്ചയ്ക്ക് വഴങ്ങി പല ഉപാധികള്‍ വച്ചിട്ടും കര്‍ഷക സംഘടനകള്‍ വഴങ്ങിയില്ല; ചെങ്കോട്ടയെ തൊട്ടതോടെ ജനങ്ങള്‍ വെറുത്തുതുടങ്ങി; സമരക്കാരെ ഒഴിപ്പിക്കാനൊരുങ്ങി കേന്ദ്രവും സംസ്ഥാനങ്ങളും; രാജ്യ തലസ്ഥാനം മുള്‍മുനയില്‍

പത്തിലധികം തവണ കേന്ദ്രം കര്‍ഷക സംഘടനകളുമായി ചര്‍ച്ച നടത്തിയിരുന്നു. ഓരോ ചര്‍ച്ചയിലും ഓരോ ഇളവുകള്‍ നല്‍കിയിരുന്നു. അവസാനം ഒരു വര്‍ഷം നിയമം മരവിപ്പിക്കാം എന്നുപോലും പറഞ്ഞു. അതു കേള്‍ക്കാതെ സമരം തുടര്‍ന്ന കര്‍ഷകര്‍ റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ അക്രമം അഴിച്ചുവിട്ടു. ചെങ്കോട്ടയെ തൊട്ടതോടെ ജനങ്ങളുമെതിരായി. ഇപ്പോള്‍ കര്‍ഷകരെ സമരപ്പന്തലില്‍ ഒഴിപ്പിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.
പ്രക്ഷോഭകരായ കര്‍ഷകരെ റിപ്പബ്‌ളിക് ദിനത്തിലെ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ബലം പ്രയോഗിച്ച് ഒഴിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരും, എന്തും നേരിടാന്‍ കര്‍ഷകരും നിലപാടെടുത്തതോടെ രാജ്യതലസ്ഥാനത്ത് വീണ്ടും സംഘര്‍ഷാന്തരീക്ഷത്തിന്റെ പിരിമുറുക്കമാണുളളത്.
പ്രധാന സമര കേന്ദ്രങ്ങളായ ഗാസിപ്പൂരിലും സിംഘുവിലും ഉള്‍പ്പെടെ അര്‍ദ്ധസൈനികരേയും പൊലീസിനേയും വന്‍തോതില്‍ വിന്യസിച്ചെങ്കിലും അര്‍ദ്ധ രാത്രിയോടെ പിന്‍വലിച്ചു. ഇതേത്തുടര്‍ന്ന് സമരക്കാര്‍ ദേശീയ പതാകയുമായി ആഹ്ലാദപ്രകടനം നടത്തി. എന്നാല്‍ എപ്പോള്‍ വേണമെങ്കിലും ബലപ്രയോഗം നടന്നേക്കാമെന്നതിനാല്‍ തലസ്ഥാനം മുള്‍മുനയിലാണ്.
ഡല്‍ഹി യു.പി അതിര്‍ത്തിയായ ഗാസിപ്പൂരിലെ സമരഭൂമിയില്‍ നിന്ന് ഇന്നലെ അര്‍ദ്ധരാത്രിയോടെ ഒഴിഞ്ഞു പോകണമെന്ന് ജില്ലാഭരണകൂടം അന്ത്യശാസനം നല്‍കിയിരുന്നു. ഇവിടെ 144 പ്രഖ്യാപിച്ച് അതിര്‍ത്തിയും അടച്ചു.
ഡല്‍ഹി മീററ്റ് ദേശീയപാതയുടെ ഇരുഭാഗവും ഗാസിപ്പൂരിലേക്കുള്ള മറ്റു റോഡുകളും അടച്ചിരിക്കുകയാണ്.സമരഭൂമിയില്‍ ബുധനാഴ്ച രാത്രി തന്നെ വൈദ്യുതിബന്ധവും ജലവിതരണവും വിച്ഛേദിച്ചിരുന്നു. ട്രാക്ടറുകളുടെ ലൈറ്റ് ഓണ്‍ ചെയ്തും തണുപ്പകറ്റാന്‍ തീകൂട്ടിയും കര്‍ഷകര്‍ രാത്രി ഉറങ്ങാതെ കഴിച്ചുകൂട്ടി. യു.പി പൊലീസിന്റെയും ദ്രുതകര്‍മ്മ സേനയുടെയും വന്‍ സന്നാഹങ്ങളും നിലയുറപ്പിച്ചിട്ടുണ്ട്. ബലമായി ഒഴിപ്പിക്കുന്നതിനെതിരെ കിസാന്‍സഭ പ്രസിഡന്റ് അശോക് ദാവ്‌ളെ, ജനറല്‍ സെക്രട്ടറി ഹന്നന്‍ മൊള്ള, ജോ. സെക്രട്ടറിമാരായ വിജൂ കൃഷ്ണന്‍, കെ. കെ രാഗേഷ് എം.പി, ഫിനാന്‍സ് സെക്രട്ടറി പി.കൃഷ്ണപ്രസാദ് എന്നിവര്‍ ഗാസിപ്പൂരിലെ സമരകേന്ദ്രത്തിലെത്തി. എല്ലാ സമരകേന്ദ്രങ്ങളും ഒഴിപ്പിക്കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ജില്ലാ ഭരണകൂടങ്ങളോട് നിര്‍ദ്ദേശിച്ചിരുന്നു. പിന്നാലെ ബുധനാഴ്ച രാത്രി ബാഗ്പതിലെ ദേശീയ പാതയിലെ സമരകേന്ദ്രം ബലംപ്രയോഗിച്ച് പൊലീസ് ഒഴിപ്പിച്ചതായി കര്‍ഷകര്‍ ആരോപിച്ചു.
ഹരിയാന അതിര്‍ത്തിയിലെ സിംഘുവില്‍ കര്‍ഷകര്‍ ഒഴിയണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളും ഹിന്ദുസേനാ പ്രവര്‍ത്തകരും പ്രതിഷേധ മാര്‍ച്ച് നടത്തി. റോഡുകളില്‍ പൊലീസ് കിടങ്ങുകള്‍ തീര്‍ത്തു. പല്‍വലില്‍ നിന്ന് ഇന്നലെ പുലര്‍ച്ചെ കര്‍ഷകരെ പൊലീസ് ബലമായി നീക്കി.
റിപ്പബ്ലിക് ദിനത്തിലെ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ഭാരതീയ കിസാന്‍ യൂണിയന്‍ (ലോക് ശക്തി) നൊയ്ഡയിലെ സമരം അവസാനിപ്പിച്ചു. രണ്ട് സംഘടനകള്‍ നേരത്തേ പിന്മാറിയിരുന്നു.
സമരകേന്ദ്രം ഒഴിയില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ വക്താവ് രാകേഷ് ടിക്കായത്ത് വ്യക്തമാക്കി. ട്രാക്ടര്‍ റാലിയിലെ അക്രമങ്ങള്‍ക്ക് ടിക്കായത്തിനെതിരെ പൊലീസ് കേസെടുത്തിരുന്നു. കീഴടങ്ങാമെന്ന് വ്യക്തമാക്കിയതിനു പിന്നാലെ പൊലീസ് ഗാസിപ്പൂരിലെ സമരകേന്ദ്രത്തില്‍ എത്തിയെങ്കിലും ടിക്കായത്ത് കീഴടങ്ങാന്‍ വിസമ്മതിച്ചു. താന്‍ മാറിയാല്‍ ബി.ജെ.പി എം.എല്‍.എയും പ്രവര്‍ത്തകരും കര്‍ഷകരെ ആക്രമിക്കും. തന്നെ കൊല്ലാന്‍ ഗൂഢാലോചനയുണ്ട്. അടിച്ചമര്‍ത്തിയാല്‍ വെടിയുണ്ടയേല്‍ക്കാനും തയാറാണ് എന്നും രാകേഷ് ടിക്കായത്ത് പറഞ്ഞു.
"
https://www.facebook.com/Malayalivartha























