എല്ലാം കറങ്ങിത്തിരിയുമ്പോള്‍... റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടന്ന കര്‍ഷക പ്രതിഷേധത്തിന്റെ മറവില്‍ മോഷണം നടന്നതായി ആരോപണം; 400 വര്‍ഷം പഴക്കമുള്ള സ്മാരകത്തിന് നാശനഷ്ടം; വിലപിടിപ്പുള്ള പലതും കാണാതായെന്ന് കേന്ദ്രമന്ത്രി; കാര്യങ്ങള്‍ മാറിമറിയുന്നു

കര്‍ഷക പ്രക്ഷോഭം കൂടുതല്‍ ആരോപണങ്ങളിലേക്ക് കടന്നിരിക്കുകയാണ്. രാജ്യത്ത് കര്‍ഷക സമരം കൂടുതല്‍ പ്രതിഷേധങ്ങള്‍ക്ക് വഴിവക്കവെ റിപ്പബ്‌ളിക് ദിനത്തില്‍ ചെങ്കോട്ടയില്‍ നടന്ന അക്രമത്തില്‍ വ്യാപക നാശനഷ്ടമുണ്ടായെന്ന് അധികൃതര്‍.
കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലി പ്രതിഷേധത്തില്‍ 400 വര്‍ഷം പഴക്കമുള്ള ചരിത്ര സ്മാരകത്തിന് കേടുപാട് പറ്റിയതായി കേന്ദ്രമന്ത്രി പ്രഹ്‌ളാദ് പട്ടേല്‍ ആരോപിച്ചു.
സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ലഹോരി ഗേറ്റ് തകര്‍ക്കപ്പെടുകയും ഇലക്ട്രിക് ബള്‍ബുകള്‍ എറിഞ്ഞുടക്കുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. പ്രധാനമന്ത്രി ദേശീയപതാക ഉയര്‍ത്തുന്ന അതീവ സുരക്ഷാ മേഖലയായ ഇടങ്ങളിലടക്കം നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും, കമാനങ്ങളിലൊന്ന് നഷ്ടപ്പെട്ടിരിക്കുകയാണെന്നും പ്രഹ്‌ളാദ് പട്ടേല്‍ വ്യക്തമാക്കി.
നാശനഷ്ടങ്ങളുടെ കണക്കെടുത്തുകൊണ്ടിരിക്കുകയാണെങ്കിലും, പുരാവസ്തുവകകള്‍ക്കുണ്ടായ നഷ്ടം നികത്താന്‍ കഴിയുന്നതല്ലെന്ന് മന്ത്രി പ്രതികരിച്ചു. ചെങ്കോട്ടയിലെ സിസിടിവി ക്യാമറകള്‍, മെറ്റല്‍ ഡിറ്റക്‌ടേഴ്‌സ്, സുരക്ഷാ ഉപകരണങ്ങള്‍ തുടങ്ങിയവയെല്ലാം പ്രതിഷേധക്കാര്‍ തകര്‍ത്തുവെന്നാണ് അധികൃതര്‍ പറയുന്നത്.
അതേസമയം കര്‍ഷക സമരത്തിനെതിരെ കടുത്ത് നിലപാടുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്. ഗാസിപ്പൂരിലെ സമരവേദിയില്‍ നിന്ന് കര്‍ഷകരെ ഒഴിപ്പിക്കാന്‍ കേന്ദ്ര സേനയെയും രംഗത്തിറക്കി. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹവും ഒരുക്കി. സമരവേദി രാത്രി 11ന് മുമ്പ് ഒഴിയണമെന്ന് പൊലീസ് നല്‍കിയ നോട്ടീസിന്റെ സമയപരിധി കഴിഞ്ഞതോടെയാണ് കര്‍ശന നിലപാടുമായി പൊലീസ് രംഗത്തെത്തിയത്.
അതേസമയം സമരവേദിയില്‍ തന്നെ തുടരുമെന്നാണ് കര്‍ഷകര്‍ പ്രതികരിച്ചിരിക്കുന്നത്. സമരപ്പന്തലില്‍ എന്തു സംഭവിച്ചാലും ഉത്തരവാദികള്‍ പൊലീസ് ആയിരിക്കുമെന്ന് കര്‍ഷകനേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. അവസാനം ഒഴിയാന്‍ പോലീസ് കുറച്ചു കൂടി സമയം അനുവദിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള കര്‍ഷകരുടെ പ്രതിഷേധം അക്രമാസക്തമായതിന്റെ പശ്ചാത്തലത്തില്‍ രാജ്യതലസ്ഥാനത്ത് സുരക്ഷ കര്‍ശനമാക്കി. ഡല്‍ഹി അതിര്‍ത്തികളില്‍ കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചു. ലാല്‍ ക്വില മെട്രോ സ്‌റ്റേഷന്റെ പ്രവേശന, എക്‌സിറ്റ് ഗേറ്റുകള്‍ അടച്ചിരിക്കുകയാണ്. മറ്റെല്ലാ സ്‌റ്റേഷനുകളും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
ഉത്തര്‍പ്രദേശ് സര്‍ക്കാരും സമരക്കാര്‍ക്കെതിരെയുള്ള നടപടി കടുപ്പിച്ചിരിക്കുകയാണ്. ഗാസിപുരില്‍ നിന്ന് ഒഴിഞ്ഞു പോവണമെന്ന് ജില്ലാ ഭരണകൂടം കര്‍ഷകര്‍ക്ക് നോട്ടീസ് നല്‍കി. ഗാസിപൂരിലെ സമരവേദികളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതായി കര്‍ഷക നേതാക്കള്‍ ആരോപിച്ചു. കുടിവെള്ള വിതരണവും നിര്‍ത്തിയെന്ന് പ്രതിഷേധക്കാര്‍ പറയുന്നു.
അതേസമയം കര്‍ഷക സംഘടനകളുമായി തല്‍ക്കാലം ചര്‍ച്ച നടത്തേണ്ടെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. മുന്‍ നിര്‍ദ്ദേശം അംഗീകരിക്കാന്‍ തയ്യാറായാല്‍ മാത്രം ചര്‍ച്ച നടത്താമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. റിപ്പബ്ലിക്ക് ദിനത്തിലെ ട്രാക്ടര്‍ റാലിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ ഡല്‍ഹി പൊലീസ് കടുത്ത നടപടികളിലേക്ക് കടന്നേക്കും.
ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയതുമായി ബന്ധപ്പെട്ട് നടനും ഗായകനുമായ ദീപ് സിദ്ദുവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ചെങ്കോട്ടയില്‍ നടന്ന അതിക്രമങ്ങള്‍ക്ക് പിന്നില്‍ ദീപ് സിദ്ദുവാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. 37 കര്‍ഷക നേതാക്കള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം വിപുലീകരിക്കാനാണ് അധികൃതരുടെ തീരുമാനം. ഇന്ന് കൂടുതല്‍ പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യും.
"
https://www.facebook.com/Malayalivartha























