സനുമോഹന്റെ മകള്‍ വൈഗയുടെ കൊലപാതകം സുകുമാര കുറുപ്പ് മോഡലോ? സനുമോഹന്‍ മകളെ കൊന്നത് ഇന്‍ഷ്വറന്‍സിന് വേണ്ടിയാണോ?

സനുമോഹന്റെ മകള്‍ വൈഗയുടെ കൊലപാതകം സുകുമാര കുറുപ്പ് മോഡലോ? സനുമോഹന്‍ മകളെ കൊന്നത് ഇന്‍ഷ്വറന്‍സിന് വേണ്ടിയാണോ? പണത്തിന് വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്തയാളാണ് വൈഗയുടെ അച്ഛനെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പോരാത്തതിന് തീര്‍ത്താല്‍ തീരാത്ത കടബാധ്യതയും ഇയാള്‍ക്കുണ്ട്.
എന്നാല്‍ വൈഗയുടെ പേരില്‍ എത്ര ഇന്‍ഷ്വറന്‍സുണ്ടെന്ന് പോലീസ് അന്വേഷണം തുടങ്ങിയിട്ടില്ല. അത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല.
ഗോവയിലെ ചൂതാട്ടകേന്ദ്രങ്ങളില്‍ സനു മോഹന്‍ എന്ന് പേരുള്ള ഒരു യുവാവിന്റെ നിത്യ സാന്നിധ്യമുണ്ടായിരുന്നു പണ്ട്. ലക്ഷ കണക്കിന് രൂപയാണ് ആ യുവാവ് പൊടിച്ചു കളഞ്ഞത്. എങ്ങനെയെങ്കിലും പണമുണ്ടാക്കാന്‍ മാത്രമായിരുന്നു സനുമോഹന് താല്‍പര്യം. ആര്‍ത്തി മൂത്തവന്‍ ആര്‍ത്തിയാല്‍ എന്ന് പറയുന്നതു പോലെ സനുമോഹന്റെ ജീവിതം പാതി വഴിയില്‍ അവസാനിക്കുന്നു.
ചൂതാട്ടത്തിനൊപ്പം ലോട്ടറിയിലും കമ്പമുണ്ടായിരുന്നു സനു മോഹന്. പണം തന്നെയായിരുന്നു അവിടെയും സനുവിനെ നയിച്ചത്. ആയിരം രൂപയുടെ ലോട്ടറി എന്നും സനു വാങ്ങുമായിരുന്നു. സനുവിനുണ്ടായ വന്‍ സാമ്പത്തികബാധ്യതയ്ക്ക് കാരണം ചൂതാട്ടമാണെന്നാണ് പൊലീസിന്റെ നിഗമനം.
പുനെയിലെ സാമ്പത്തികതട്ടിപ്പ് കേസിലെ പ്രതിയാണ് സനു മോഹന്‍. പിന്നീടാണ് പോലീസ് യാഥാര്‍ത്ഥ്യം മനസിലാക്കിയത് . തട്ടിപ്പ് കേസില്‍ താന്‍ അറസ്റ്റിലാകുമെന്ന് സനു ഭയന്നിരുന്നു.
മുംബൈയില്‍ 3 കോടി രൂപയുടെ വഞ്ചനാക്കേസും സനുവിന് എതിരെയുണ്ട്. സനുവിനെതിരെ കേരളത്തില്‍ വേറെ കേസുകളില്ലെന്നാണ് പൊലീസ് പറയുന്നത്.
സ്വന്തം മകളെ കഴുത്ത് ഞ്ഞെരിച്ച് കൊല്ലാന്‍ സനുമോഹന് കഴിഞ്ഞതില്‍ പോലീസിന് അത്ഭുതമില്ല. കാരണം പണത്തിന് വേണ്ടി എന്തും ചെയ്യാന്‍ അയാള്‍ക്ക് മടിയില്ല. വൈഗയെ ഞെരിച്ച് കൊന്നത് അച്ഛന്‍ സനു മോഹന്‍ തന്നെ ആണെന്നാണ് പൊലീസ് പറയുന്നത്.
കൂടെ ആരുമുണ്ടായിരുന്നില്ല എന്നതാണ് ഇപ്പോഴത്തെ നിഗമനം . കൊലപാതകത്തില്‍ സനുവിനെ സഹായിക്കാന്‍ ആരെങ്കിലുമുണ്ടായിരുന്നുവെന്ന് ഇത് വരെ തെളിവ് കിട്ടിയിട്ടില്ല.
വൈഗയെ ദേഹത്തോട് ചേര്‍ത്ത് നിര്‍ത്തി ഞെരിച്ച് കൊല്ലുകയായിരുന്നു എന്ന സനു മോഹന്റെ മൊഴി വിശ്വസിക്കാനാണ് പോലീസിന് ഇഷ്ടം. എന്നാല്‍ സനു ആരെയെങ്കിലും ഭയപ്പെട്ടിരുന്നോ എന്നു പോലീസിന് സംശയമുണ്ട്. കൊലപാതകത്തിന് പ്രേരണയായി ആരെങ്കിലുമുണ്ടായിരുന്നോ എന്നും ഇനിയും പരിശോധിക്കേണ്ടതുണ്ട്.
സനു മോഹന്‍ പറയുന്ന മൊഴികളില്‍ പൊരുത്തക്കേട് ഉണ്ടെന്നു പോലീസ് സംശയിക്കുന്നു. പലതും ഒളിക്കാന്‍ ശ്രമിക്കുകയാണെന്നും സനു നയിച്ചിരുന്നത് തീര്‍ത്തും രഹസ്യജീവിതമാണെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു വ്യക്തമാക്കി.
താന്‍ ഏറ്റവുമധികം സ്‌നേഹിച്ചിരുന്നത് മകളെയാണെന്നാണ് സനു മോഹന്‍ പൊലീസിനോട് പറഞ്ഞത്. ഭാര്യയെ ആദ്യം ബന്ധുവീട്ടിലാക്കി തിരികെ വന്നു. മകള്‍ മാത്രമാണ് ഫ്‌ലാറ്റിലുണ്ടായിരുന്നത്.
താന്‍ മരിച്ചുപോയാല്‍ വൈഗയ്ക്ക് ആരുമുണ്ടാകില്ലെന്ന് ഭയപ്പെട്ടു. ഭാര്യ കുട്ടിയെ നോക്കില്ലെന്നാണ് സനു മോഹന്‍ പൊലീസിനോട് പറഞ്ഞത്. അതുകൊണ്ട് കുട്ടിയെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു. അതിന് ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതി. എന്നാല്‍ ഇത് കള്ളമാണെന്ന് പോലീസ് കണ്ടെത്തി. ഇവിടെയാണ് ഇന്‍ഷ്വറന്‍സ് തട്ടിപ്പിന്റെ പ്രസക്തി.
പെട്ടെന്നുണ്ടായ നിരാശയിലും ദുഃഖത്തിലും നടത്തിയ കൊലപാതകമാണിതെന്ന സൂചനകളല്ല പൊലീസിന് ലഭിക്കുന്നത്. വളരെ ആസൂത്രണത്തോടെ നടപ്പാക്കിയ കൊലപാതകമാണിതെന്നാണ് പൊലീസിന് അന്വേഷണത്തില്‍ വ്യക്തമായത്.
സംഭവം നടന്ന മാര്‍ച്ച് 21-നും സമീപദിവസങ്ങളിലും സനു മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിട്ടില്ല. ഒളിവില്‍ കഴിഞ്ഞപ്പോഴും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിട്ടില്ല. ഡിജിറ്റല്‍ തെളിവുകളോ ട്രേസുകളോ ഒട്ടും ബാക്കിയാക്കാതെയാണ് സനു ഒളിവില്‍ പോയതെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറയുന്നു.
പല തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നാണ് സനു മോഹന്‍ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. സനുവിന്റെ കയ്യില്‍ ഞരമ്പ് മുറിക്കാന്‍ ശ്രമിച്ചതിന്റെ പാടുകളുണ്ട്. ഗോവയിലെ ബീച്ചില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. അപ്പോള്‍ രക്ഷിച്ചത് ലൈഫ് ഗാര്‍ഡാണ് - സനു മോഹന്‍ പറയുന്നു.
എന്നാല്‍ പിടിയിലായപ്പോള്‍ ഇയാളുടെ പക്കല്‍ ഒരു ഫോണുണ്ടായിരുന്നു. അത് മറ്റാര്‍ക്കും അറിയാത്ത നമ്പറായിരുന്നു. പല തവണ ആത്മഹത്യയ്ക്ക് ശ്രമിച്ച ഒരാള്‍ എന്തിനാണ് ഫോണ്‍ കയ്യില്‍ വച്ചതെന്നടക്കം ദുരൂഹമാണ്. ഇതെല്ലാമാണ് തെളിയേണ്ടത്.
https://www.facebook.com/Malayalivartha