വടക്കേ മലബാറിൽ വികസനമില്ലാത്തതിന് കാരണം സി.പി.എമ്മാണ്; സി.പി.എമ്മിൻ്റെ അക്രമ രാഷ്ട്രീയമാണ് ഇവിടത്തെ വികസനം നശിപ്പിക്കുന്നത്; ആരോപണവുമായി കെ.സുരേന്ദ്രൻ

വടക്കേ മലബാറിൽ വികസനമില്ലാത്തതിന് കാരണം സി.പി.എമ്മാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ ആരോപിച്ചു . വിജയയാത്രയ്ക്ക് പയ്യന്നൂരിൽ നടന്ന സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എമ്മിൻ്റെ അക്രമ രാഷ്ട്രീയമാണ് ഇവിടത്തെ വികസനം നശിപ്പിക്കുന്നത്. പയ്യന്നൂരിൽ സി.പി.എമ്മുകാരാൽ ക്രൂരമായി കൊലചെയ്യപ്പെട്ട യുവമോർച്ച പ്രവർത്തകൻ വിനോദിൻ്റെ പ്രതികൾക്ക് വേണ്ടി ഹാജരാകുന്നത് സർക്കാർ അഭിഭാഷകനാണ് എന്നതിൽ നിന്നും തന്നെ സർക്കാർ സ്പോൺസർ ചെയ്യുന്നതാണ് കൊലപാതകങ്ങളെന്ന് മനസിലാക്കാം. ഭീകരവാദികൾ തഴച്ചുവളരുന്ന നാടായി കണ്ണൂർ മാറി. കണ്ണൂരിലെ പാർട്ടി ഗ്രാങ്ങളിൽ ഭീകരവാദികൾ വളരുകയാണ്. ഒരു ദിവസം എതിർത്ത വർഗീയ ശക്തികളെ പിറ്റേ ദിവസം പ്രീണിപ്പിക്കേണ്ട ഗതികേടിലാണ് സി.പി.എം.
ഒരു ഭാഗത്ത് അക്രമ രാഷ്ട്രീയവും മറുഭാഗത്ത് ഭീകരവാദവുമാണുള്ളത്. രണ്ടിനെയും ചെറുത്ത് തോൽപ്പിക്കാൻ ബി.ജെ.പിക്ക് മാത്രമേ സാധിക്കുകയുള്ളൂ. കമ്മ്യൂണിസ്റ്റു പാർട്ടിയുടെ അക്രമ രാഷ്ട്രീയത്തെ നേരിടാൻ കോൺഗ്രസിന് സാധിക്കില്ല. അതു കൊണ്ടാണ് ശ്രീധര പൊതുവാളിനെ പോലെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ ബി.ജെ.പിയിൽ ചേരുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. ജാഥാ ലീഡർ കെ.സുരേന്ദ്രനെ സ്വാഗതസംഘം ചെയർമാൻ രാജഗോപാലൻ ഹാരാർപ്പണം നടത്തി. മണ്ഡലം പ്രസിഡൻ്റ് രൂപേഷ് തൈവളപ്പിൽ അദ്ധ്യക്ഷത വഹിച്ചു. മുൻ സംസ്ഥാന അദ്ധ്യക്ഷൻ സി.കെ പത്മനാഭൻ, സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ വൈസ് പ്രസിഡൻ്റുമാരായ ഡോ.പ്രമീള ദേവി, സദാനന്ദൻ മാസ്റ്റർ, പി.സുദർശനൻ എന്നിവർ സംസാരിച്ചു.
https://www.facebook.com/Malayalivartha