ശബരിമല ക്ഷേത്രനട വിഷു പൂജകള്‍ക്കായി നാളെ വൈകീട്ട് അഞ്ചിന് തുറക്കും.... ഭക്തര്‍ക്ക് ഞായറാഴ്ചമുതല്‍ 18 വരെയാണ് ദര്‍ശനത്തിന് അനുമതി, ദിവസവും വെര്‍ച്വല്‍ ക്യൂ വഴി ബുക്കുചെയ്‌തെത്തുന്ന 10,000 പേര്‍ക്കാണ് ദര്‍ശനാനുമതി, ആര്‍.ടി.പി.സി.ആര്‍. നിര്‍ബന്ധം

വിഷുപൂജകള്‍ക്കായി ശബരിമല ക്ഷേത്രനട നാളെ വൈകീട്ട് അഞ്ചിന് തുറക്കും. 14-ന് പുലര്‍ച്ചെയാണ് വിഷുക്കണി ദര്‍ശനം. നടതുറന്നിരിക്കുന്ന ദിവസങ്ങളില്‍ ഉദയാസ്തമന പൂജ, കളഭാഭിഷേകം, പടിപൂജ എന്നിവ ഉണ്ടാകും.
ഭക്തര്‍ക്ക് ഞായറാഴ്ചമുതല്‍ 18 വരെയാണ് ദര്‍ശനത്തിന് അനുമതി. 18-ന് രാത്രി ഹരിവരാസനം പാടി നടയടയ്ക്കും. ദിവസവും വെര്‍ച്വല്‍ ക്യൂ വഴി ബുക്കുചെയ്‌തെത്തുന്ന 10,000 പേര്‍ക്കാണ് ദര്‍ശനാനുമതി. ഇത്തവണമുതല്‍, രണ്ടുഡോസ് കോവിഡ് വാക്‌സിനെടുത്തവര്‍ക്കും ദര്‍ശനത്തിന് എത്താമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. രണ്ടുതവണ വാക്‌സിനെടുക്കാത്തവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍. നിര്‍ബന്ധമാണ്.
ഞായറാഴ്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ ദര്‍ശനത്തിനെത്തുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചതായി ബോര്‍ഡ് അധികൃതര്‍ പറഞ്ഞു. ഞായറാഴ്ച വൈകിട്ട് ദര്‍ശനത്തിന് ശേഷം സന്നിധാനത്തെ ദേവസ്വം ഗസ്റ്റ് ഹൗസില്‍ അദ്ദേഹം തങ്ങും. തിങ്കളാഴ്ച രാവിലെയും ദര്‍ശനം നടത്തിയ ശേഷമാകും മലയിറങ്ങുക.
കോവിഡ് പരിശോധന നടത്താതെ വരുന്നവര്‍ക്കും സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി 48 മണിക്കൂര്‍ കഴിഞ്ഞവര്‍ക്കും വേണ്ടി നിലയ്ക്കലില്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധന സൗകര്യം ഉണ്ടാകും. നാലുമണിക്കൂറിനുള്ളില്‍ ഫലമറിയാം. തീര്‍ഥാടകരുമായെത്തുന്ന ചെറിയ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടും.
പമ്പയിലെത്തി തീര്‍ഥാടകരെ ഇറക്കിയശേഷം വാഹനങ്ങള്‍ തിരികെ നിലയ്ക്കലില്‍ പാര്‍ക്കുചെയ്യണം. പമ്പയില്‍ കുളിക്കാന്‍ അനുവാദമില്ല. പകരം മണപ്പുറത്ത് ഷവര്‍ബാത്ത് ക്രമീകരിച്ചിട്ടുണ്ട്. ഗണപതി കോവിലില്‍ കെട്ടുനിറക്കല്‍ ഉണ്ട്.വെര്‍ച്വല്‍ക്യൂ ബുക്കിങ്ങ് രേഖകള്‍ ഗണപതി ക്ഷേത്രത്തിനടുത്തുള്ള പോലീസ് കൗണ്ടറില്‍ പരിശോധിക്കും.
പമ്പയില്‍ നിന്ന് 200 രൂപ വാങ്ങി ചൂടുവെള്ളം സ്റ്റീല്‍കുപ്പിയില്‍ നല്‍കും. ദര്‍ശനം കഴിഞ്ഞുമടങ്ങുമ്പോള്‍ കുപ്പിതിരികെ നല്‍കി പണം വാങ്ങാം.നടപ്പന്തലില്‍ ചൂടുവെള്ളം ക്രമീകരിക്കും. കയറ്റവും ഇറക്കവും സ്വാമി അയ്യപ്പന്‍ റോഡുവഴി മാത്രമാണ്.
മരക്കൂട്ടത്തുനിന്ന് ചന്ദ്രാനന്ദന്‍ റോഡുവഴി സന്നിധാനത്തേക്കുപോകണം. തന്ത്രി, മേല്‍ശാന്തി, മറ്റ് പൂജാരിമാര്‍ എന്നിവരെ കാണാന്‍ അനുവാദമില്ല. ഭസ്മക്കുളത്തില്‍ കുളിക്കാനും അനുവദിക്കില്ല. അപ്പം, അരവണ വിതരണത്തിനായി ആഴിക്ക് സമീപം ഏഴ് കൗണ്ടര്‍ സജ്ജീകരിക്കും. സന്നിധാനത്ത് തങ്ങാന്‍ അനുവാദമില്ല.
"
https://www.facebook.com/Malayalivartha
























