പാര്‍ട്ണര്‍ ആക്കാം എന്ന് പറഞ്ഞ് യുവാവില്‍ നിന്ന് ഡോക്ടര്‍ ചമഞ്ഞ് യുവതി തട്ടിയത് 68 ലക്ഷത്തോളം രൂപ

മനിശ്ശേരി മനയിലെ ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടിന്റെ ഏക മകള്‍ ഡോ. നിഖിത ബ്രഹ്മദത്തന്‍ ആണെന്ന് വിശ്വസിപ്പിച്ചാണ് യുവതി പാലക്കാട് കാവില്‍പ്പാട് നാഗയക്ഷിക്കാവിലെ പൂജാരിയായ യുവാവിനെ പരിചയപ്പെട്ടത്. കോടികളുടെ ഏക അവകാശിയാണെന്നും തറവാട്ടില്‍ ആണവകാശികള്‍ ഇല്ലാത്തതിനാല്‍ യുവാവിനെ ദത്തെടുക്കാന്‍ തയ്യാറാണെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു.
ഇക്കാര്യം സ്റ്റാംപ് പേപ്പറില്‍ എഴുതി നല്‍കുകയും ചെയ്തു. പിന്നീട് ഇവര്‍ തമ്മില്‍ ഒരു വര്‍ഷത്തോളം സൗഹൃദം തുടര്‍ന്നു. പിന്നീട് ഇടക്കിടെ താന്‍ ജോലി ചെയ്യുന്നുവെന്ന് വിശ്വസിപ്പിച്ച പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് വിളിച്ചു വരുത്തുകയും ചെയ്തു. പരാതിക്കാരന്‍ വരുന്ന സമയത്ത് മുബീന സ്‌റ്റെതസ്‌കോപ്പ് അണിഞ്ഞ് ഡോക്ടറെന്ന മട്ടില്‍ പെരുമാറി. ഇതിനായി പ്രതിയുടെ തന്നെ സഹായികളെ കൂടെ നിര്‍ത്തി സംസാരിച്ചു വിശ്വസിപ്പിക്കുകയും ചെയ്തിരുന്നു.
ഇതിന് ശേഷം, താന്‍ നിര്‍മിക്കാനൊരുങ്ങുന്ന ഐ വി എഫ് ആശുപത്രിയില്‍ പാര്‍ട്ണര്‍ ആക്കാം എന്ന് പറഞ്ഞ് യുവാവില്‍ നിന്ന് 68 ലക്ഷം രൂപയോളം പല തവണയായി കൈപ്പറ്റി. പരിചയപ്പെടുന്ന ആരോടും കൂസലില്ലാതെ പണം ചോദിച്ചു വാങ്ങുന്ന ഇവര്‍ ആരംഭത്തില്‍ അത് തിരിച്ചു നല്‍കും. അടുത്ത തവണ കൂടുതല്‍ പണം വാങ്ങിച്ച് തിരികെ നല്‍കാതെ മുങ്ങുകയാണ് ഇവരുടെ പതിവ് രീതി. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി വിവിധ ജില്ലകളില്‍ പല പേരുകളിലും പല സ്ഥലത്തും ഒളിവില്‍ കഴിയുകയായിരുന്നു ഇവര്‍.
9ാം ക്ലാസ് മാത്രമാണ് മുബീനയുടെ യോഗ്യത. എന്നാല്‍ ഡോക്ടറാണെന്ന് മറ്റുള്ളവരെ വിശ്വസിപ്പിക്കുന്ന തരത്തില്‍ ജില്ലാ ആശുപത്രിക്ക് അകത്തുതന്നെ ഇവര്‍ക്ക് ധാരാളം സഹായികള്‍ ഉണ്ടായിരുന്നു. പല തവണ ഡോക്ടറുടെ വേഷമണിഞ്ഞ് ആശുപത്രിക്ക് അകത്തും മോര്‍ച്ചറിയിലും വെച്ച് കണ്ടതിനാല്‍ അവിശ്വസിക്കേണ്ടതായ സാഹചര്യം ഉണ്ടായില്ല എന്ന് പരാതിക്കാരനും പറയുന്നു. സമാന രീതിയില്‍ ധാരാളം പേരില്‍ നിന്നും ഇത്തരത്തില്‍ മുബീന പണം വാങ്ങിയിട്ടുണ്ട്. ആലപ്പുഴ, കോഴിക്കോട്, എറണാകുളം, പാലക്കാട് ടൗണ്‍ നോര്‍ത്ത് എന്നീ സ്‌റ്റേഷനുകളിലും യുവതിയുടെ പേരില്‍ നേരത്തെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha

























