ബൈക്ക് പാര്‍ക്ക് ചെയ്തിനെച്ചൊല്ലിയുള്ള തര്‍ക്കം അവസാനിച്ചത് കയ്യാങ്കളിയിൽ; ഒന്‍പതംഗസംഘത്തിന്റെ മര്‍ദ്ദനമേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം

മകന്‍ ബൈക്ക് പാര്‍ക്ക് ചെയ്തിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് വീട്ടിലെത്തി ആക്രമണം നടത്തിയ ഒന്‍പതംഗസംഘത്തിന്റെ മര്‍ദ്ദനമേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം. ഭാര്യയ്ക്കും മകനും ആക്രമണത്തില്‍ മര്‍ദനമേറ്റു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പുനലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. ടാപ്പിങ് തൊഴിലാളിയായ പുനലൂര്‍ കല്ലാര്‍ പന്ത്രണ്ട് ഏക്കര്‍ തടത്തില്‍ വീട്ടില്‍ സുരേഷ് ബാബു (56) ആണു കൊല്ലപ്പെട്ടത്. ഭാര്യ ലത, മകന്‍ സുര്‍ജിത് എന്നിവര്‍ക്കാണു മര്‍ദ്ദനമേറ്റിരിക്കുന്നത്.
പൊലീസ് പറയുന്നത് ഇങ്ങനെ: കഴിഞ്ഞ ദിവസം രാത്രി 11ന് ആയിരുന്നു സംഭവം. രാത്രി എട്ടരയോടെ പന്ത്രണ്ടേക്കറില്‍ സുര്‍ജിത് ബൈക്ക് നിര്‍ത്തിയതുമായി ബന്ധപ്പെട്ട് കല്ലാറിലുള്ള ചിലരുമായി വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായി. സുര്‍ജിത് വീട്ടിലെത്തിയതിനു പിന്നാലെ ഈ സംഘത്തില്‍പെട്ട ചിലര്‍ ഉള്‍പ്പെട്ട സംഘം ഇവിടെയെത്തി സുര്‍ജിത്തിനെയും മാതാപിതാക്കളെയും മര്‍ദിക്കുകയായിരുന്നു. അവശനിലയില്‍ വീടിനു മുന്നിലെ റോഡില്‍ വീണുകിടന്ന മൂവരെയും അയല്‍വാസി പുനലൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും സുരേഷ്ബാബു മരിച്ചു.
ഇരുവിഭാഗവും തമ്മില്‍ മുന്‍വൈരാഗ്യം ഉണ്ടായിരുന്നതായി പുനലൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ജെ. രാകേഷ് അറിയിച്ചു. ആക്രമണവുമായി ബന്ധപ്പെട്ട് സുരേഷ് ബാബുവിന്റെ അയല്‍വാസികളായ സുനില്‍, മോഹനന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘത്തിലുണ്ടായിരുന്ന നാലുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. സുരേഷ് ബാബുവിന്റെ മകള്‍: സുറുമി.
https://www.facebook.com/Malayalivartha