നിര്‍ത്താമോ ഈ ഉച്ചസമ്മേളനം... കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചെന്നിത്തലയെ ജയിപ്പിച്ച് മുഖ്യമന്ത്രിയാക്കാന്‍ പാടുപെടുമ്പോള്‍ അതിനെ തച്ചുടച്ച് ചെന്നിത്തലയുടെ ഉച്ചയ്ക്കത്തെ പത്ര സമ്മേളനം; ചെന്നിത്തല കണ്ടുപിടിച്ച കള്ളവോട്ടുകാര്‍ അടിയുറച്ച കോണ്‍ഗ്രസുകാര്‍

ഉദുമ മണ്ഡലത്തിലെ കള്ളവോട്ടറെ തെളിവ് സഹിതം പുറത്തുകൊണ്ടുവന്നപ്പോള്‍ സാക്ഷാല്‍ ടിക്കാറാം മീണ പോലും ഞെട്ടി. പക്ഷെ ആളിനെ കണ്ടെത്തിയപ്പോള്‍ ഞെട്ടിയത് ചെന്നിത്തലയാണ്. കിട്ടുന്ന നാല് വോട്ട് കൂടി ചെന്നിത്തല കളഞ്ഞതിലെ അമര്‍ഷത്തിലാണ് കോണ്‍ഗ്രസ് അണികളും യൂത്ത് കോണ്‍ഗ്രസുകാരും.
ചെന്നിത്തലയുടെ ആരോപണത്തില്‍ വിശദീകരണവുമായി ആരോപണ വിധേയയായ കോണ്‍ഗ്രസുകാരി കുമാരി കൂടി രംഗത്തെത്തിയതോടെ എല്ലാം ഓക്കെ.
കുമാരി എന്നയാളുടെ പേര് ഒരേ വിലാസത്തില്‍ അഞ്ചുതവണ വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തെന്നായിരുന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. എന്നാല്‍, തങ്ങള്‍ കോണ്‍ഗ്രസുകാരാണെന്നു കുമാരിയും കുടുംബവും വ്യക്തമാക്കി. വോട്ട് ചേര്‍ത്തതു കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. കാര്യമറിയാതെയാണു പ്രതിപക്ഷനേതാവിന്റെ ആരോപണമെന്നും കുമാരി പറഞ്ഞു.
'വോട്ടര്‍ പട്ടികയില്‍ ഒന്നിലധികം തവണ പേര് വന്നതു ഞങ്ങളറിഞ്ഞില്ല. ഉദ്യോഗസ്ഥരുടെ തെറ്റുകൊണ്ടാണ് അതു സംഭവിച്ചത്. അതിനു ഞങ്ങള്‍ എന്തുപിഴച്ചു? ഞങ്ങള്‍ പരമ്പരാഗതമായി കോണ്‍ഗ്രസിനു വോട്ട് ചെയ്യുന്നവരാണ്' കുമാരിയും ഭര്‍ത്താവ് രവീന്ദ്രനും മാധ്യമങ്ങളോടു പറഞ്ഞു.
തിരുവനന്തപുരം നെടുമങ്ങാട് സ്വദേശികളാണു കുമാരിയും കുടുംബവും. 13 വര്‍ഷമായി കാസര്‍ഗോഡ് പെരിയയിലാണു താമസം. പഞ്ചായത്തംഗം കൂടിയായ കോണ്‍ഗ്രസ് നേതാവ് ശശിയാണു പേര് വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കാന്‍ സഹായിച്ചത്. ഒരു തിരിച്ചറിയല്‍ കാര്‍ഡ് മാത്രമേയുള്ളെന്നും കുമാരി പറഞ്ഞു.
തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സംസ്ഥാനത്തെ ഏഴ് മണ്ഡലങ്ങളില്‍ വ്യാപകമായി കള്ളവോട്ട് ചേര്‍ത്തെന്ന ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇന്നലെ പത്രസമ്മേളനം നടത്തിയത്.
ഇക്കാര്യത്തില്‍ ചില തെളിവുകള്‍ പുറത്തുവിട്ട ചെന്നിത്തല, വിശദമായ അന്വേഷണമാവശ്യപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ സമീപിച്ചു. വോട്ടര്‍ പട്ടിക സൂക്ഷ്മമായി പരിശോധിച്ച് കള്ളവോട്ടുകള്‍ മാറ്റണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്നും ആവശ്യം. പരിശോധിച്ച് നടപടിയെടുക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാ റാം മീണയുടെ ഉറപ്പ്.
ഇക്കുറി ഏഴ് മണ്ഡലങ്ങളില്‍ വ്യാപകമായി കള്ളവോട്ട് ചേര്‍ത്തെന്നാണ് ആരോപണം. അതു സാധൂകരിക്കുന്ന ചില തെളിവുകളും ചെന്നിത്തല പുറത്തുവിട്ടു. കഴിഞ്ഞ ജനുവരി 20നു പ്രസിദ്ധീകരിച്ച പട്ടികയിലാണു കള്ളവോട്ടുകള്‍ ചേര്‍ത്തത്. ഒരേ മണ്ഡലത്തില്‍ നാലും അഞ്ചും തവണ ഒരേയാളെ ഉള്‍പ്പെടുത്തിയെന്നു ചെന്നിത്തല ചൂണ്ടിക്കാട്ടി. ഒരേ വിലാസവും ഒരേ ഫോട്ടോയും ഉപയോഗിച്ചാണിത്. ചിലയിടത്ത് ഫോട്ടോയിലും വിലാസത്തിലും ചെറിയ വ്യത്യാസങ്ങളുണ്ട്. ഒരേയാള്‍ക്ക് നിരവധി തിരിച്ചറിയല്‍ കാര്‍ഡും നല്‍കി. ഉദുമ മണ്ഡലത്തില്‍ കുമാരിയെന്ന പേരില്‍ ഒരാളെ അഞ്ചുതവണ ചേര്‍ത്തെന്നും ചെന്നിത്തല ആരോപിച്ചു.
കഴക്കൂട്ടം മണ്ഡലത്തില്‍ 4506, കൊല്ലം2534, തൃക്കരിപ്പൂര്‍1436, കൊയിലാണ്ടി4611, നാദാപുരം6171, കൂത്തുപറമ്പ്3525, അമ്പലപ്പുഴ4750 എന്നിങ്ങനെ കള്ളവോട്ട് ചേര്‍ത്തു.
ഉദ്യോഗസ്ഥരുടെ ഒത്താശയോടെ, സംസ്ഥാനതലത്തില്‍ വ്യക്തമായ ഗൂഢാലോചനയോടെയാണിത്. ഇതിനായി ഭരണകക്ഷിയോടു കൂറുള്ള ഉദ്യോഗസ്ഥരെ പ്രത്യേകം നിയോഗിച്ചതായി സംശയിക്കുന്നു. ഗൂഢാലോചന നടത്തിയവരെയും കൂട്ടുനിന്ന ഉദ്യോഗസ്ഥരെയും പിടികൂടണം. മുഴുവന്‍ മണ്ഡലങ്ങളിലെയും വോട്ടര്‍ പട്ടിക സൂക്ഷ്മമായി പരിശോധിച്ച് കള്ളവോട്ട് നീക്കംചെയ്തശേഷമേ തെരഞ്ഞെടുപ്പ് നടത്താവൂവെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
കൃത്യമായ കണക്ക് പ്രതിപക്ഷനേതാവിന്റെ പക്കലുണ്ടെങ്കില്‍ അദ്ദേഹമായിരിക്കും അത്രയും കള്ളവോട്ട് ചേര്‍ത്തതെന്നായിരുന്നു കഴക്കൂട്ടം മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ഥിയും മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണം. എന്തായാലും കോണ്‍ഗ്രസുകാരി തന്നെ രംഗത്തെത്തിയതോടെ പഴയ ഉസ്മാന്‍ കഥപോലെയായി.
https://www.facebook.com/Malayalivartha
























