തന്റെ സിനിമകള്‍ക്ക് അര്‍ഹമായ അംഗീകാരം കിട്ടാതെ പോയതിന് കാരണം തന്റെ രാഷ്ട്രീയമാണെന്ന് സുരേഷ് ഗോപി

രാഷ്ട്രീയം തന്റെ സിനിമാ ജീവിതത്തെ ബാധിച്ചിട്ടുണ്ടെന്ന് നടന്‍ സുരേഷ് ഗോപി. തന്റെ സിനിമകള്‍ക്ക് അര്‍ഹമായ അംഗീകാരം കിട്ടാതെ പോയതിന് കാരണം തന്റെ രാഷ്ട്രീയമാണെന്ന് സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. മനോരമ ന്യൂസ് മേക്കര്‍ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു താരം.
''1998ല്‍, 97ലെ 'കളിയാട്ടം' സിനിമയിലെ പ്രകടനത്തിനാണ് ദേശീയ പുരസ്‌കാരം സ്വീകരിക്കാന്‍ ഡല്‍ഹിയിലെത്തുന്നത്. പിന്നീട് 2000ല്‍ നിര്‍മാണ പ്രവര്‍ത്തനത്തിന് 'ജലമര്‍മരം' എന്ന സിനിമയ്ക്ക് നിര്‍മാതാവിന്റെ പുരസ്‌കാരം സ്വീകരിക്കാനും എത്തുകയുണ്ടായി. അന്ന് രാധികയായിരുന്നു വരേണ്ടിയിരുന്നത്. പക്ഷേ മാധവിനെ ജന്മം നല്‍കി കിടക്കുന്ന ദിവസങ്ങളായതുകൊണ്ട് വരാന്‍ സാധിച്ചില്ല. വിര്‍ച്വല്‍ ആയാണ് രാധിക ആ അവാര്‍ഡ് സ്വീകരിച്ചതെങ്കിലും അതെന്റെ ഹൃദയത്തിലേക്കായിരുന്നു.
അത് കഴിഞ്ഞ് ഒരുപക്ഷേ എന്റെ പ്രൊഫൈല്‍ നോക്കിയാല്‍ എന്ത് ഫാക്ടര്‍ ആണ് പ്രശ്‌നമായതെന്ന് അറിയില്ല. പക്ഷേ ഉറപ്പ് ഒരുകാര്യത്തിലുണ്ട്. എന്റെ രാഷ്ട്രീയം വലിയ പ്രശ്‌നമായിരുന്നു, അതുകൊണ്ട് തന്നെ 2014ല്‍ മാര്‍ച്ച് അഞ്ചിന് 'അപ്പോത്തിക്കിരി'യുടെ സെറ്റില്‍ നിന്നും ഷൂട്ടിങ് നിര്‍ത്തിവച്ച് നരേന്ദ്രമോദിജിയെ കാണാന്‍ അദ്ദേഹത്തിന്റെ പടയോടൊപ്പം കൊയമ്പത്തൂരില്‍ നിന്നും ഫ്‌ലൈറ്റ് കയറി അഹമ്മദാബാദിനു പോയി. അതിനു ശേഷം സിനിമയിലെ എന്റെ തലവരയിലെ തിളക്കത്തിന് ഒരുപാട് വിഘാതങ്ങള്‍ ഉണ്ടായിക്കൊണ്ടിരുന്നു.
അതുകൊണ്ട് 'അപ്പോത്തിക്കിരി' എന്ന സിനിമ കേന്ദ്ര ജൂറി കണ്ടോ എന്ന് തന്നെ എനിക്ക് സംശയമുണ്ട്. കേരളത്തിലെ കടമ്പ കടന്ന് അത് ഇങ്ങോട്ട് വന്നിട്ടില്ല. 'പാപ്പന്‍', നമുക്ക് ഇന്ന് അവാര്‍ഡ് നല്‍കപ്പെടുന്ന സിനിമകളുടെ ഗണിതത്തിലെ ഫാക്ടറുകള്‍ എന്തൊക്കെയാണെന്ന് പരിശോധിച്ചാല്‍ അതിനെ ഒന്നും ചോദ്യം ചെയ്യാത്ത സ്വഭാവമുള്ള, സവിശേഷതയുള്ള സിനിമകളെക്കുറിച്ചാണ് ഞാന്‍ സംസാരിക്കുന്നത്. അതില്‍ സുരേഷ് ഗോപിയ്ക്ക് ഒരു പരിഗണനയും വേണ്ട. ഇനിയങ്ങോട്ട് വേണ്ട. തന്നാല്‍ സ്വീകരിക്കും. അത് ദേശത്തിന്റെ അവകാശമാണ്. ഞാനതിനെ ചോദ്യം ചെയ്യില്ല.
പാപ്പന്‍, കാവല്‍, വരനെ ആവശ്യമുണ്ട്. ഏറ്റവും പുതുതായി ഗരുഡന്‍. പാവം ആ ബിജു മേനോന് ചിലപ്പോള്‍ അഭിനയത്തിനുളള അവാര്‍ഡ് കിട്ടിപ്പോയേനെ. എന്റെ രാഷ്ട്രീയം അതിനൊരു വിഘാതം സൃഷ്ടിച്ചു. കേരളത്തില്‍ നിന്നും അത് കടത്തി വിടാത്ത ജൂറിയിലെ രണ്ട് പേരെ എനിക്കറിയാം, റീജിയണല്‍ കമ്മിറ്റിയിലുള്ളത്. ഞാന്‍ എന്റെ പദവി ഉപയോഗിച്ചു കൊണ്ടല്ല, ഒരു നടനായി, നിര്‍മാതാവ് ലിസ്റ്റിനും സംവിധായകന്‍ അരുണ്‍ വര്‍മയും അഭ്യര്‍ഥിച്ചു, മന്ത്രിയായിട്ടല്ല ഈ സിനിമയിലെ കലാകാരനായി ചോദിച്ചു കൂടേ എന്ന്.
ഐഎംബി സെക്രട്ടറിയോട് ഞാന്‍ അപക്ഷേിച്ചു, എന്തെങ്കിലും പോം വഴിയുണ്ടോ അതൊന്നു കേന്ദ്ര ജൂറിയെ കാണിക്കാന്‍. ഒരാഴ്ചയ്ക്കുശേഷം മറുപടിയും കിട്ടി, നിങ്ങള്‍ യൂണിയന്‍ മിനിസ്റ്റര്‍ ആയതുകൊണ്ടും ആ സിനിമയുടെ ഭാഗമായതുകൊണ്ടും ഈ അപേക്ഷ പരിഗണിക്കില്ല. എന്റെ സര്‍ക്കാരിന്റെ നട്ടെല്ലിനെ ഞാന്‍ ബഹുമാനിക്കുന്നു, അതിലൊന്നും സങ്കടവുമില്ല.
പക്ഷേ ഇതെല്ലാം ഒരുപക്ഷേ ഡല്‍ഹിയില്‍ വന്നു പുരസ്‌കാരം നേടാനുള്ള അവസരങ്ങളായിരുന്നു, ഇവിടെ ആ സിനിമകളുടെ പേര് മുഴങ്ങികേട്ടേനെ എന്നു പറയുന്ന ദുഃഖകരമായ നഷ്ടം വേദന തന്നെയാണ്. ഇത് കലാകാര ഹൃദയം കൊണ്ട് പോസ്റ്റുമാര്‍ട്ടം നടത്തുന്ന എല്ലാ ജൂറി അംഗങ്ങളും ഓര്‍ത്താല്‍ നന്ന്. ഇവിടെ ഈ പുരസ്‌കാരം ഡല്‍ഹിയില്‍ വച്ച് സ്വീകരിക്കാനായത് വലിയ തലോടല്‍ തന്നെ.
ഒരു പത്മ പുരസ്‌കാരത്തിന് വേണ്ടി ഇന്നു വരെ അപേക്ഷിച്ചിട്ടില്ല. ആരൊക്കെ എത്ര തവണ അപേക്ഷിച്ചുവെന്നതും ആരെക്കൊണ്ടൊക്കെ റെക്കമന്റ് ചെയ്തുവെന്നതും വ്യക്തമായി എനിക്കറിയാം.റെക്കമെന്റ് ചെയ്തവരുടെ കൂട്ടത്തില്‍ എന്റെ പേര് നിരവധി തവണ ഉണ്ടാകും. ഇന്നു വരെ ഞാന്‍ അപേക്ഷിച്ചിട്ടില്ല, ഇനി അപേക്ഷിക്കുകയുമില്ല. എന്റേ പേരിനു മുമ്പില്‍ വയ്ക്കാന്‍ പത്മ ഇല്ല, ഭരത് ഉണ്ട്. എന്നെ ചുവന്ന പട്ടില്‍ പൊതിഞ്ഞു കൊണ്ടുവന്നു കിടത്തുമ്പോള്‍ ഗണ്‍ സല്യൂട്ട് തന്ന് യാത്രയയപ്പ് നടത്താന്‍ ആ ഭരത് അവാര്‍ഡ് ധാരാളമാണ്. സ്വീകരിക്കില്ല, എന്നു ഞാന്‍ പറയുന്നില്ല. ഇന്നിത് വലിയ തലോടല്‍ തന്നെയാണ്.''–സുരേഷ് ഗോപിയുടെ വാക്കുകള്‍.
https://www.facebook.com/Malayalivartha

























