പണത്തിന്റെ ഹുങ്കാണ് കണ്ടത്... കെ സുരേന്ദ്രനെതിരെ ആഞ്ഞടിച്ച് മന്ത്രി എംഎം മണി; ബി.ജെ.പി.സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ അഹങ്കാരത്തിന്റെ വിത്താണ്; കേരളത്തിലെ ബി.ജെ.പി.യുടെ അവസ്ഥ മനസിലാക്കാതെയാണ് അദ്ദേഹത്തിന്റെ പ്രസംഗവും പ്രവര്‍ത്തനവും

ബി.ജെ.പി.സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചിരിക്കുകയാണ് മന്ത്രി എംഎം മണി. ബിജെപിയുടെ സമ്പൂര്‍ണ പരാജയത്തിനെതിരെ പ്രതികരിക്കുമ്പോഴാണ് കെ. സുരേന്ദ്രനെതിരെ ആഞ്ഞടിച്ചത്. സുരേന്ദ്രന്‍ അഹങ്കാരത്തിന്റെ വിത്താണ്. കേരളത്തിലെ ബി.ജെ.പി.യുടെ അവസ്ഥ മനസ്സിലാക്കാതെയാണ് അദ്ദേഹത്തിന്റെ പ്രസംഗവും പ്രവര്‍ത്തനവും. കേരളത്തില്‍ ഇന്നുവരെ കാണാത്ത ഹെലികോപ്റ്റര്‍ മത്സരം ഈ അഹങ്കാരത്തിന്റെ തെളിവാണെന്നും മണി പറഞ്ഞു.
നെടുങ്കണ്ടത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് എംഎം മണിയുടെ ഈ പരാമര്‍ശം. കേന്ദ്രത്തില്‍നിന്നു കണക്കില്ലാതെ പണം കിട്ടിയതിന്റെ ഹുങ്കാണ് സുരേന്ദ്രന്‍ തിരഞ്ഞെടുപ്പില്‍ കാണിച്ചത്. വോട്ടുചെയ്യാനിരുന്നവര്‍പോലും ഈ അഹങ്കാരംകണ്ട് വോട്ട് ചെയ്തില്ല.
അതുപോലെതന്നെ വിവരമില്ലാത്തയാളാണ് കേന്ദ്രസഹമന്ത്രി വി.മുരളീധരന്‍. അധികാരവും പണവുംകൊണ്ടുള്ള ഹുങ്കില്‍ വിവരക്കേട് മാത്രമാണ് ഇദ്ദേഹം വിളമ്പുന്നത്. ജനങ്ങള്‍ക്ക് മര്യാദയുള്ളതുകൊണ്ടാണ് ബംഗാളില്‍ കിട്ടിയതുപോലുള്ള അടി അദ്ദേഹത്തിന് ഇവിടെ കിട്ടാത്തതെന്നും കേരളത്തില്‍ ബി.ജെ.പി. അപ്രസക്തമായെന്നും എം.എം.മണി പറഞ്ഞു.
അതേസമയം നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ ഞെട്ടിച്ച്, സംസ്ഥാനത്തെ 318 ബൂത്തുകളില്‍ എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്ക് ഒരു വോട്ടു പോലുമില്ലെന്ന വാര്‍ത്തയും പുറത്തു വന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ 65000ല്‍ പരം വോട്ടു നേടിയ മഞ്ചേശ്വരത്തെ രണ്ടു ബൂത്തുള്‍പ്പെടെ 59 നിയോജക മണ്ഡലങ്ങളിലാണ് മുന്നണിയെ നാണം കെടുത്തിയ വോട്ടില്ലായ്മ. 70 മണ്ഡലങ്ങളിലായി 493 ബൂത്തുകളില്‍ എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്ക് കിട്ടിയത് വെറും ഓരോ വോട്ട് മാത്രം. ആയിരത്തിലധികം ബൂത്തുകളില്‍ മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് കിട്ടിയത് രണ്ടു മുതല്‍ അഞ്ച് വരെ വോട്ട് മാത്രമാണെന്നും തിരഞ്ഞെടുപ്പു കമ്മിഷന്‍ പുറത്തുവിട്ട കണക്ക് വ്യക്തമാക്കുന്നു.
ആയിരങ്ങളെ അണിനിരത്തി നടത്തിയ വിജയ് യാത്രയും കോടിക്കണക്കിനു രൂപ മുടക്കിയ തിരഞ്ഞെടുപ്പു പ്രചാരണവും പല മേഖലകളിലും ഒരു ചലനവുമുണ്ടാക്കിയില്ലെന്നാണ് ബിജെപിയും സഖ്യകക്ഷികളും നേടിയ വോട്ടിന്റെ കണക്കു സൂചിപ്പിക്കുന്നത്.
ബിജെപിയുടെ പ്രമുഖരും താര സ്ഥാനാര്‍ഥികളും മത്സരിച്ച മണ്ഡലങ്ങളില്‍ പോലും വോട്ടില്ലാത്ത ബൂത്തുകള്‍ ഉണ്ടായി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും ബിജെപി സ്ഥാനാര്‍ഥികള്‍ കിട്ടിയ വോട്ടിനൊപ്പം പത്തോളം മണ്ഡലങ്ങളില്‍ മാത്രമാണ് ഇത്തവണ നേടാനായതെന്നത് പാര്‍ട്ടി നേതാക്കളെയും അണികളെയും ആശങ്കയിലാക്കിയിട്ടുണ്ട്.
സംസ്ഥാന അധ്യക്ഷന്‍ മത്സരിച്ച രണ്ടാമത്തെ മണ്ഡലമായ കോന്നിയിലും രണ്ട് ബൂത്തില്‍ അദ്ദേഹത്തിന് ഒരു വോട്ടും കിട്ടിയില്ല. എം.ടി. രമേശ് മത്സരിച്ച കോഴിക്കോട് നോര്‍ത്തിലെ ഒരു ബൂത്തില്‍ ആരും അദ്ദേഹത്തിന് വോട്ടു ചെയ്തില്ല.
ഏറെ ശ്രദ്ധേയനായ സിനിമാ താരം കൃഷ്ണകുമാര്‍ മത്സരിച്ച തിരുവനന്തപുരത്തെ എട്ട് ബൂത്തുകളില്‍ അദ്ദേഹത്തിന് ഒരു വോട്ട് പോലുമില്ല. മൊത്തം മുപ്പത്തയ്യായിരത്തോളം വോട്ട് നേടിയപ്പോഴും അഞ്ചിടത്ത് ഓരോ വോട്ടു മാത്രം. മറ്റ് 19 ബൂത്തില്‍ അഞ്ചില്‍ താഴെ വോട്ടും മാത്രമാണ് കൃഷ്ണകുമാറിന് നേടാനായത്.ഇവയെല്ലാം തീരദേശ ബൂത്തുകളാണ്.
പാലക്കാട്, നേമം, കഴക്കൂട്ടം മണ്ഡലങ്ങളില്‍ ഒട്ടേറെ ബൂത്തുകളില്‍ വിരലിലെണ്ണാവുന്ന വോട്ടാണ് പ്രമുഖരായ സ്ഥാനാര്‍ഥികളായിട്ടും കിട്ടിയത്. ഏറ്റവുമധികം വോട്ടില്ലാ ബൂത്തുകളും ഒറ്റ വോട്ട് ബൂത്തുകളും മലപ്പുറം ജില്ലയിലാണ്. അവിടെ നിലമ്പൂര്‍ ഒഴികെ 15 മണ്ഡലത്തിലും ഇത്തരം ബൂത്തുകളുണ്ട്. കോഴിക്കോട് ജില്ലയില്‍ ഒന്‍പതും കണ്ണൂര്‍ ജില്ലയില്‍ ഏഴും മണ്ഡലങ്ങളില്‍ വോട്ടില്ലാ ബൂത്തുണ്ട്.
ബിജെപി 50000 ല്‍ അധികം വോട്ടു നേടിയ കാസര്‍കോട്ട് 10 ബൂത്തില്‍ വോട്ട് നേടാനായില്ല. എട്ടിടത്ത് ഓരോ വോട്ടും ഏഴിടത്ത് രണ്ട് വോട്ട് വീതവുമാണ് കിട്ടിയത്. ഉദുമയില്‍ മൂന്നു ബൂത്തില്‍ മാത്രം വോട്ടില്ല. മൂന്നിടത്ത് ഓരോ വോട്ടുണ്ട്. അതേസമയം,ഇടതു കോട്ടയായ തൃക്കരിപ്പൂരും കാഞ്ഞങ്ങാട്ടും എല്ലാ ബൂത്തിലും ഒന്നിലധികം വോട്ടു നേടാന്‍ ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് കഴിഞ്ഞു.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha


























