ആശങ്കയോടെ കേരളം.... സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും പതിനായിരം കടന്ന് കോവിഡ് കുതിക്കുന്നു..... ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.04 ശതമാനം, കോവിഡ് നിര്‍ണയ പരിശോധനയ്‌ക്കൊപ്പം വാക്‌സിനേഷനും വ്യാപകമാക്കി രോഗനിരക്ക് പിടിച്ചുനിര്‍ത്താനുള്ള തീവ്രശ്രമത്തില്‍ സര്‍ക്കാര്‍

സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും പതിനായിരം കടന്ന് കോവിഡ് കുതിപ്പ്. ഇന്നലെ 13,835 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 81,211 സാമ്പിളുകളാണ് പരിശോധിച്ചത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.04 ശതമാനം ആണ്. ഇന്നലെ 27 മരണങ്ങളും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 4904 ആയി.12,499 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 1019 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 259 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. നിലവില്‍ 80,019 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇന്ന് 3654 പേര്‍ക്ക് രോഗമുക്തിയുണ്ടായി. 11,35,921 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
58 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 24, കൊല്ലം 7, തിരുവനന്തപുരം, തൃശൂര്‍ 5 വീതം, പത്തനംതിട്ട, പാലക്കാട് 4 വീതം, കാസര്‍ഗോഡ് 3, ഇടുക്കി, എറണാകുളം, കോഴിക്കോട് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
അതേസമയം ആവശ്യത്തിനനുസരിച്ചുമാത്രം വാക്‌സിന്‍ തരാമെന്ന് കേന്ദ്രം നിലപാടെടുത്തതോടെ സംസ്ഥാനം കടുത്ത ആശങ്കയിലേക്ക്. 50 ലക്ഷം ഡോസ് വാക്‌സിന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടെങ്കിലും കഴിഞ്ഞദിവസം രണ്ടുലക്ഷം ഡോസ് മാത്രമാണ് ലഭിച്ചത്.
സംസ്ഥാനത്തിന് ജനുവരി 13-നുശേഷം ഇതുവരെ 60.54 ലക്ഷം ഡോസ് വാക്‌സിനാണ് ലഭിച്ചത്. ഒന്നും രണ്ടും ഡോസുകളായി കഴിഞ്ഞദിവസം വരെ 56.75 ലക്ഷം പേര്‍ മരുന്ന് സ്വീകരിച്ചു. പാഴായതാകട്ടെ മറ്റുസംസ്ഥാനങ്ങളുമായി താരതമ്യംചെയ്യുമ്പോള്‍ പൂജ്യം ശതമാനവുമാണ്.
കോവിഡ് നിര്‍ണയ പരിശോധനയ്‌ക്കൊപ്പം വാക്‌സിനേഷനും വ്യാപകമാക്കി രോഗനിരക്ക് പിടിച്ചുനിര്‍ത്താനുള്ള തീവ്രശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. വാക്‌സിന്‍ക്ഷാമം ഈ നടപടികള്‍ക്ക് വെല്ലുവിളിയാവുകയാണ്.
ഏപ്രില്‍ ഒന്നിന്, 45-നുമേല്‍ പ്രായമായവര്‍ക്ക് മരുന്നുവിതരണം ആരംഭിച്ചതോടെയാണ് സംസ്ഥാനത്ത് പ്രതിരോധമരുന്നിന് ആവശ്യക്കാര്‍ ഏറിയത്. വോട്ടെടുപ്പിനുപിന്നാലെ കോവിഡ് ഗ്രാഫ് കുതിച്ചുയരുന്നത് തടയാന്‍ 'ക്രഷ് ദ കര്‍വ്' എന്ന പേരില്‍ വാക്‌സിനേഷന്‍ കാമ്പയിനുകൂടി തുടക്കമിട്ടതോടെ തിരക്ക് ഇരട്ടിയായി.
ഏപ്രില്‍ ആദ്യംമുതല്‍ ഒന്നാംഡോസ് എടുത്തവര്‍ക്ക് നിശ്ചിത തീയതിക്കുശേഷം രണ്ടാം ഡോസ് എടുക്കേണ്ടതുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് സംസ്ഥാനം 50 ലക്ഷം ഡോസ് അടിയന്തരമായി ആവശ്യപ്പെട്ടത്. മിക്കസംസ്ഥാനങ്ങളിലും രോഗനിരക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ ദേശീയതലത്തില്‍ ആവശ്യം ഏറിയതാണ് മരുന്നുക്ഷാമത്തിന് കാരണമെന്നാണ് കരുതുന്നത്.
കഴിഞ്ഞയാഴ്ച കോവാക്‌സിന്റെ രണ്ടുലക്ഷത്തോളം ഡോസ് ലഭിച്ചെങ്കിലും രണ്ടാം ഡോസുകാര്‍ക്കായി നീക്കിവെക്കേണ്ടിവന്നിരുന്നു. എന്നാല്‍, വെള്ളിയാഴ്ച ലഭിച്ച രണ്ടുലക്ഷം ഡോസ് കോവിഷീല്‍ഡ് ജില്ലകളിലേക്ക് നല്‍കി. ഇതില്‍ നാല്പത്തിനാലായിരത്തോളം ഡോസ് മാത്രമാണ് മിച്ചമുള്ളത്.
മാര്‍ച്ച് അവസാനം 8.06 ലക്ഷം ഡോസ് മരുന്ന് സംസ്ഥാനത്ത് സ്റ്റോക്കുണ്ടായിരുന്നു. ഇപ്പോള്‍ വിതരണത്തിനുശേഷം മേഖലാ സ്റ്റോറുകളിലെ പ്രതിദിന മിച്ചം രണ്ടോ മൂന്നോ ലക്ഷം ഡോസ് മാത്രമാണുണ്ടാവുകയെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു.
അതേസമയം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടറുടെ ഉത്തരവ്. ഞായറാഴ്ചകളില്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് നിലവില്‍ വന്നിരിക്കുന്നത്.
നിയന്ത്രണങ്ങള്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. പൊതുജനങ്ങള്‍ വളരെ അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങാന്‍ പാടുള്ളതല്ല.
ഞായറാഴ്ചകളില്‍ കൂടിചേരലുകള്‍ 5 പേരില്‍ മാത്രം ചുരുക്കേണ്ടതാണ്.അവശ്യവസ്തുക്കളുടെ സേവനങ്ങളുടെ കടകളും സ്ഥാപനങ്ങളും മാത്രം വൈകിട്ട് 7.00 മണിവരെ പ്രവര്‍ത്തിക്കാവുന്നതാണ്
ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും സാധരണനിലയില്‍ പ്രവര്‍ത്തിക്കാവുന്നതാണ് . മേല്‍പ്പറഞ്ഞ സ്ഥാപനങ്ങള്‍ ഒഴികെയുള്ള എല്ലാവിധ സ്ഥാപനങ്ങളും പൊതു പ്രദേശങ്ങളും (ബീച്ച്,പാര്‍ക്ക്, ടൂറിസം പ്രദേശങ്ങള്‍ ഉള്‍പ്പെടെ) തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടുള്ളതല്ല.
പൊതുഗതാഗത സംവിധാനം സാധാരണനിലയില്‍ പ്രവര്‍ത്തിക്കുന്നതാണ്. നിയന്ത്രണങ്ങള്‍ ലംഘിക്കുകയാണെങ്കില്‍ കടുത്ത ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുമെന്ന് ജില്ലാ കളക്ടര്‍ സാംബശിവ റാവു അറിയിച്ചു.
"
https://www.facebook.com/Malayalivartha