ഐഎസ്‌എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്സിന് ആറാം തോല്‍വി; എടികെ മോഹന്‍ബഗാന്‍ കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക്

ഐഎസ്‌എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്സിന് ആറാം തോല്‍വി. എടികെ മോഹന്‍ബഗാന്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. രണ്ട് ഗോളിന് ലീഡ് ചെയ്ത ശേഷമാണ് ബ്ലാസ്റ്റേഴ്സിന്റെ പരാജയം. ബ്ലാസ്റ്റേഴ്സിനായി ഗാരിഹൂപ്പര്‍ (14), കോസ്റ്റ (51) എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ ബഗാനുവേണ്ടി മാഴ്സെലീഞ്ഞോ (59), റോയ് കൃഷ്ണ (65, 87) എന്നിവര്‍ ലക്ഷ്യം കണ്ടു.
ആദ്യ പകുതിയില്‍ ശ്രദ്ധയോടെ കളിച്ച ബ്ലാസ്റ്റേഴ്സിന് രണ്ടാം പകുതിയില്‍ അടി പതറുകയായിരുന്നു. രണ്ടാം പകുതിയിലെ തര്‍ക്കങ്ങളുടെ പേരില്‍ ഇരു ഭാഗത്തുനിന്നും നാലു വീതം താരങ്ങള്‍ക്ക് യെല്ലോ കാര്‍ഡ് ലഭിച്ചു.
കളി തുടങ്ങി 14-ാം മിനിറ്റിലാണ് ഗാരി ഹൂപ്പറിന്റെ ലോങ് റേഞ്ചര്‍ മോഹന്‍ ബഗാന്റെ ബോക്സിലേക്കു തുളച്ചു കയറിയത്. മൈതാനത്തിന്റെ മധ്യഭാഗത്തുനിന്ന് ബ്ലാസ്റ്റേഴ്സ് പ്രതിരോധ താരം സന്ദീപ് സിങ് ഉയര്‍ത്തിനല്‍കിയ പന്ത് ഹൂപ്പര്‍ നെഞ്ചില്‍ വാങ്ങി. പിന്നീട് ഒട്ടും മടിക്കാതെ മീറ്ററുകള്‍ക്കപ്പുറത്തുനിന്ന് ബഗാന്‍ പോസ്റ്റ് ലക്ഷ്യമാക്കി നെടുനീളന്‍ ലോങ് റെയ്ഞ്ചര്‍. ഗോളി അരിന്ദം ബട്ടാചാര്യയെയും മറികടന്ന് പന്ത് വലകുലുക്കി.
രണ്ടാം പകുതിയുടെ തുടക്കത്തിലായിരുന്നു ബ്ലാസ്റ്റേഴ്സ് രണ്ടാം ഗോള്‍ നേടിയത്. 51-ാം മിനിറ്റില്‍ സഹല്‍ എടുത്തു നല്‍കിയ കോര്‍ണര്‍ കിക്കില്‍ ബോക്സിനുള്ളിലെ കൂട്ടപ്പൊരിച്ചിലിനിടെ കോസ്റ്റ ഗോള്‍ നേടുകയായിരുന്നു. 59ാം മിനിറ്റില്‍ മാഴ്‌സെലിഞ്ഞോ ബഗാനായി ആദ്യഗോള്‍ നേടി. സമനില ഗോള്‍ നേടിയത് പെനാല്‍റ്റിയിലൂടെയായിരുന്നു. 87ാം മിനിറ്റിലായിരുന്നു ബഗാന്റെ വിജയഗോള്‍
https://www.facebook.com/Malayalivartha
























