മത്സരം സിപിഎമ്മിന്റെ രാഷ്ട്രീയ ഫാസിസത്തിനെതിരേ; ടി.പിയുടെ ശബ്ദം സഭയിലെത്തിക്കും - കെ.കെ രമ

ജനാധിപത്യത്തിനായുള്ള ടി.പി ചന്ദ്രശേഖരന്റെ ശബ്ദം നിയമസഭയിലെത്തിക്കാനാണ് താന്‍ മത്സരിക്കുന്നതെന്ന് അദ്ദേഹത്തിന്റെ ഭാര്യയും വടകരയിലെ ആര്‍.എം.പി സ്ഥാനാര്‍ഥിയുമായ കെ.കെ രമ. രാഷ്ട്രീയ കൊലപാതകത്തിനോടുള്ള പകവീട്ടലാണ് തന്റെ സ്ഥാനാര്‍ഥിത്വമെന്നും രമ പറഞ്ഞു. രാജ്യം മുഴുവന്‍ കോണ്‍ഗ്രസുമായി സഖ്യമുള്ള ഇടതുപക്ഷത്തിന് കേരളത്തില്‍ മാത്രം കോണ്‍ഗ്രസിനെ വിമര്‍ശിക്കാന്‍ അര്‍ഹതയില്ലെന്നും കെ.കെ രമ. വടകരയില്‍ പുതിയ ചരിത്രം കുറിക്കുമെന്നും മത്സരിക്കാന്‍ വ്യക്തിപരമായി താത്പര്യപ്പെടാത്തതിനാല്‍ ആര്‍എംപിയിലുണ്ടായ ആശയക്കുഴപ്പമാണ് സ്ഥാനാര്‍ഥിത്ഥ്വം വൈകാന്‍ കാരണമെന്നും അവര്‍ വ്യക്തമാക്കി.
2012 മെയ് നാലിന് രാത്രി 10 മണിക്ക് ടി.പി. ചന്ദ്രശേഖരനെ വടകരക്കടുത്തു വള്ളിക്കാട് വെച്ച് കാറിൽ പിന്തുടർന്നെത്തിയ സംഘം ബോംബെറിഞ്ഞു വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സിപിഎം ഏരിയാ കമ്മിറ്റി അംഗമായിരുന്ന ടി.പി ചന്ദ്രശേഖരൻ പാർട്ടിയിൽ പ്രത്യയശാസ്ത്രവ്യതിചലനങ്ങൾ നടക്കുന്നു എന്നാരോപിച്ചാണ് 2009-ൽ ഒഞ്ചിയത്ത് റെവലൂഷ്യണറി മാർക്സിസ്റ്റ് പാർട്ടി (ആർ.എം.പി)എന്ന പേരിൽ ഒരു പുതിയ രാഷ്ട്രീയകക്ഷിക്കു രൂപം നൽകുന്നത്.
സംഘടനയുടെ ഒഞ്ചിയം ഏരിയാ സെക്രട്ടറിയും ഇടതുപക്ഷ ഏകോപന സമിതി സംസ്ഥാന കൺവീനറും ആയിരുന്നു ടി.പി ചന്ദ്രശേഖരൻ.സിപിഎമ്മിന് വലിയ സ്വാധീനമുണ്ടായിരുന്ന ഒഞ്ചിയം പഞ്ചായത്ത് ആർ.എംപി പിടിച്ചെടുത്തു. ഇതിനുപിന്നാലെയാണ് 2012 മേയ് 4നു ടി.പി കൊല്ലപ്പെടുന്നത്. അക്കാലത്ത് മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന ഒരു പ്രധാന സംഭവമായിരുന്നു ടി പി യുടെ കൊലക്കേസ്. ഇതിൽ നീതി കിട്ടാൻ അങ്ങേയറ്റം പോരാടിയ വനിതയാണ് ടി പിയുടെ ഭാര്യയും വടകരയിലെ സ്ഥാനാർത്ഥിയുമായ കെ കെ രമ.
കോൺഗ്രസ് നേതൃത്വത്തിന്റെ ശക്തമായ സമ്മർദ്ദത്തെ തുടർന്നാണ് രമയെ സ്ഥാനാർത്ഥിയാക്കാനുള്ള ആർഎംപി തീരുമാനം. വടകര സീറ്റിൽ കെ കെ രമ മത്സരിക്കുകയാണെങ്കിൽ ആർഎംപിയെ പിന്തുണക്കുമെന്നും ഇല്ലെങ്കിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്നും യുഡിഎഫ് കൺവീനർ എം എം ഹസൻ പറഞ്ഞിരുന്നു.
രമ സ്ഥാനാർത്ഥിയായാൽ മാത്രം പിന്തുണ നൽകിയാൽ മതിയെന്ന് മുല്ലപ്പള്ളി ഉൾപ്പെടയുള്ള ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ നിലപാടെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് രമയ്ക്ക് സമ്മർദം ശക്തമായി. രമ മത്സരിച്ചാൽ വിജയസാധ്യത ഉണ്ടെന്നാണ് കോൺഗ്രസ് വിലയിരുത്തൽ.
അഖിലേന്ത്യാ അടിസ്ഥാനത്തില്‍ വര്‍ഗീയ ഫാസിസത്തിനെതിരേയുള്ള വിശാലമായ മതേതര ജനാധിപത്യ സഖ്യം ഉയര്‍ന്നുവരേണ്ട കാലഘട്ടമാണിത്. ആ രാഷ്ട്രീയത്തിനാണ് കൂടുതല്‍ പ്രസക്തി. കേരളത്തില്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ഫാസിസത്തിനെതിരായ എല്ലാ ജനാധിപത്യ മതനിരപേക്ഷ കക്ഷികളുടെയും ഐക്യമുണ്ടാകുന്നതിനാണ് യുഡിഎഫിന്റെ പിന്തുണ സ്വീകരിക്കാനുള്ള കാരണമെന്നും അവര്‍ പറഞ്ഞു.
കുറ്റ്യാടിയിലും പൊന്നാനിയിലും സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച പ്രശ്‌നങ്ങളില്‍ സി.പി.എം പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചത് ജനാധിപത്യത്തിന്റെ വിജയമാണ്. ടിപിയുടെ രക്തസാക്ഷിത്വത്തിന് ശേഷം കേരളം വീണ്ടെടുത്ത ജനാധിപത്യമാണത്. കേരളത്തിലെ ജനാധിപത്യം വീണ്ടെടുക്കാനാണ് ആര്‍എംപിയുടെ മത്സരമെന്നും കെ.കെ രമ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























