വിജയരാഘവന് പിണറായിയുടെ പണി: തോന്നിയ മട്ടില്‍ സംസാരിക്കരുത്..... സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനോട് സൂക്ഷിച്ച് മാത്രം സംസാരിക്കണമെന്ന് മുഖ്യമന്ത്രി, ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും പാണക്കാട് ചെന്ന് ചര്‍ച്ച നടത്തിയതില്‍ വര്‍ഗ്ഗീയത ആരോപിച്ച വിജയാഘവനെ ശാസിച്ച് പിണറായി

സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനോട് സൂക്ഷിച്ച് മാത്രം സംസാരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും പാണക്കാട് ചെന്ന് ചര്‍ച്ച നടത്തിയതില്‍ വര്‍ഗ്ഗീയത ആരോപിച്ച വിജയാഘവനെയാണ് പിണറായി ശാസിച്ചത്. ഒരു മുന്നണിയുടെ പ്രതിനിധികള്‍ മറ്റൊരു പാര്‍ട്ടിയിലെ നേതാക്കളെ കാണാന്‍ പോകുന്നതില്‍ എന്താണ് തെറ്റെന്നാണ് മുഖ്യമന്ത്രി ചോദിച്ചത്.
ഒരു മുസ്ലീം ലീഗ് ചെറുപ്പക്കാരനെ സി പി എം പ്രവര്‍ത്തകര്‍ കൊല ചെയ്യുകയും ലീഗിനെ വര്‍ഗ്ഗീയ പാര്‍ട്ടിയെന്ന് സി പി എം വിശേഷിപ്പിക്കുകയും ചെയ്തതോടെ കോണ്‍ഗ്രസ് കോളടിച്ച അവസ്ഥയാണ് ഇപ്പോഴുള്ളത്. കോണ്‍ഗ്രസിനെതിരെ ഹിന്ദു വോട്ടുകള്‍ സമാഹരിക്കാനുള്ള ശ്രമമാണ് സി പി എം നടത്തുന്നതെങ്കിലും അവരുടെ കെണിയില്‍ വീഴേണ്ടതില്ലെന്നാണ് കോണ്‍ഗ്രസിന്റെയും ലീഗിന്റെയും തീരുമാനം.
ഉമ്മന്‍ ചാണ്ടിയുടെ കടന്നുവരവോടെ കോണ്‍ഗ്രസിന്റെ കസ്റ്റഡിയിലായ ക്രൈസ്തവര്‍ക്ക് പിന്നാലെയാണ് മുസ്ലിങ്ങളും കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നത്.
ലീഗ് മതാധിഷ്ഠിത പാര്‍ട്ടി തന്നെയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ പറഞ്ഞതിനെ കോണ്‍ഗ്രസ് തങ്ങളുടെ ഭാഗ്യമാണെന്ന് കരുതുന്നു. പണ്ടേ വിജയരാഘവന്റെ ചിത്രം ഫ്രെയിം ചെയ്ത് സൂക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് കോണ്‍ഗ്രസ്സുകാര്‍.കഴിഞ്ഞ ലോകസഭാ തെരഞ്ഞടുപ്പില്‍ സ്ഥാനാര്‍ത്ഥിയായ രമ്യാ ഹരിദാസ് കുഞ്ഞാലികുട്ടിയെ കണ്ട് അനുഗ്രഹം വാങ്ങാനെത്തിയപ്പോള്‍ വിജയരാഘവന്‍ ഇതേമട്ടില്‍ പരിഹസിച്ചിരുന്നു. അത് രമ്യാ ഹരിദാസിന് സമ്മാനിച്ചത് അസൂയാര്‍ഹമായ വിജയമാണ്. ഇത്തവണയും അതാവര്‍ത്തിക്കുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.
ലീഗുമായി തമിഴ്‌നാട്ടില്‍ സി.പി.എമ്മിന് സഖ്യമില്ലെന്ന് വിജയരാഘവന്‍ പറഞ്ഞു. ഡി.എം.കെ.യുമായാണ് സഖ്യമുള്ളതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിമര്‍ശനത്തിന് മറുപടിയായി വിജയരാഘവന്‍ പറഞ്ഞു.
ലീഗ് മതാധിഷ്ഠിത പാര്‍ട്ടി തന്നെയാണ്. ഇപ്പോള്‍ കൂടുതല്‍ മതാധിഷ്ഠിത ചേരിയിലേക്ക് ലീഗ് ചേക്കേറി. തദ്ദേശ തിരഞ്ഞെടുപ്പില്‍ മതാധിഷ്ഠിതമായ രാഷ്ട്രീയ സഖ്യമുണ്ടാക്കിയത് കോണ്‍ഗ്രസാണ്. ബി.ജെ.പിയുമായും കോണ്‍ഗ്രസ് വോട്ട് കച്ചവടം നടത്തിയെന്നും വിജയരാഘവന്‍ ആരോപിച്ചു.
കോണ്‍ഗ്രസ് ആദ്യം സ്വയം ചികിത്സിക്കണം. എല്ലാ വര്‍ഗീയതയ്ക്കും മതാധിഷ്ഠിത രാഷ്ട്രീയ ചേരിക്കുമൊപ്പം നിന്ന് അവസരവാദ രാഷ്ട്രീയത്തിലൂടെ അധികാരത്തിലെത്താന്‍ എളുപ്പവഴി അന്വേഷിക്കുന്ന അവസ്ഥയില്‍നിന്ന് പിന്‍മാറേണ്ടത് കോണ്‍ഗ്രസാണെന്നും ആദ്ദേഹം വിമര്‍ശിച്ചു.
മതനിരപേക്ഷ മൂല്യങ്ങളില്‍നിന്ന് കോണ്‍ഗ്രസ് അകന്നുപോകുമ്പോള്‍ അവരെ വിമര്‍ശിക്കുക തന്നെ ചെയ്യും. നാടിന് വേണ്ടിയുള്ള നിലപാടാണ് ഇടതുപക്ഷത്തിന്റേതെന്നും വിജയരാഘവന്‍ വ്യക്തമാക്കി.
ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പാണക്കാട്ടുപോയി മുസ്ലിംലീഗ് അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചത് മതമൗലികവാദികളുമായുള്ള കൂട്ടുകെട്ട് വിപുലീകരിക്കാനാണെന്ന് കഴിഞ്ഞ ദിവസം വിജയരാഘവന്‍ പറഞ്ഞു. ഇതിനുപിന്നാലെ വിജയരാഘവന്‍ വായ തുറന്നാല്‍ വര്‍ഗീയതയാണെന്നും തമിഴ്‌നാട്ടില്‍ ഒരേ മുന്നണിയില്‍ മത്സരിക്കുന്ന സിപിഎം കേരളത്തില്‍ മാത്രം ലീഗിനെ മതമൗലികവാദിയാക്കുന്നുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള സി പി എം നേതാക്കള്‍ ലീഗിനെ പരസ്യമായി തള്ളാന്‍ തയ്യാറല്ല. അതുകൊണ്ടാണ് വിജയരാഘവനെ തിരുത്തിയത്.
പാണ്ടിക്കാട് മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ ആര്യാടന്‍ വീട്ടില്‍ മുഹമ്മദ് സമീറിനെ കുത്തിക്കൊന്ന കേസിലെ നാല് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത് സിപി എമ്മിന് കൂടുതല്‍ വിനയായി. ഒറവമ്പ്രം കിഴക്കുമ്പറമ്പില്‍ നിസാം, കിഴക്കുമ്പറമ്പില്‍ ബാപ്പു, കിഴക്കും പറമ്പില്‍ മജീദ് എന്ന ബാഷ,ഒറവമ്പുറം ഐലക്കര യാസര്‍ എന്ന കുഞ്ഞാണി എന്നിവരാണ് അറസ്റ്റിലായത്.
ഇന്നലെ രാത്രി 11 മണിയോടെയാണ് പാണ്ടിക്കാട് ഒറവമ്പലത്ത് സംഘര്‍ഷം ഉണ്ടായത്. സംഘര്‍ഷത്തിനിടയില്‍ സമീറിനും ബന്ധു ഹംസക്കും കുത്തേറ്റു. പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ പ്രവേശിച്ചിച്ച സമീര്‍ പുലര്‍ച്ചെ മൂന്നു മണിയോടെ മരിച്ചു. തദ്ദേശഭരണ തെരെഞ്ഞെടുപ്പിന് ശേഷം പ്രദേശത്ത് യു.ഡി.എഫ് -എല്‍.ഡി.എഫ് സംഘര്‍ഷം നിലനിന്നിരുന്നു. ഈ വിരോധമാണ് കൊലക്കു പിന്നിലെന്ന് സമീറിന്റെ ബന്ധുക്കള്‍ പറഞ്ഞു. രാഷ്ട്രീയ വിരോധമാണ് കൊലപാതകത്തിന് കാരണമെന്ന് യുഡിഎഫ് നേതാക്കളും ആരോപിച്ചു.
എന്നാല്‍ രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള വഴക്കാണ് കൊലപാതകത്തിന് കാരണമെന്നും രാഷ്ട്രീയ കൊലപാതമാക്കാനുള്ള നീക്കം അപലപനീയമാണെന്നും സിപിഎം ജില്ലാ നേതൃത്വം പറഞ്ഞു. ഏതായാലും ഒരു പ്രബല സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്നതിന്റെ അപകടം സി പി എം അനുഭവിക്കും.
"
https://www.facebook.com/Malayalivartha























