അമ്മയുടെ ഡിഎൻഎ സാംപിളുമായി ഉമറിന്റെ സാംപിളുകൾ യോജിച്ചു: സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്ന് 200 മീറ്ററിലധികം ദൂരത്ത് കൈപ്പത്തി: ചെങ്കോട്ട സ്ഫോടനത്തിൽ കസ്റ്റഡിയിലെടുത്തവർ സ്ഫോടന പരമ്പരയ്ക്ക് പദ്ധതിയിട്ടിരുന്നതായി പൊലീസ്...

ഡോ.ഉമർ നബിയാണ് ചെങ്കോട്ടയ്ക്കു മുന്നിൽ സ്ഫോടനത്തിന് ഇടയാക്കിയ കാർ ഓടിച്ചതെന്ന് ഡിഎൻഎ പരിശോധനയിൽ വ്യക്തമായതായി മാധ്യമ റിപ്പോർട്ടുകൾ. അമ്മയുടെ ഡിഎൻഎ സാംപിളുമായി ഉമറിന്റെ സാംപിളുകൾ യോജിച്ചതായി അധികൃതർ പറഞ്ഞു.വെളുത്ത നിറമുള്ള ഐ 20 ഹ്യുണ്ടായ് കാറാണ് പൊട്ടിത്തെറിച്ചത്. ഇതിൽ നിന്ന് അസ്ഥികളും പല്ലുകളും തുണികഷ്ണങ്ങളും പൊലീസിന് ലഭിച്ചിരുന്നു. ഇതിൽ നിന്നാണ് ഡിഎൻഎ തിരിച്ചറിഞ്ഞത്.നേരത്തെ ഉമർ കാർ ഓടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ജമ്മു കാശ്‌മീരിലെ പുൽവാമ സ്വദേശിയാണ് ഉമർ. ഫരീദാബാദിലെ അൽ - ഫലാഹ് മെഡിക്കൽ കോളേജിൽ ഡോക്‌ടറായി ജോലി ചെയ്യുകയായിരുന്നു ഇയാൾ. ഉമറിന്റെ പിതാവ് സർക്കാർ സ്‌കൂളിലെ അദ്ധ്യാപകനായിരുന്നു. മാനസിക പ്രശ്‌നങ്ങൾ കാരണം ഇയാൾ വർഷങ്ങൾക്ക് മുമ്പ് ജോലി ഉപേക്ഷിച്ചതായും വിവരമുണ്ട്. വീട്ടിൽ രണ്ട് സഹോദരന്മാരും ഒരു മൂത്ത സഹോദരിയുമുണ്ട്.
കൂടുതൽ സ്ഥലങ്ങളിൽ സ്ഫോടനങ്ങൾക്ക് ലക്ഷ്യമിട്ടിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. ഡോ.ഉമർ നബിയുടെ പേരിലുള്ള മറ്റൊരു കാർ കൂടി ഹരിയാനയിലെ ഫരീദാബാദിൽ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ചുവന്ന ഇക്കോസ്പോർട്ട് കാർ കഴിഞ്ഞ ദിവസം അറസ്റ്റിലായ ഭീകരസംഘാംഗങ്ങൾ ഉപയോഗിച്ചിരുന്നതായാണു സൂചന. ഉമർ നബിയുടെ ഡോക്ടറായ ഒരു സുഹൃത്തിനെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്ന് 200 മീറ്ററിലധികം ദൂരത്തായി ഒരു കെെപ്പത്തി കണ്ടെത്തി.
ന്യൂ ലജ്പത് റായ് മാർക്കറ്റിലെ പബ്ലിക് ടോയ്‌ലറ്റിന്റെ ടെറസിലാണ് കെെപ്പത്തി കണ്ടെത്തിയത്. ചെങ്കോട്ടയ്ക്ക് എതിർവശത്തായി സ്ഥിതി ചെയ്യുന്ന മാർക്കറ്റാണിത്.
ഇത്രയും ദൂരെ കെെപ്പത്തി തെറിച്ച് വീണോ എന്നുള്ളതാണ് ഇപ്പോൾ ഉയരുന്ന സംശയം. നാട്ടുകാരാണ് ഇത് ആദ്യം കണ്ടത്. ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസും ഫോറൻസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























