അതിനു മുന്നേ അദ്ദേഹത്തെ കണ്ടിട്ടില്ല... രഹസ്യഭാഗങ്ങളിലും മാറിലും ക്രൂരമായി മർദ്ദിച്ചു... നമ്പിക്കെതിരെ മൊഴി നൽകാൻ പറഞ്ഞത് രമൺ ശ്രീവാസ്തവ!

ഒടുവിൽ ആ വെടി പൊട്ടിച്ചിരിക്കുകയാണ്. ഐഎസ്ആർഒ ചാരക്കേസിൽ നിർണായക വെളിപ്പെടുത്തലുമായിട്ടാണ് കേസിലെ പ്രതിയായിരുന്ന ഫൗസിയ ഹസ്സൻ ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. രമൺ ശ്രീവാസ്തവ ഉൾപ്പടെയുള്ളവരാണ് നമ്പി നാരായണനെതിരെ വ്യാജമൊഴി നൽകാൻ തന്നെ നിർബന്ധിച്ചതെന്ന് ഫൗസിയ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുകയുണ്ടായി. ചാരക്കേസുമായി ബന്ധപ്പെട്ട് കോൺഗ്രസും പ്രമുഖ നേതാക്കളും പ്രതിരോധത്തിലായിരിക്കുന്ന ഈ സാഹചര്യത്തിൽ ഇത്തരത്തിൽ തന്നെ നിർബന്ധിച്ച് മൊഴി നൽകി എന്ന് വെളിപ്പെടുത്തുന്നതിലൂടെ കടുത്ത പ്രതിരോധത്തിലായിരിക്കും മുന്നണി ഇനി നീങ്ങുക.
ഐഎസ്ആർഒ ചാരക്കേസിന് പിന്നിൽ കൃത്യമായ രാഷ്ട്രീയലക്ഷ്യമുണ്ടെന്നാണ് മാലി സ്വദേശിനിയായ മറിയം റഷീദയ്ക്കൊപ്പം പ്രതിചേർക്കപ്പെട്ട ഫൗസിയ ഹസ്സൻ പറയുന്നത്. താനും മറിയം റഷീദയും ഇരകളാക്കപ്പെടുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥനായ എസ് വിജയനാണ് ഐഎസ്ആർഒ ചാരക്കേസിന് പിന്നിലെന്നും ഫൗസിയ നേരത്തേ വെളിപ്പെടുത്തിയിരുന്നു.
നമ്പി നാരായണനും ശശികുമാറിനുമെതിരെ മൊഴി വേണമെന്നാണ് അവർ ഫൗസിയയോട് ആവശ്യപ്പെട്ടത്. ഇല്ല എന്ന് താൻ വിസമ്മതിച്ചപ്പോൾ ക്രൂരമായി മർദ്ദിച്ചെന്നും പതിനാല് വയസ്സുള്ള മകളെ തന്‍റെ മുന്നിലിട്ട് ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഫൗസിയ ഈ അവസരത്തിൽ തുറന്നു പറയുകയായിരുന്നു. ഐഎസ്ആർഒ ചാരക്കേസിലെ ഗൂഢാലോചന അന്വേഷിച്ച ഡി. കെ. ജയിൻ സമിതി റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ച ശേഷം ഇതാദ്യമായാണ് ഫൗസിയ പ്രതികരണവുമായി രംഗത്ത് വരുന്നത്.
ഐഎസ്ആർഒ രഹസ്യങ്ങൾ ചോർത്തിക്കിട്ടാൻ താൻ നമ്പി നാരായണനും ശശികുമാറിനും ഡോളർ നൽകിയെന്ന് വ്യാജമൊഴി നൽകണമെന്നാണ് രമൺ ശ്രീവാസ്തവ ആവശ്യപ്പെട്ടതെന്ന് ഫൗസിയ പറയുന്നു. ''ഇതിന് വിസമ്മതിച്ചപ്പോൾ ചോദ്യം ചെയ്യുന്ന പൊലീസുദ്യോഗസ്ഥർ തന്നെ ക്രൂരമായി മർദ്ദിച്ചു.
തന്‍റെ മാറിലും കാലിലുമെല്ലാം അടിച്ചാണ് അവർ തന്നെ കൊണ്ട് സമ്മതിപ്പിച്ചത്. തന്‍റെ മുന്നിലിട്ട് മകളെ ബലാത്സംഗം ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. ആ സമയത്ത് മംഗലാപുരത്ത് പഠിക്കുകയായിരുന്നു ഫൗസിയുടെ മകൾ. അന്ന് ഗതികെട്ടാണ് ക്യാമറയ്ക്ക് മുന്നിൽ വ്യാജമൊഴി നൽകിയത്. എല്ലാവരും ചേർന്ന് തന്നെ ചാരവനിതയാക്കി'' എന്നുമാണ് ഫൗസിയ പറയുന്നത്.
നമ്പി നാരായണനെതിരെ മൊഴി നൽകുമ്പോഴും തനിക്ക് നമ്പി നാരായണന്‍റെ പേര് പോലും അറിയില്ലായിരുന്നുവെന്നാണ് ഫൗസിയ പറയുന്നത്,
കുറ്റസമ്മതമൊഴി രേഖപ്പെടുത്തുന്ന സമയത്ത് ക്യാമറയ്ക്ക് പിന്നിൽ നിന്ന് നമ്പി നാരായണന്‍റെ പേര് അവർ എഴുതിക്കാണിച്ചു.
അത് നോക്കിയാണ് താൻ ആ പേര് വായിച്ചത് പോലും. അപ്പോഴൊക്കെ അത് നിരീക്ഷിച്ചു കൊണ്ട് രമൺ ശ്രീവാസ്തവ അവിടെ ഉണ്ടായിരുന്നു എന്നാണ് അവർ പറയുന്നത്. നമ്പി നാരായണനെ ആദ്യം കാണുന്നത് ചോദ്യം ചെയ്യുന്ന മുറിയിൽ വച്ചാണ്'' എന്ന് കൂടി ഫൗസിയ കൂട്ടിച്ചേർത്തു.
നമ്പി നാരായണന് നഷ്ടപരിഹാരം നൽകിയത് പോലെ തനിക്കും വേണമെന്ന് ഫൗസിയ ഈ സാഹചര്യത്തിൽ ആവശ്യപ്പെടുന്നു. മർദ്ദനമേറ്റതിനെ തുടർന്നുള്ള കടുത്ത ആരോഗ്യപ്രശ്നങ്ങൾ ഇപ്പോഴുമുണ്ട്. സിബിഐ ചാരക്കേസിലെ ഗൂഢാലോചന അന്വേഷിക്കുമ്പോൾ ആവശ്യപ്പെട്ടാൽ സഹകരിക്കുമെന്നും ഫൗസിയ പറഞ്ഞു.
മാലി സ്വദേശിനിയായ ഫൗസിയ ഇപ്പോൾ ശ്രീലങ്കയിലെ കൊളംബോയിലാണ് താമസിക്കുന്നത്. ചാരക്കേസിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കുമ്പോൾ ഫൗസിയയുടെ വെളിപ്പെടുത്തലുകളും ഇനി വളരെ നിർണായകമാകും. ആരൊക്കെ ഇതിൽ കുടുങ്ങും എന്നത് സംബന്ധിച്ച് അഭ്യൂഹങ്ങൾ പരക്കെ ചർച്ചയാവുന്നുണ്ട്.
https://www.facebook.com/Malayalivartha


























