കേസും പുക്കാറും വേണ്ട... ചൊങ്കോട്ട ആക്രമണത്തോടെ കര്‍ഷക സമരത്തിനെതിരെ ജനരോഷം ഉയര്‍ന്നതോടെ കളി മാറുന്നു; എത്രയും വേഗം സമരം തീര്‍ക്കാന്‍ ഉദ്ദേശിച്ച് സര്‍ക്കാരും കര്‍ഷകരും; അനുനയത്തിന് കേന്ദ്ര സര്‍ക്കാരിന്റെ സമിതി; ചര്‍ച്ചയ്ക്ക് കര്‍ഷക സംഘടനകളുടെ ഉപാധി

റിപ്പബ്ലിക് ദിനത്തിലെ അക്രമ സംഭവങ്ങളില്‍ നിറം മങ്ങിയ കര്‍ഷക പ്രക്ഷോഭം എത്രയും വേഗം അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരും കര്‍ഷകരും. നിരവധി കര്‍ഷകര്‍ കേസില്‍ പെട്ടതും ഇനിയും അക്രമത്തിലേക്ക് പോകാന്‍ സാധ്യതയുള്ളതിനാലും എത്രയും വേഗം സമരം അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് കര്‍ഷകര്‍.
സര്‍ക്കാരും അവസാനമായി കര്‍ഷകരെ അനുനയിപ്പിക്കാനുള്ള ശ്രമം തുടങ്ങി. അവസാന വിളിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തി. കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറിന്റെ അദ്ധ്യക്ഷതയില്‍ ഉന്നതാധികാര സമിതി രൂപീകരിക്കാമെന്നും താങ്ങുവിലയടക്കം പരിശോധിക്കാമെന്നും കേന്ദ്രം നിര്‍ദ്ദേശം നല്‍കി.
അതേസമയം, ചെങ്കോട്ടയിലേത് ഒഴികെയുള്ള അനിഷ്ട സംഭവങ്ങളില്‍ അറസ്റ്റിലായ മുഴുവന്‍ കര്‍ഷകരെയും വിട്ടയയ്ക്കണമെന്ന പുതിയ ഉപാധി കൂടി കര്‍ഷക സംഘടനകള്‍ മുന്നോട്ടുവച്ചതോടെ, സമര നേതാക്കളെ ചര്‍ച്ചയ്‌ക്കെത്തിക്കാനുള്ള കേന്ദ്ര നീക്കങ്ങള്‍ക്ക് വീണ്ടും തിരിച്ചടി നേരിടുകയും ചെയ്തു.
സമ്മര്‍ദ്ദത്തിനു വഴങ്ങി ചര്‍ച്ചയില്ലെന്നും, തുറന്ന മനസ്സോടെ ചര്‍ച്ചയ്ക്കുള്ള അന്തരീക്ഷം കേന്ദ്രസര്‍ക്കാര്‍ തന്നെ ഒരുക്കണമെന്നും കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത് ഇന്നലെ വ്യക്തമാക്കി. കര്‍ഷക പ്രശ്‌നം പരിഹരിക്കുന്നതു വരെ അനിശ്ചിതകാല നിരാഹാരം പ്രഖ്യാപിച്ച സാമൂഹ്യപ്രവര്‍ത്തകന്‍ അന്ന ഹസാരയെ അനുനയിപ്പിക്കാന്‍ കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍ അദ്ദേഹത്തിന്റെ ഗ്രാമമായ റാലിഗന്‍ സിദ്ധിയില്‍ എത്തിയപ്പോഴാണ് കേന്ദ്ര സഹമന്ത്രി കൈലാഷ് ചൗധരി ഉന്നതതല സമിതി രൂപീകരിക്കാമെന്ന് അറിയിച്ചത്.
ഇതേ തുടര്‍ന്ന് ഹസാരെ ശനിയാഴ്ച തുടങ്ങാനിരുന്ന ഉപവാസം റദ്ദാക്കിയിരുന്നു. ആറു മാസത്തിനുള്ളില്‍ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അന്ന ഹസാരെ ഉന്നയിച്ച ആവശ്യങ്ങള്‍ പരിഗണിക്കുമെന്നും കൈലാഷ് ചൗധരി അറിയിച്ചു.
നീതി ആയോഗ് അംഗം രമേശ് ചന്ദ്, കേന്ദ്ര കൃഷി സഹമന്ത്രി പുരുഷോത്തം രൂപാല, കാര്‍ഷിക നിയമ വിദഗ്ദ്ധന്‍ വിജയ് സര്‍ദ്ദാന, ഹരിയാനയിലെ പുരോഗമന കര്‍ഷകനും പത്മശ്രീ ജേതാവുമായ കന്‍വല്‍ സിംഗ് ചൗഹാന്‍ എന്നിവര്‍ സമിതിയില്‍ ഉണ്ടാവുമെന്ന് കൃഷി മന്ത്രാലയ വൃത്തങ്ങള്‍ ഇന്നലെ അറിയിച്ചു. കൂടാതെ സമരസമിതിയും അന്ന ഹസാരെയും നിര്‍ദ്ദേശിക്കുന്ന കര്‍ഷക പ്രതിനിധികളെയും കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തും.
കാര്‍ഷിക നിയമം ഒന്നര വര്‍ഷത്തേക്ക് മരവിപ്പിക്കാമെന്ന പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം തള്ളിക്കളയുകയാണെന്ന് കര്‍ഷക നേതാവ് സര്‍വന്‍സിംഗ് പാന്തര്‍ പറഞ്ഞു. നിയമങ്ങള്‍ മരവിപ്പിക്കാമെന്ന് പറയുന്ന സര്‍ക്കാര്‍ എന്തുകൊണ്ടാണ് വിഷയം പാര്‍ലമെന്റ് സമിതിയുടെ പരിഗണനയ്ക്കു വിടാത്തതെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ചോദിച്ചു.
മുസഫര്‍നഗറിനു പിന്നാലെ പ്രക്ഷോഭത്തിനു പിന്തുണയുമായി ഇന്നലെ ഭാഗ്പതില്‍ ആയിരങ്ങള്‍ പങ്കെടുത്ത മഹാപഞ്ചായത്ത് നടന്നു. 450 കിലോമീറ്റര്‍ അകലയുള്ള സമര േവദിയിലേക്ക് ഇവിടെ നിന്ന് കര്‍ഷകര്‍ പുറപ്പെടും. ഉത്തര്‍പ്രദേശിലെ ബിജ്‌നോറിലും ഹരിയാനയിലെ ജിന്ധിലും മഹാപഞ്ചായത്ത് വിളിക്കും.
പഞ്ചാബില്‍ നിന്ന് 700 വാഹനങ്ങളില്‍ കര്‍ഷകര്‍ ഡല്‍ഹിയിലേക്കു പുപ്പെട്ടു. ഗുജ്ജര്‍ നേതാവായ മദന്‍ ഭയ്യ കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. ഗാസിപ്പൂരില്‍ സമരക്കാര്‍ വര്‍ദ്ധിച്ചതോടെ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. സിംഘു, ടിക്രി, ഗാസിപ്പൂര്‍ മേഖലകളില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചിരിക്കുയാണ്. സമരവേദിയില്‍ മാദ്ധ്യമ പ്രവര്‍ത്തകരെ പൊലീസ് തടയുന്നതായി റിപ്പോര്‍ട്ടുണ്ട്. സമരസ്ഥലത്തിന് ചുറ്റും കനത്ത പൊലീസ് വിന്യാസമാണ്. കേന്ദ്രസേനയെയും വിന്യസിച്ചു.
https://www.facebook.com/Malayalivartha
























