ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസുകൾ ഹൈക്കോടതി റദ്ദാക്കി; അന്വേഷണ വിഷയത്തിൽ തീരുമാനം കീഴ്ക്കോടതിക്കു വിട്ടു; സർക്കാരും ഇ.ഡിയുമായി നിയമയുദ്ധത്തിലേക്ക്

സ്വർണ്ണക്കടത്ത് കേസിൽ ഇ ഡി മുഖ്യമന്ത്രിയുടെ പേര് പറയാൻ പ്രതികളെ നിർബന്ധിച്ചു എന്ന വെളിപ്പെടുത്തൽ പുറത്ത് വന്നതോടെ അതിനു പിന്നാലെ ഉണ്ടായ രാഷ്ട്രീയ വിവാദങ്ങൾ ചില്ലറയല്ല.
വമ്പൻ കൊമ്പുകോർക്കൽ ആയിരുന്നു പിന്നീട് ഇഡിയും ക്രൈംബ്രാഞ്ചും തമ്മിൽ നടന്നത്. എന്നാൽ ഇപ്പോൾ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസുകൾ ഹൈക്കോടതി റദ്ദാക്കി . ഈ തീരുമാനം വന്നതോടെ വീണ്ടും വമ്പൻ വിവാദങ്ങളിലേക്ക് നയിക്കപ്പെടുകയാണ് കാര്യങ്ങൾ.
പ്രതികളായ സ്വപ്‌നയുടെയും സന്ദീപിന്റെയും വെളിപ്പെടുത്തലിനെത്തുടർന്ന് ഇ.ഡിക്ക് (എൻഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്) എതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റർചെയ്ത കേസുകൾ ഹൈക്കോടതി റദ്ദാക്കിയതോടെ പുതിയ രാഷ്ട്രീയ വിവാദങ്ങൾ ഉടലെടുക്കുന്നു .
ഒപ്പം അന്വേഷണവിഷയത്തിൽ തീരുമാനം കീഴ്ക്കോടതിക്കു വിട്ട നടപടി, സർക്കാരും ഇ.ഡിയുമായി നിയമയുദ്ധത്തിന്റെ തുടർച്ചയ്‌ക്ക് സാദ്ധ്യതയേറ്റുകയും ചെയ്തു.നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങളെ പ്രതിരോധിക്കാനായിരുന്നു ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ കേസെടുപ്പിച്ചതെന്ന ആക്ഷേപം പ്രതിപക്ഷം ശക്തമാക്കുന്നുണ്ട് .
ക്രൈംബ്രാഞ്ച് ശേഖരിച്ച വിവരങ്ങൾ മുദ്രവച്ച കവറിൽ ഇ.ഡിയുടെ പ്രത്യേക കോടതിയിൽ നൽകാനുള്ള ഹൈക്കോടതി നിർദ്ദേശം സർക്കാർ എടുത്തിരുന്നു . എന്നാൽ അന്വേഷണം ആവശ്യമുണ്ടോ എന്നത് പ്രത്യേക കോടതിക്കു തീരുമാനിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി .
വ്യാജതെളിവ് ചമയ്ക്കൽ, വ്യാജമൊഴിക്ക് നിർബന്ധിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയായിരുന്നു ക്രൈംബ്രാഞ്ച് കേസുകൾ വന്നത് . കള്ളപ്പണം വെളുപ്പിക്കുന്നത് തടയൽ നിയമപ്രകാരമുളള (പി.എം.എൽ.എ) കേസുകളുടെ ചുമതലയുള്ള സ്‌പെഷ്യൽ കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിലാണ് കേസെടുത്തതെന്നും, ക്രിമിനൽ നടപടി ചട്ടത്തിലെ സെക്ഷൻ 195 (1)(ബി) (i) പ്രകാരം അതിനു വിലക്കുണ്ടെന്നുമുള്ള ഇ.ഡിയുടെ വാദം അംഗീകരിച്ചാണ് കേസുകൾ ഹൈക്കോടതി റദ്ദാക്കിയത്.
കേസുകൾ റദ്ദാക്കണമെന്ന ഇ.ഡി ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്‌ണന്റെ ഹർജികൾ തീർപ്പാക്കിയായിരുന്നു ജസ്റ്റിസ് വി.ജി. അരുണിന്റെ വിധി. എന്തുകൊണ്ട് സ്പെഷ്യൽ കോടതിക്കു ഈ കേസ് വിട്ടു എന്നത് വലിയ ചോദ്യമാണ്.
ഇ.ഡിക്കു നേരെയുള്ള ആരോപണങ്ങൾ ശരിയാണെങ്കിൽ വ്യാജമൊഴികളും തെളിവുകളും കോടതി നടപടികളെ മലിനമാക്കുകയും നീതിനടത്തിപ്പിനെ ബാധിക്കുകയും ചെയ്യും. ക്രൈംബ്രാഞ്ച് അന്വേഷണം വിലക്കുമ്പോൾതന്നെ ഇവർ ശേഖരിച്ച തെളിവുകൾ പരിശോധിക്കാൻ സ്പെഷ്യൽ കോടതിയെ അനുവദിക്കുന്നത് നീതിയുടെ താത്പര്യം കണക്കിലെടുത്താണ്.
നടപടിക്രമം പാലിക്കാതെ ക്രൈംബ്രാഞ്ചിന് അന്വേഷിക്കാനാവില്ലെങ്കിലും പരാതിയുള്ളവർക്ക് കോടതിയെ സമീപിക്കാം എന്ന സ്ഥിതിയാണ് ഇപ്പോൾ ഉള്ളത് . കോടതി പരിഗണിക്കുന്ന വിഷയത്തിൽ തെറ്റിദ്ധരിപ്പിക്കാനോ വ്യാജ തെളിവുണ്ടാക്കാനോ നീക്കമുണ്ടെന്ന് വിവരം ലഭിച്ചാൽ നടപടിയെടുക്കാം എന്ന തലത്തിലാണ് കാര്യങ്ങൾ . സ്‌പെഷ്യൽ കോടതിക്ക് പ്രാഥമികാന്വേഷണം നടത്തി അന്വേഷണം വേണോയെന്ന് തീരുമാനിക്കാം.
https://www.facebook.com/Malayalivartha