തിരുവനന്തപുരം ജില്ലയിൽ നാളെ വാക്സിനേഷൻ ഉണ്ടാകില്ല; കനത്തമഴയെത്തുടർന്ന് ജില്ലയിൽ റെഡ് അലേർട്ട്, ബുക്ക് ചെയ്തവര്‍ക്ക് ശനിയാഴ്ച വാക്സിന്‍ നല്‍കുന്നതില്‍ പരിഗണന

തിരുവനന്തപുരത്ത് കനത്ത മഴയുടെ പശ്ചാത്തലത്തില്‍ നാളെ (വെള്ളി) നടത്തുമെന്നറിയിച്ച വാക്‌സിനേഷന്‍ ഉണ്ടാവില്ലെന്ന് തിരുവനന്തപുരം ജില്ലാ കലക്ടര്‍ അറിയിച്ചു. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് തീരുമാനം. ബുക്ക് ചെയ്തവര്‍ക്ക് ശനിയാഴ്ച വാക്സിന്‍ നല്‍കുന്നതില്‍ പരിഗണന നല്‍കും.
അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിന്റെ ഭാഗമായി തിരുവനന്തപുരം അടക്കം കേരളത്തിലെ മൂന്ന് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.
നാളെ തിരുവനന്തപുരത്തിന് പുറമെ കൊല്ലം, പത്തനംതിട്ട ജില്ലകളിലും മെയ് 15 ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളിലുമാണ് റെഡ് അലര്‍ട്ട്. അതിതീവ്ര മഴ പ്രവചിക്കുന്നതിനാല്‍ എല്ലാവിധ തയ്യാറെടുപ്പുകളും യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കി അതീവ ജാഗ്രത പാലിക്കാന്‍ പൊതുജനങ്ങളോടും സര്‍ക്കാര്‍ സംവിധാനങ്ങളോടും നിർദേശം നല്കിയിരിക്കുകയാണ്.
അതേസമയം, ന്യൂനമര്‍ദത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയുടെ തീരപ്രദേശത്തുനിന്ന് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കടലില്‍ പോകുന്നത് നിരോധിച്ചിരിക്കുകയാണ്. തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണം. മത്സ്യബന്ധനോപാധികള്‍ സുരക്ഷിതമായി വയ്ക്കണമെന്ന് അറിയിച്ചു.
അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ സുരക്ഷയെ മുന്‍കരുതി മാറി താമസിക്കാന്‍ തയാറാകണം. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളില്‍ ജാഗ്രത പുലര്‍ത്തണം.
സ്വകാര്യ-പൊതു ഇടങ്ങളില്‍ അപകടവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍, പോസ്റ്റുകള്‍, ബോര്‍ഡുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കണം. മരങ്ങള്‍ കോതി ഒതുക്കണം. അപകടാവസ്ഥകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ അധികൃതരെ അറിയിക്കണം.
മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര പൂര്‍ണമായി ഒഴിവാക്കണം. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല.
ജലാശയങ്ങള്‍ക്കു മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്‍ഫിയെടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യാന്‍ പാടില്ല. അണക്കെട്ടുകളില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുന്നില്‍ക്കണ്ട് അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവര്‍ ആവശ്യമായ തയാറെടുപ്പുകള്‍ നടത്തുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ആവശ്യമെങ്കില്‍ മാറിത്താമസിക്കുകയും വേണം.
ജില്ലയില്‍ ആളുകളെ മാറ്റി താമസിപ്പിക്കേണ്ട സാഹചര്യമുണ്ടായാല്‍ ക്യാംപുകള്‍ തുറക്കാന്‍ കെട്ടിടങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നു കളക്ടര്‍ പറഞ്ഞു. എല്ലാ കോവിഡ് മാര്‍ഗനിര്‍ദേശങ്ങളും പാലിച്ചാകും ക്യാംപുകള്‍ തുറക്കുക. കോവിഡ് പോസിറ്റിവ് ആയവരെ മാറ്റേണ്ട സാഹചര്യമുണ്ടായാല്‍ ഡൊമിസിലിയറി കെയര്‍ സെന്ററുകളില്‍ സൗകര്യമൊരുക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























