കോവിഡ് വ്യാപനം തുടരുന്നതിനിടെ ഇരുപത്തിയഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തുടക്കം... കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടു നടത്തുന്ന ചലച്ചിത്രമേളയില്‍ പ്രവേശനം കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്് ഹാജരാക്കുന്നവര്‍ക്കു മാത്രം

കോവിഡ് വ്യാപനം തുടരുന്നതിനിടെ ഇരുപത്തിയഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തുടക്കം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടു നടത്തുന്ന ചലച്ചിത്രമേളയില്‍ പ്രവേശനം കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്് ഹാജരാക്കുന്നവര്‍ക്കു മാത്രം.
നാലിടത്തായി അരങ്ങേറുന്ന മേളയുടെ ഉദ്ഘാടനം നടക്കുന്ന തിരുവനന്തപുരത്ത് ആറു തിയേറ്ററുകളിലായി 2500 പ്രതിനിധികള്‍ക്കാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്.
തലസ്ഥാനത്തെ വിവിധ തിയറ്ററുകളിലായി 2164 സീറ്റുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. തിയറ്ററുകളില്‍ അണുനശീകരണം പൂര്‍ത്തിയായി. ഒന്നിടവിട്ട സീറ്റുകളിലായാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. ടാഗോര്‍ തിയറ്ററാണ് മുഖ്യവേദി. തിയറ്ററുകളില്‍ പ്രവേശനം പൂര്‍ണമായും റിസര്‍വേഷന്‍ അടിസ്ഥാനത്തിലായിരിക്കും.
സീറ്റ്നമ്പര്‍ അടക്കം ഈ റിസര്‍വേഷനില്‍ ലഭിക്കും. സിനിമ തുടങ്ങുന്നതിന് 24 മണിക്കൂര്‍ മുമ്പ് റിസര്‍വേഷന്‍ ആരംഭിക്കുകയും സിനിമ ആരംഭിക്കുന്നതിന് രണ്ടുമണിക്കൂര്‍ മുന്‍പായി റിസര്‍വേഷന്‍ അവസാനിക്കുകയും ചെയ്യും. റിസര്‍വേഷന്‍ അവസാനിച്ചതിനു ശേഷം സീറ്റ്നമ്പര്‍ എസ്.എം.എസായി പ്രതിനിധികള്‍ക്ക് ലഭിക്കും.
തെര്‍മല്‍ സ്‌കാനിങ് നടത്തിയതിനുശേഷം മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. മുപ്പതിലധികം രാജ്യങ്ങളില്‍ നിന്നുള്ള 80 സിനിമകളാണ് ഇക്കുറി മേളക്കെത്തുന്നത്. മത്സരവിഭാഗത്തില്‍ രണ്ടു മലയാളസിനിമകള്‍ ഉള്‍പ്പെടെ 14 ചിത്രങ്ങള്‍ മാറ്റുരക്കും.
കൈരളി, ശ്രീ, നിള, കലാഭവന്‍, ടാഗോര്‍, നിശാഗന്ധി എന്നിവിടങ്ങളിലായാണ് മേള നടക്കുന്നത്. മേളയുടെ ആദ്യദിനത്തില്‍ നാലു മത്സര ചിത്രങ്ങളടക്കം 18 ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തും. ബോസ്നിയന്‍ സിനിമയായ ക്വോ വാദിസ് ഐദ ആണ് ഉദ്ഘാടനചിത്രം.
https://www.facebook.com/Malayalivartha


























