നാല് മണിക്കൂറില്‍ തിരുവനന്തപുരം-കാസര്‍കോട് യാത്ര സാധ്യമാക്കുമോ പിണറായി സര്‍ക്കാര്‍? 63,000 കോടി ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിക്കു റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി ഇനി വേണം

ഇടത് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുന്നതോടെ പ്രധാന പദ്ധതി തിരുവനന്തപുരം-കാസര്‍കോട് സെമി ഹൈസ്പീഡ് പാത കൂടിയാണ്. എല്‍ഡിഎഫിന്റെ 2016ലെ പ്രകടന പത്രികയിലെ പ്രധാന പ്രഖ്യാപനമായിരുന്നു മണിക്കൂറില്‍ 200 കി.മീ. വേഗം സാധ്യമാകുന്ന റെയില്‍വേ ഇരട്ടപ്പാത.
കഴിഞ്ഞ 5 വര്‍ഷം അതിന്റെ പ്രാഥമിക പഠനങ്ങളും ഡിപിആറും പൂര്‍ത്തിയാക്കി നിലമൊരുക്കിയ എല്‍ഡിഎഫ് സര്‍ക്കാരിനു പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ ലഭിച്ചിരിക്കുന്ന 5 വര്‍ഷങ്ങളാണു ഇനി മുന്നിലുള്ളത്.
ഇത്തവണത്തെ പ്രകടന പത്രികയിലും പ്രധാന പദ്ധതിയായി ഉള്‍പ്പെടുത്തിയതോടെ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ മുഖ്യ പരിഗണനയാണു നല്‍കുന്നതു വ്യക്തം. ഇത്തവണത്തെ ഭൂരിപക്ഷം ഈ പദ്ധതിക്കു കൂടി ലഭിച്ച പിന്തുണയായാണു വിലയിരുത്തപ്പെടുന്നത്.
63,000 കോടി ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിക്കു റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതിയാണ് ഇനി ലഭിക്കാനുള്ളത്. ഇത് നേരത്തെ ലഭിക്കുമായിരുന്നെങ്കിലും തിരഞ്ഞെടുപ്പ് അടുത്ത വേളയില്‍ എന്‍ഡിഎയുടെ സമ്മര്‍ദം മൂലം അനുമതി ലഭിച്ചില്ലെന്നാണ് ആക്ഷേപം.
തങ്ങളുടെ നേട്ടമാക്കി അവതരിപ്പിക്കാനായി അനുമതി ബോധപൂര്‍വം കേന്ദ്രം വൈകിപ്പിക്കുന്നുവെന്നാണ് ആരോപണമുയരുന്നത്. പദ്ധതിക്കു ജപ്പാന്‍ വികസന ഏജന്‍സി (ജൈക) വായ്പ ലഭ്യമാക്കാനായി ഭൂമിയേറ്റെടുക്കല്‍ നടപടി ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടു കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ കേരളത്തിനു കത്തു നല്‍കിയതും കേന്ദ്രത്തിന്റെ തത്വത്തിലുള്ള അംഗീകാരവുമാണു പദ്ധതിക്ക് ഇപ്പോള്‍ ഉള്ളത്.
കൂടാതെ കൊച്ചുവേളി മുതല്‍ ചെങ്ങന്നൂര്‍ വരെ ഒന്നാം ഘട്ട സ്ഥലമേറ്റെടുപ്പിനായി ഹഡ്കോ 3000 കോടി രൂപ വായ്പ അനുവദിച്ചിട്ടുണ്ട്. 320 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നതിനായി 3750 കോടിയാണു ചെലവു പ്രതീക്ഷിക്കുന്നത്.
എന്നാല്‍ അന്തിമ അനുമതിക്കായി വൈകാതെ തന്നെ കേരളം സമ്മര്‍ദം ശക്തമാക്കുമെന്ന് ഉറപ്പ്. പദ്ധതി യഥാര്‍ത്ഥ്യമായാല്‍ 4 മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരം-കാസര്‍കോട് യാത്രയും 90 മിനിറ്റ് കൊണ്ട് കൊച്ചി-തിരുവനന്തപുരം യാത്രയും സാധ്യമാകും. ഗെയില്‍ പൈപ്പ് ലൈനിന്റെ തടസ്സങ്ങള്‍ നീക്കിയ സര്‍ക്കാരിനു സെമി ഹൈസ്പീഡ് പാതയ്ക്കുള്ള കുരുക്കുകളും അഴിക്കാന്‍ കഴിയുമെന്നു മലബാര്‍ ഡവലപ്മെന്റ് ഫോറം പ്രതിനിധി നിഷാദ് ഹംസ പറയുന്നു.
പദ്ധതിക്കു പ്രാദേശികമായി ഏറ്റവും കൂടുതല്‍ എതിര്‍പ്പുണ്ടായിരുന്ന എലത്തൂരില്‍ എല്‍ഡിഎഫിനാണു വിജയം. മലബാര്‍ മേഖലയില്‍ കീറാമുട്ടിയായിരുന്ന ദേശീയ പാത വികസനം വേഗത്തിലാക്കിയ സര്‍ക്കാരിനു ഈ പദ്ധതിയും വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നു പ്രതീക്ഷിക്കുന്നവര്‍ ഏറെയാണ്.
https://www.facebook.com/Malayalivartha

























