സംസ്ഥാനത്ത് ഇത്തവണ വീട്ടിലിരുന്നു വോട്ട് ചെയ്യുന്നത് രണ്ടുലക്ഷത്തോളം വോട്ടര്‍മാര്‍

സംസ്ഥാനത്ത് ഇത്തവണ വീട്ടിലിരുന്നു വോട്ട് ചെയ്യുന്നത് രണ്ടുലക്ഷത്തോളം വോട്ടര്‍മാര്‍. 80 വയസ് പിന്നിട്ടവര്‍, കോവിഡ് ബാധിതര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കാണ് സൗകര്യമൊരുക്കിയത്.
പിഴവില്ലാത്ത രീതിയില്‍ ഈ നടപടി പൂര്‍ത്തിയാക്കുമെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ ടിക്കാ റാം മീണ പറഞ്ഞു. 80 വയസ് പിന്നിട്ട എട്ടുലക്ഷത്തോളം വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്.
രണ്ട് ലക്ഷത്തോളം ഭിന്നശേഷി വോട്ടര്‍മാരുമുണ്ട്. കോവിഡ് ബാധിതരുടെ എണ്ണം രോഗമുക്തിയനുസരിച്ചു മാറും. ആബ്സെന്റി വോട്ടര്‍മാര്‍ എന്ന ഗണത്തില്‍ ഉള്‍പ്പെടുത്തിയാണ് ഈ മൂന്നു വിഭാഗം വോട്ടര്‍മാര്‍ക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കുന്നത്. തെരഞ്ഞെടുപ്പു കമ്മിഷന്റെ അപേക്ഷാഫോം വോട്ടര്‍മാരുടെ വീടുകളില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ എത്തിച്ചു.
ഇത് പൂരിപ്പിച്ച് സമ്മതമറിയിച്ച രണ്ടുലക്ഷത്തോളം പേര്‍ക്കാണ് വീട്ടില്‍ വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കുന്നത്. ബാലറ്റ് പേപ്പര്‍ അച്ചടിച്ചതിനു ശേഷം ഈ മാസം 24 മുതല്‍ വോട്ടുടുപ്പിന്റെ തലേദിവസം വരെ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വീടുകളില്‍ നേരിട്ടെത്തി വോട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കും.
അതത് മണ്ഡലത്തിലെ സ്ഥാനാര്‍ഥികള്‍ക്ക് ഈ വോട്ടര്‍മാരുടെ ലിസ്റ്റ് നല്‍കും. വോട്ടര്‍മാരുടെ സ്വകാര്യതയും, നടപടിക്രമങ്ങളിലെ സുതാര്യതയും ഉറപ്പുവരുത്തും. സമയബന്ധിതമായി ഇത് പൂര്‍ത്തിയാക്കാന്‍ ഓരോ ജില്ലയിലും നാലംഗങ്ങളുള്ള സംഘങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha
























