പാർട്ടിക്കകത്തും പുറത്തും സർവസമ്മതനായി പിണറായി; രാഹുലിനും മമതയ്‌ക്കും മേലെ മോദിയെ നേരിടാൻ പ്രതിപക്ഷ നായകനായി കേരള മുഖ്യമന്ത്രി മാറുമോ? സംസ്ഥാനഭരണം കൊണ്ട് ബി ജെ പിയെ പ്രതിരോധിക്കുന്ന മുഖ്യമന്ത്രിയെന്ന പേര് പിണറായിക്ക് സ്വന്തം
രാഷ്ട്രീയ ‘ഓഖിയും’ വിവാദങ്ങളുടെ പ്രളയവും ‘ബ്രേക്ക് ദി ചെയിനി’ലൂടെ മറികടന്ന വിജയം ദേശീയ രാഷ്‌ട്രീയത്തിൽ പിണറായിയുടെ തലപ്പൊക്കം കൂട്ടുകയാണ്. ബംഗാളിലും ത്രിപുരയിലും ഭരണം പോയെങ്കിലും ‘കനലൊരു തരി മതി’യെന്ന് ആശ്വാസം കൊണ്ട കേരളം പ്രതിസന്ധികൾക്കിടയിലും നില നിർത്താനായത് പാർട്ടിയിൽ പിണറായിക്ക് നേട്ടമാണ്.
വിജയം പാർട്ടിയുടെ ദേശീയ തലത്തിൽ തന്നെ വിജയനെ സർവ സമ്മതനാക്കുകയാണ്. പാർട്ടിയ്‌ക്കതീതമായി സ്വതന്ത്രമായി തീരുമാനമെടുക്കാനുളള അവസരങ്ങളാകും ഇനി പിണറായിയിലേക്ക് എത്തിച്ചേരുന്നത്. പിണറായിയെ ചൂണ്ടിക്കാട്ടിയാകും സംഘപരിവാറിനെതിരെ പോരാടാൻ സി പി എം എന്ന സന്ദേശം പാർട്ടി ദേശീയതലത്തിൽ ഇനി ഉയർത്തിക്കാട്ടുക.
സംസ്ഥാനഭരണം കൊണ്ട് ബി ജെ പിയെ പ്രതിരോധിക്കുന്ന മുഖ്യമന്ത്രിയെന്ന പേര് പിണറായി ഇതിനോടകം നേടിയിട്ടുണ്ട്. പൗരത്വഭേദഗതി നിയമത്തിനെതിരേയടക്കം ബി ജെ പിയോടുളള പോരാട്ടത്തിന് മറ്റുസംസ്ഥാനങ്ങളുടെ കൂട്ടായ്‌മയുണ്ടാക്കാൻ പിണറായി പലതവണ ശ്രമിച്ചിട്ടുണ്ട്.
തമിഴ്‌നാട്ടിൽ സ്റ്റാലിനുമായും ഡൽഹിയിൽ കേജ്‌രിവാളുമായും അദ്ദേഹം അത്തരമൊരു അനൗപചാരിക സഖ്യമുണ്ടാക്കിയിട്ടുമുണ്ട്. ആ കൂട്ടായ്‌മയ്‌ക്ക് ദേശീയ പ്രാധാന്യം ഏറുന്നുവെന്നാണ് ഈ തിരഞ്ഞെടുപ്പ് ഫലം നൽകുന്ന സൂചന.
കേന്ദ്ര അന്വേഷണ ഏജൻസികളുടെ നിരന്തരമായ വേട്ടയാടൽ, സി എ ജിയുടെ പരിശോധന എന്നിങ്ങനെ കേന്ദ്രസർക്കാർ പരിധിവിടുന്നുവെന്ന് ഇടതുമുന്നണിക്കും സി പി എമ്മിനും തോന്നിയ ഘട്ടത്തിലെല്ലാം പിണറായി സർക്കാരിന്റെ രാഷ്ട്രീയപ്രതിരോധം ജനങ്ങൾ കണ്ടതാണ്.
പൗരത്വഭേദഗതി ഇവിടെ നടപ്പാക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി തെരുവിൽ സമരത്തിനിറങ്ങി. മുസ്ലീം വിഭാഗങ്ങൾക്കിടയിൽ ഇടതുപക്ഷത്തിന്റെ സ്വാധീനം കൂടാൻ ഇത് കാരണമാക്കിയിട്ടുണ്ടെന്ന് ഈ ജനവിധി ബോദ്ധ്യപ്പെടുത്തുന്നുണ്ട്. അതിനാൽ, ബി ജെ പി വിരുദ്ധ രാഷ്ട്രീയത്തിന്റെ ദേശീയ അമരത്ത് ഇനി പിണറായിക്കുളള സ്ഥാനം ഏറെ വലുതാണ്.
നിയമസഭാതിരഞ്ഞെടുപ്പ് കാരണം നീണ്ടുപോയ സംഘടനാ സമ്മേളനങ്ങളിലേക്കും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിലേക്കും വൈകാതെ സി പി എം കടക്കും. അവിടെയും പോളിറ്റ് ബ്യൂറോ അംഗംകൂടിയായ പിണറായി വിജയന്റെ താത്‌പര്യങ്ങൾക്കായിരിക്കും മുൻതൂക്കം.
പാർട്ടിക്ക് ഇപ്പോൾ അവശേഷിക്കുന്ന ഒരേയൊരു പച്ചപ്പ് കേരളം മാത്രമാണ്. അതുകൊണ്ടു തന്നെ കേരള മുഖ്യമന്ത്രിയെ മറികടക്കാൻ ശേഷിയുളള ഒരു നേതാവും ഇപ്പോൾ സി പി എമ്മിന്റെ ദേശീയതലത്തിലുമില്ല.
നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് എ കെ ആന്റണി പറഞ്ഞത് പിണറായി വീണ്ടും അധികാരത്തിൽ വന്നാൽ പോളിറ്റ് ബ്യൂറോയ്‌ക്ക് പോലും നിയന്ത്രിക്കാൻ കഴിയില്ലയെന്നാണ്. എന്നാൽ സി പി എമ്മിനെപ്പറ്റി ആന്റണിക്ക് അറിയാത്തതു കൊണ്ടാണ് അത്തരമൊരു പ്രതികരണമെന്നായിരുന്നു സീതാറാം യെച്ചൂരിയുടെ മറുപടി.
എന്തായാലും പാർട്ടിയും അതിന്മേലുളള പിണറായിയുടെ കടിഞ്ഞാണും കൃത്യമായി തിരിച്ചറിയാൻ സാധിക്കുന്ന അഞ്ച് വർഷക്കാലമാണ് രാഷ്‌ട്രീയ കേരളത്തിന് മുന്നിലുളളത്.
https://www.facebook.com/Malayalivartha