'സാമൂഹിക അകലം പാലിക്കാതെ നിൽക്കുന്നൊരു ജനക്കൂട്ടത്തെയവിടെ കണ്ടപ്പോൾ, ഇതുതന്നെയാണോ കോവിഡ് ടെസ്റ്റ് ചെയ്യുന്ന സ്ഥലമെന്ന് ആദ്യമൊന്ന് സംശയിച്ചു പോയി. ഒരാളോട് ചോദിച്ചുറപ്പിച്ചു അതുതന്നെയാണ് കോവിഡ് ടെസ്റ്റ് ചെയ്യുന്ന സ്ഥലം! സാമൂഹിക അകലം എന്നതിന്റെ അർത്ഥം 'അയ്ത്തം' എന്നല്ല...' വൈറലായി കുറിപ്പ്

കേരളത്തിൽ കൊറോണ വ്യാപനം രൂക്ഷമായി തന്നെ തുടരുകയാണ്. ദിനംപ്രതി മുപ്പത്തിനായിരത്തിൽപ്പരം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ സാമൂഹിക അകലം എന്നതിന്റെ അർത്ഥം 'അയ്ത്തം' എന്നല്ല. സാമൂഹിക അകലം എന്നത് ഭൗതികമായി നടപ്പിലാക്കേണ്ട ഒന്നാണ്, അല്ലാതെ മാനസികമായി നടപ്പിലാക്കേണ്ട ഒന്നല്ല. 'ആട്ടിവിടൽ' പ്രയോഗങ്ങളൊക്കെ കാണുമ്പോൾ, 'സാമൂഹിക അകലം' എന്നതിനേയും തെറ്റിദ്ധരിച്ചാണോ ഇവർ മനസ്സിലാക്കി വച്ചിക്കുന്നതെന്നാണ് സംശയം! ആൾകൂട്ടങ്ങൾ കാണുമ്പോൾ അകലം പാലിക്കുക. അതിനി ആശുപത്രികളിലായാലും ശരി വാക്സിനേഷൻ സെന്ററുകളിലായാലും ശരി. സി എസ് സുരാജ് പങ്കുവച്ച കുറിപ്പ് ഏറെ ശ്രദ്ധേയമാണ്.
സി എസ് സുരാജ് പങ്കുവച്ച കുറിപ്പ് വായിക്കാം;
എവിടെ ആൾക്കൂട്ടം കണ്ടാലും ഒഴിഞ്ഞു പോവുക.. അതിനി ആശുപത്രിയിലായാലും ശരി! ഞാൻ നാട്ടിലെത്തിയിട്ട് ഏതാണ്ട് ഒരാഴ്ച്ചയായി. ക്വാറന്റൈനിലായിരുന്നു. ഇതുവരെ കുഴപ്പമൊന്നുമില്ല. എങ്കിലും, ഒന്ന് കൺഫോം ചെയ്യാനായി ഇന്ന് കോവിഡ് ടെസ്റ്റ് ചെയ്യാൻ അടുത്തുള്ള ഗവൺമെന്റ് ആശുപത്രിയിൽ പോയി.
ആശുപത്രിയുടെ തൊട്ടുമുന്നിലുള്ള മറ്റൊരു ബിൽഡിങ്ങിലായിരുന്നു കോവിഡ് ടെസ്റ്റ് ചെയ്തിരുന്നത്. സാമൂഹിക അകലം പാലിക്കാതെ നിൽക്കുന്നൊരു ജനക്കൂട്ടത്തെയവിടെ കണ്ടപ്പോൾ, ഇതുതന്നെയാണോ കോവിഡ് ടെസ്റ്റ് ചെയ്യുന്ന സ്ഥലമെന്ന് ആദ്യമൊന്ന് സംശയിച്ചു പോയി. ഒരാളോട് ചോദിച്ചുറപ്പിച്ചു അതുതന്നെയാണ് കോവിഡ് ടെസ്റ്റ് ചെയ്യുന്ന സ്ഥലം!
തൊട്ടടുത്ത് തന്നെ വിരലിലെണ്ണാവുന്ന കുറച്ചുപേർ സാമൂഹിക അകലം പാലിച്ചുകൊണ്ടിട്ടിരിക്കുന്ന കസേരകളിൽ ഇരിക്കുന്നത് കണ്ടു. അവരും കോവിഡ് ടെസ്റ്റ് ചെയ്യാനായി വന്നവരാണെന്ന് ഉറപ്പാണ്. അവർ എഴുന്നേറ്റു പോയാലൊരു പക്ഷേ ആ കസേര ഉപയോഗിക്കുന്നത് ടെസ്റ്റിനായി വന്ന അടുത്തയാളാവും. ഓരോ ആളും എഴുന്നേറ്റു പോവുമ്പോൾ കസേര സാനിറ്റൈസ് ചെയ്യുന്നുണ്ടോ എന്ന കാര്യം സംശയമാണ്. അല്ലാത്തപക്ഷം, ഇതിനേക്കാൾ നല്ലൊരു കോവിഡ് രോഗാണു വ്യാപന ചാലകം മറ്റൊന്നുണ്ടാവില്ല!
ടെസ്റ്റ് ചെയ്യാനായി നിൽക്കുന്നവരുടെ ക്യൂവിന് തൊട്ടടുത്തായി ഒരു ഡെസ്കിനു ചുറ്റും കുറച്ചു പേർ യാതൊരു സാമൂഹിക അകലവും പാലിക്കാതെയിരിക്കുന്നുണ്ടായിരുന്നു. ആശാ വർക്കർന്മാരാവാനാണ് സാധ്യത. അവരാണ് രജിസ്റ്റർ നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നത്.
അതായത്, അവിടെ കോവിഡ് ടെസ്റ്റ് ചെയ്യാനായി വന്ന മുഴുവനാളുകളും അവരെ കാണേണ്ടതായിട്ടുണ്ട്. ഇവരിരിക്കുന്ന ഡെസ്കിനു മുന്നേയായി രജിസ്റ്റർ ചെയ്യേണ്ടയാളുകൾക്ക് അകലം പാലിച്ചു കൊണ്ട് നിൽക്കാനായി ചില മാർക്കുകൾ രേഖപ്പെടുത്തിയിരുന്നെങ്കിൽ എത്രയോ സുഗമമായി അപകടമൊന്നും തന്നെയില്ലാതെ ആ രജിസ്‌ട്രേഷൻ നടപടി പൂർത്തിയാക്കാൻ കഴിയുമായിരുന്നു. എന്നാലങ്ങനെയൊരു മാർക്കും അവിടെയെവിടേയും കാണാനായില്ല.
രജിസ്ട്രേഷൻ ചെയ്യാനായി ഞാൻ ഡെസ്കിനടുത്തേക്ക് പോയി. ഉടനെ തന്നെ അവിടെയിരുന്നിരുന്ന വർക്കർന്മാർ ഒരു ബഹളമായിരുന്നു. "ദൂരെ പോ..!" പച്ച മലയാളത്തിൽ അതിനെ ആട്ടിവിടുക എന്ന് പറയും!
എന്തായാലും കുറച്ചും കൂടി അകലം പാലിച്ചു നിന്നു. ഇപ്പോൾ അവർ പറയുന്നത് നേരിയ രൂപത്തിൽ എനിക്ക് കേൾക്കാം. പിന്നേയും ദൂരെ പോവാനായി ആവശ്യപ്പെട്ടു കൊണ്ടേയിരുന്നു. പിന്നേയും ഞാൻ പുറകിലേക്ക് പോയി. ഇപ്പോൾ ഞാൻ പറയുന്നത് അവർക്കോ, അവർ പറയുന്നത് എനിക്കോ കേൾക്കാൻ കഴിയില്ല.!
അവസാനം, എന്റെ ആവശ്യമെന്താണെന്ന് മനസ്സിലാക്കാനായി അതിലെ ഒരംഗത്തിന് എന്റെയടുത്തേക്ക് വരേണ്ടി വന്നു! ആവശ്യമറിയിച്ചതും, ഇന്ന് പരിശോധിക്കാൻ കഴിയില്ല, ടോക്കൺ കഴിഞ്ഞുവെന്നറിയിച്ചു. സത്യത്തിൽ സന്തോഷമായി. കാരണമാ ആൾക്കൂട്ടത്തിൽ നിൽക്കേണ്ടല്ലോ!
ഏതാണ്ട് നൂറ്റിയമ്പതോളം ടോക്കണുകളാണ് ഒരു ദിവസമവിടെ നൽകുന്നത്. അതായതപ്പോൾ എങ്ങനെ പോയാലുമൊരു നൂറു പേർ അവിടെയുണ്ടെന്ന് സാരം. ഇതിൽ പലരും, ഫോർമാലിറ്റികൾക്ക് വേണ്ടി നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിക്കാനായി വന്നവരോ, എന്നെ പോലെ കോവിഡ് ഇല്ലായെന്ന് കൺഫോം ചെയ്യാനായോ വന്നവരാണ്. കോവിഡിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയതിനു ശേഷം ടെസ്റ്റ് ചെയ്യാനായി വന്നവരും അവരിലുണ്ട്. ഇവരിലാർക്കെങ്കിലുമൊരാൾക്ക് കോവിഡ് പോസിറ്റീവ് ആണെങ്കിൽ, അവിടെ നടക്കാനിടയുള്ള ദുരന്തമൊന്നാലോചിച്ചു നോക്കൂ.! എന്തിനായിരുന്നു ഡോക്ടർമാർ, ഒരുമിച്ചുള്ള മാസ്സ് കോവിഡ് ടെസ്റ്റുകളെ എതിർത്തിരുന്നത് എന്നതിനുള്ള ഉത്തരമാണത്!
10 മണിക്കാണ് കോവിഡ് ടെസ്റ്റ് ആരംഭിക്കുന്നതെങ്കിലും, ടോക്കൺ ലഭിക്കാനായി ഇവരിൽ ഭൂരിപക്ഷമാളുകളും അതിനേക്കാളുമെത്രയോ മുന്നേ അവിടെ എത്തിയവരാണെന്ന് ഉറപ്പാണ്. ആരോഗ്യപ്രവർത്തകർ വന്ന്, നടപടിക്രമങ്ങൾ ആരംഭിക്കുന്നതുവരെ അവരവിടെ സാമൂഹിക അകലം പാലിച്ചിട്ടാവുമോ അല്ലയോ നിന്നിരിക്കുകയെന്നുള്ളത് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ!
അടുത്ത കോവിഡ് ടെസ്റ്റ് എന്നാണെന്നതിനെ പറ്റിയോ, മറ്റുള്ള കാര്യങ്ങളെ പറ്റിയോ അവരോടന്വേഷിച്ചപ്പോൾ അതിനെ പറ്റിയൊന്നും യാതൊന്നുമാവർക്കറിയില്ലയെന്ന് മനസ്സിലായി. തുടർന്ന് ഏതെങ്കിലുമൊരു മെഡിക്കൽ ഓഫീസറെ കാണാമെന്ന് തീരുമാനിച്ച് ആശുപത്രിക്കുള്ളിലേക്ക് പ്രവേശിക്കാനായി ശ്രമിച്ചപ്പോഴാണ് ഇതിനേക്കാളുമൊക്കെ വലിയൊരു തമാശയുണ്ടായത്!
ആശുപത്രിയിൽ പ്രവേശിക്കണമെങ്കിൽ, ചെരുപ്പ് അഴിച്ചു വെക്കണമത്രേ! ഒന്നാമതായി, ഗവണ്മെന്റ് സ്ഥാപനങ്ങളിലേക്ക് നിങ്ങൾ പ്രവേശിക്കുമ്പോൾ കൃത്യമായ കാരണങ്ങളില്ലാതെ പാദരക്ഷകൾ അഴിച്ചു വെക്കേണ്ട കാര്യമല്ല. എന്നാൽ, നമ്മളങ്ങനെ ചെയ്യാറില്ലെന്നതാണ് വാസ്തവം! നിരവധി രോഗികൾ വന്നു പോവുന്ന ഒരാശുപത്രിയിൽ നിങ്ങൾ പാദരാക്ഷകളില്ലാതെ നടക്കണമെന്ന് പറയുന്നതിന് പുറകിലെ യുക്തിയെന്താണ്?!
ആശുപത്രിയിലെ ഏതെങ്കിലുമൊരു സ്‌പെസിഫിക് ഏരിയയിലേക്കോ, സ്‌പെസിഫിക് വാർഡിലേക്കോ പോവുകയാണെങ്കിൽ ചെരുപ്പ് അഴിച്ചു വെക്കണമെന്ന് പറയുന്നതിലെ യുക്തി മനസ്സിലാക്കാം. എന്നാൽ, സാധാരണ ഒ.പി കൗണ്ടറടക്കമടങ്ങുന്ന ഒരാശുപത്രി മുഴുവൻ നിങ്ങൾ ചെരുപ്പിടാതെ നടക്കണമെന്ന് വാശി പിടിക്കുന്നതെന്തിനാണ്?!
ഇതിനേക്കാൾ വലിയൊരു പൊട്ടത്തരം മറ്റെന്താണുള്ളത്?! അങ്ങനെ അവിടെ നിന്നും ആശുപത്രിയിൽ പ്രവേശിക്കാതെ, അവിടത്തെ കോൺടാക്ട് നമ്പറും സംഘടിപ്പിച്ച് സ്ഥലം വിടേണ്ടി വന്നു. സാമൂഹിക അകലം പാലിക്കാത്ത കോവിഡ് ടെസ്റ്റിംഗ് സെന്ററുകൾ, വാക്‌സിനേഷൻ സെന്ററുകൾ! ഇല്ലാത്ത അപകടങ്ങൾ വരുത്തി വെക്കാൻ ഇത്രയൊക്കെ തന്നെ ധാരാളമാണ്!
കോവിഡ് ടെസ്റ്റ് ചെയ്യാനായോ, വാക്സിനെടുക്കാനായോ പോയിട്ട് കോവിഡ് പിടിപെടുന്നത്, സ്വാഭാവികമായി കോവിഡ് വരുന്നതിനേക്കാളുമെത്ര വലിയ ദുരന്തമാണെന്നൊന്നു ആലോചിച്ചു നോക്കൂ!
തിരക്കുകൾ കൊണ്ടാണ് ഇവയൊന്നും കൃത്യമായ രീതിയിൽ ചെയ്യാൻ കഴിയാത്തതെന്ന ന്യായമാണ് മുന്നോട്ടു വെക്കുന്നതെങ്കിൽ, തിരക്കുകൾ കാരണമാണ്, ഒരേ സിറിഞ്ചു കൊണ്ട് എല്ലാവരുടേയും രക്തമെടുക്കേണ്ടി വന്നത് എന്ന ന്യായം ഇതിനേക്കാളുമെത്രയോ നല്ലതാണെന്നു പറയേണ്ടി വരും!
സാമൂഹിക അകലം എന്നതിന്റെ അർത്ഥം "അയ്ത്തം" എന്നല്ല. സാമൂഹിക അകലം എന്നത് ഭൗതികകമായി നടപ്പിലാക്കേണ്ട ഒന്നാണ് അല്ലാതെ മാനസികമായി നടപ്പിലാക്കേണ്ട ഒന്നല്ല. "ആട്ടിവിടൽ" പ്രയോഗങ്ങളൊക്കെ കാണുമ്പോൾ, "സാമൂഹിക അകലം" എന്നതിനേയും തെറ്റിദ്ധരിച്ചാണോ ഇവർ മനസ്സിലാക്കി വെച്ചിക്കുന്നതെന്നാണ് സംശയം!
ആൾകൂട്ടങ്ങൾ കാണുമ്പോൾ അകലം പാലിക്കുക. അതിനി ആശുപത്രികളിലായാലും ശരി വാക്സിനേഷൻ സെന്ററുകളിലായാലും ശരി!!
https://www.facebook.com/Malayalivartha

























